മഹാരാഷ്ട്രയില്‍ ഗഡ്കരി മുഖ്യമന്ത്രിയാവാന്‍ സാധ്യത

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിപദം ഏറ്റെടുക്കാന്‍ കേന്ദ്രമന്ത്രിയും ബിജെപി മുന്‍ ദേശീയ അധ്യക്ഷനുമായ നിതിന്‍ ഗഡ്കരിക്കു മേല്‍ സമ്മര്‍ദം. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സുധീര്‍ മുന്‍ഗന്‍തിവാറാണ് ഗഡ്കരിയെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് പരസ്യമായി രംഗത്ത് എത്തിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പേരാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഇതുവരെ ഒന്നാമതായി പരിഗണിക്കപ്പെട്ടിരുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്കു മല്‍സരിച്ചു മികച്ച വിജയത്തോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ചു ചിത്രം ഇതുവരെ വ്യക്തമായിട്ടില്ല. കേവലഭൂരിപക്ഷത്തിന് 23 സീറ്റിന്റെ കുറവാണുള്ളത്. തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പു സഖ്യംപിരിഞ്ഞ ശിവസേനയുമായിയുള്ള വിലപേശലിന്റെ ഭാഗമായി സര്‍ക്കാര്‍ രൂപീകരണം ബിജെപി നീട്ടിക്കൊണ്ടുപോവുകയാണ്. ഇതിന്റെ ആടിസ്ഥാനത്തിലാണ് നിയമസഭാകക്ഷി യോഗം വിളിച്ചു നേതാവിനെ തിരഞ്ഞെടുക്കുന്നതു ദീപാവലിക്കു ശേഷം മതിയെന്നു കേന്ദ്ര നേതൃത്വം തീരുമാനിച്ചത്.
ശിവസേനയുമായുള്ള സഖ്യം പുനഃസ്ഥാപിച്ചു കൂട്ടുകക്ഷി സര്‍ക്കാരുണ്ടാക്കുകയാണെങ്കില്‍ ബിജെപിക്കു ശക്തനായ മുഖ്യമന്ത്രി വേണമെന്നും ഗഡ്കരി രംഗത്തിറങ്ങണമെന്നുമാണ് കേന്ദ്രനേതൃത്വം ആലോചിക്കുന്നത്. കഴിഞ്ഞ ദിവസം വിദര്‍ഭ മേഖലയില്‍നിന്നുള്ള 40 ബിജെപി എംഎല്‍എമാര്‍ ഗഡ്കരിയുടെ വീട്ടില്‍ യോഗം ചേര്‍ന്ന് അദ്ദേഹത്തോട് മുഖ്യമന്ത്രിപദം ഏറ്റെടുക്കാന്‍ അഭ്യര്‍ഥിച്ചിട്ടുമുണ്ട്.
മുഖ്യമന്ത്രിപദം ഏറ്റെടുക്കണമെന്നു കഴിഞ്ഞദിവസത്തെ കൂടിക്കാഴ്ചയില്‍ ഗഡ്കരിയോട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കേന്ദ്രമന്ത്രിസഭയില്‍ തുടരാനാണ് തനിക്ക് താല്‍പര്യംമെന്ന് ഗഡ്കരി അറിയിച്ചു. ഇതുസംബന്ധിച്ച് ആര്‍എസ്എസ് നേതാക്കളുമായും ബിജെപി കൂടിയാലോചനകള്‍ നടത്തുന്നുണ്ട്. ഇതേസമയം, ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കരുതെന്നും മുതിര്‍ന്ന നേതാവായ മുന്‍ഗന്‍തിവാറിനെ പരിഗണിക്കണമെന്നുമാണ് ഗഡ്കരിയുടെ നിലപാട്.
https://www.facebook.com/Malayalivartha

























