സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ ബംഗാള്‍-കേരളം തര്‍ക്കം

സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ ബംഗാള്‍-കേരളം തര്‍ക്കം. കരാട്ട് അവതരിപ്പിച്ച കരട് നയരേഖയെ അനുകൂലിച്ച് കേരളവും യെച്ചൂരിയുടെ ബദല്‍ നിര്‍ദ്ദേശങ്ങളോട് യോചിച്ച് ബംഗാളും രംഗത്ത് വന്നതോടെ സിപിഎം കേന്ദ്രകമ്മിറ്റിയില്‍ അംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായി. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ സീതാറാം യെച്ചൂരിയുടെ ബദല്‍ നിര്‍ദ്ദേശങ്ങളോട് പൂര്‍ണമായി യോജിക്കാതെ കേരള നേതാക്കള്‍ സംസാരിച്ചു. അതേസമയം ബംഗാള്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ നേതാക്കള്‍ യെച്ചൂരിയെ പിന്തുണച്ചു.
പ്രകാശ് കാരാട്ടിനെ പരോക്ഷമായി വിമര്‍ശിക്കുന്ന സീതാറാം യെച്ചൂരിയുടെ ബദല്‍ നിര്‍ദ്ദേശങ്ങളെ അനുകൂലിക്കാതെ പോളിറ്റ് ബ്യൂറോ എടുത്ത തീരുമാനത്തിനൊപ്പം നില്‍ക്കാനാണ് യോഗത്തില്‍ സംസാരിച്ച കേരള നേതാക്കള്‍ ശ്രമിച്ചത്. അതേസമയം യെച്ചൂരി മുന്നോട്ടുവച്ച അഭിപ്രായങ്ങളില്‍ ചിലത് പരിഗണിക്കപ്പെടേണ്ടതാണെന്ന അഭിപ്രായവും കേരളത്തില്‍ നിന്നുള്ള ഒരു നേതാവ് പറഞ്ഞു. പി.കരുണാകരന്‍, ഇ പി ജയരാജന്‍, എ വിജയരാഘവന്‍ എന്നിവരാണ് ഇതുവരെ നടന്ന ചര്‍ച്ചയില്‍ കേരളത്തെ പ്രതിനിധീകരിച്ച് സംസാരിച്ചത്. തോമസ് ഐസക് ഉള്‍പ്പടെ കേരളത്തില്‍ നിന്നുള്ള മറ്റുനേതാക്കള്‍ ഇനി സംസാരിക്കാനുണ്ട്. യോഗത്തിന്റെ അവസാന ദിവസം വി എസ് അച്യുതാനന്ദനും സംസാരിച്ചേക്കും. വി എസും തോമസ് ഐസക്കും യെച്ചൂരിയെ അനുകൂലിക്കാനാണ് സാധ്യത.
യെച്ചൂരി മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ എന്തായാലും കേന്ദ്ര നേതൃത്വത്തിലെ ചേരിതിരിവാണ് പ്രകടമാക്കുന്നത്.യെച്ചൂരിയുടെ നിലപാടിന് കൂടുതല്‍ പിന്തുണ കേന്ദ്ര കമ്മിറ്റിയില്‍ ഉണ്ടായാല്‍ നിലവില്‍ പോളിറ്റ് ബ്യൂറോ തയ്യാറാക്കിയ കരട് രേഖയില്‍ അതിനനുസരിച്ച മാറ്റങ്ങള്‍ വരുത്തേണ്ടിവരും. എന്തായാലും ഏറെ നിര്‍ണായകഘട്ടത്തിലൂടെയാണ് കേന്ദ്ര കമ്മിറ്റിയിലെ ചര്‍ച്ചകള്‍ മുന്നോട്ടുപോകുന്നത്. കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം തയ്യാറാക്കുന്ന കരട് നയരേഖ പിന്നീട് പാര്‍ടി കീഴ്ഘടകങ്ങള്‍ക്ക് ചര്‍ച്ചകള്‍ക്കായി അയച്ചുകൊടുക്കും.
https://www.facebook.com/Malayalivartha

























