ഐപിഎല്‍ കോഴ : മുഗ്ദല്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ മെയ്യപ്പനെതിരെ പരാമര്‍ശമെന്ന് സൂചന

ഐ.പി.എല്‍ കോഴ അന്വേഷിച്ച മുഗ്ദുല്‍ കമ്മറ്റിയുടെ അന്തിമ റിപ്പോര്‍ട്ട് നവംബര്‍ ആദ്യവാരം സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെ എന്‍. ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്ന് സൂചന. ബി.സി.സി.ഐ മുന്‍ പ്രസിഡന്റും ചെന്നൈ ടീം ഉടമയുമായ ശ്രീനിവാസന്റെ മരുമകന്‍ കൂടിയായ ഗുരുനാഥ് മെയ്യപ്പനെതിരെ തുടക്കം മുതല്‍ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.
വരുന്ന ആഴ്ച സുപ്രീം കോടതിയിലാണ് മുഗ്ദുല്‍ കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ഈ വര്‍ഷം ആദ്യം മുദ്രവച്ച കവറില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രമുഖരായ 12 താരങ്ങളുടെയും ചില ഐ.പി.എല്‍ ഒഫീഷ്യല്‍സിന്റെയും പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഐ.പി.എല്‍ കോഴയില്‍ മെയ്യപ്പന്റെ പങ്ക് സംബന്ധിച്ച് മുഗ്ദുല്‍ കമ്മറ്റിക്ക് വ്യക്തമായ തെളിവുകള്‍ ലഭിച്ചതായാണ് സൂചന. മെയ്യപ്പനും കോഴ ആരോപണത്തില്‍ ഉള്‍പ്പെട്ട വിന്ദു ധാരാ സിംങും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പ്പെടെ അന്വേഷണ സംഘം പരിശോധിച്ചു.
കഴിഞ്ഞ ഐ.പി.എല്‍ സീസണിലാണ് കോഴ വിവാദം ഉണ്ടായത്. ഇതേതുടര്‍ന്ന് മലയാളി താരം ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് വിവാദം അന്വേഷിക്കാന്‍ മുഗ്ദുല്‍ കമ്മറ്റിയെ നിയോഗിക്കുകയായിരുന്നു. കമ്മറ്റിയുടെ അന്തിമ റിപ്പോര്‍ട്ടില്‍ മെയ്യപ്പന്റെ പേരും പരാമര്‍ശിക്കപ്പെട്ടാല്‍ ചെന്നൈ ടീമിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടും. കോഴ വിവാദത്തില്‍പ്പെട്ട ടീമുകളുടെ ഫ്രാഞ്ചസി റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























