അന്ത്യശാസനം ഏറ്റു : 627 കള്ളപ്പണക്കാരുടെ പേരുകള്‍ കേന്ദ്രം സുപ്രീംകോടതിക്ക് കൈമാറി

വിദേശബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ള 627 പേരുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. മുദ്രവെച്ച കവറില്‍ മൂന്ന് സെറ്റ് രേഖകളായാണ് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി പേരുകള്‍ സമര്‍പ്പിച്ചത്. ഇതില്‍ ഒന്ന് കള്ളപ്പണക്കാരുടെ പേരുകളും മറ്റൊന്ന് അവരുടെ അക്കൗണ്ട് സംബന്ധിച്ച വിശദവിവരങ്ങളും മൂന്നാമത്തേത് പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ടുമാണ്.
അന്വേഷണത്തെ ബാധിക്കും എന്നതിനാല്‍ പട്ടികയിലെ പേരുകള്‍ പുറത്തുവിടരുതെന്നും കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് സി.ബി.ഐ. അന്വേഷണം നടത്തുന്നതിനോട് എതിര്‍പ്പില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.
ജര്‍മനി, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണക്കാരുടെ വിവരങ്ങള്‍ പ്രത്യേക കരാര്‍ ഉണ്ടാക്കിയ ശേഷമാണ് ലഭിച്ചത്. പേരുകള്‍ പുറത്തായാല്‍ മറ്റ് രാജ്യങ്ങള്‍ കള്ളപ്പണക്കാരുടെ വിവരങ്ങള്‍ തരാന്‍ മടിക്കുമെന്നും എജി കോടതിയെ അറിയിച്ചു. എന്നാല്‍ കേസില്‍ കോടതിയുടെ തീരുമാനം അറിയിച്ചിട്ടില്ല.
വിദേശ രാജ്യങ്ങളില്‍ കള്ളപ്പണ നിക്ഷേപമുള്ള എല്ലാ ഇന്ത്യക്കാരുടെയും പേരു വിവരങ്ങള്‍ നല്‍കാന്‍ ചൊവ്വാഴ്ചയാണ് കോടതി ഉത്തരവിട്ടത്. കള്ളപ്പണക്കാരെ കേന്ദ്രസര്‍ക്കാര്‍ എന്തിനാണ് സംരക്ഷിക്കുന്നതെന്നു ചോദിച്ച കോടതി, വിദേശ ബാങ്കുകളില്‍ നിക്ഷേപമുള്ളവരുടെ പേരുകള്‍ വെളിപ്പെടുത്തണമെന്ന മുന്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യം തള്ളിക്കളയുകയായിരുന്നു.
എന്നാല്‍, വിദേശസര്‍ക്കാറുകളില്‍നിന്ന് ലഭിച്ച അക്കൗണ്ടുകളെക്കുറിച്ച് ആദായനികുതിവകുപ്പ് അന്വേഷണം നടത്തുകയാണെന്നും വെട്ടിപ്പ് കണ്ടെത്തുന്ന മുറയ്ക്ക് പേരുകള്‍ വെളിപ്പെടുത്തുമെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു. സര്‍ക്കാറിന്റെ അന്വേഷണം ജീവിതകാലത്ത് തീരില്ലെന്ന് പരിഹസിച്ച കോടതി, അക്കാര്യത്തില്‍ സര്‍ക്കാര്‍ മെനക്കെടേണ്ടതില്ലെന്നും പറഞ്ഞു. പേരുകള്‍ വെളിപ്പെടുത്തണമെന്ന ഉത്തരവ് തുറന്ന കോടതിയിലാണ് പറഞ്ഞത്. പേരുകളുടെ രഹസ്യാത്മകത സൂക്ഷിക്കാന്‍ കോടതിക്കറിയാമെന്നും ചീഫ് ജസ്റ്റിസ് എച്ച്. എല്‍. ദത്തു പറഞ്ഞു. പ്രത്യേകാന്വേഷണ സംഘവുമായും കോടതിയുമായും സഹകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























