ഐസിസി വനിതാ ഏകദിന റാങ്കിംഗില്‍ ഇന്ത്യയുടെ സ്മൃതി മന്ഥാനയ്ക്ക് ഒന്നാം സ്ഥാനം

ഐസിസി വനിതാ ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ഥാന ഒന്നാം സ്ഥാനത്തെത്തി. മൂന്നു സ്ഥാനങ്ങള്‍ മുന്നോട്ടുകയറിയാണ് സ്മൃതിയുടെ നേട്ടം. ഓസ്ട്രേലിയന്‍ താരങ്ങളായ എല്ലിസ് പെറിയും മെഗ് ലാനിംഗുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഇത് ആദ്യമായാണ് സ്മൃതി ഒന്നാം റാങ്കിലെത്തുന്നത്.
ന്യൂസിലന്‍ഡിനെതിരായ പരന്പരയിലെ തകര്‍പ്പന്‍ പ്രകടനമാണ് സ്മൃതിയെ മുന്നിലെത്തിച്ചത്. പരന്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ചുറിയും രണ്ടാം മത്സരത്തില്‍ പുറത്താകാതെ 90 റണ്‍സും താരം അടിച്ചുകൂട്ടി. മൂന്നു മത്സര പരന്പര 2-1-ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഏകദിനത്തില്‍ മികച്ച ഫോമില്‍ കളിക്കുന്ന സ്മൃതി 2018 ജനുവരി മുതല്‍ കളിച്ച 15 മത്സരങ്ങളില്‍നിന്ന് രണ്ട് സെഞ്ചുറികളും എട്ട് അര്‍ധ സെഞ്ചുറികളും സ്വന്തമാക്കി.
മറ്റൊരു ഇന്ത്യന്‍ താരം മിതാലി രാജ് ഒരു സ്ഥാനം നഷ്ടപ്പെട്ട് റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തേക്കു താഴ്ന്നു. ബൗളിംഗില്‍ ഇന്ത്യയുടെ പൂനം യാദവ്, ദീപ്തി ശര്‍മ എന്നിവര്‍ യഥാക്രമം എട്ട്, ഒന്‍പത് സ്ഥാനങ്ങളിലാണ്.
https://www.facebook.com/Malayalivartha
























