'മോദിയുടെ 100 തെറ്റുകള്‍; ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കൊഴുക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്സ്

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കൊഴുക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്സ്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മോദിയുടെ 100 തെറ്റുകള്‍ എന്ന പേരില്‍ കാര്‍ട്ടൂണ്‍ ബുക്ക് പുറത്തിറക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ബുക്ക് മുംബെെയില്‍ പ്രകാശനം ചെയ്യാനും തീരുമാനമായിട്ടുണ്ട്.
പ്രചാരണങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് മോദിയും രാഹുല്‍ ഗാന്ധിയും പരസ്പരം ഉന്നയിക്കുന്നത്. കോണ്‍ഗ്രസ് രാജ്യത്ത് നിലനില്‍ക്കുന്നിടത്തോളം കാലം ദാരിദ്ര്യം തുടച്ച് നീക്കാനാവില്ലെന്നും മോദി ആരോപിച്ചു. കുറഞ്ഞ വരുമാനം ഉറപ്പാക്കുന്നതിനുള്ള കോണ്‍ഗ്രസിന്റെ 'ന്യായ് പദ്ധതി' ദാരിദ്ര്യം തുടച്ചുനീക്കുന്നതിനുള്ള മിന്നാലാക്രമണമാണെന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് എതിരെയാണ് മോദിയുടെ മറുപടി.'കോണ്‍ഗ്രസിനെ രാജ്യത്തു നിന്നും തുടച്ചു നീക്കിയാല്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തി നേടാമെന്നാണ് ഇപ്പോള്‍ പാവപ്പെട്ട ജനങ്ങള്‍ പറയുന്നത്. രാജ്യത്തിന്റെ ഏതെങ്കിലും കോണില്‍ കോണ്‍ഗ്രസ് നിലകൊള്ളുകയാണെങ്കില്‍ ദാരിദ്രവും നിലനില്‍ക്കും എന്നും മോദി പറഞ്ഞു.
മിഷന്‍ ശക്തി പ്രചാരണായുധമാക്കിയും രാഹുല്‍ ഗാന്ധിയെ പരിഹസിച്ചും നരേന്ദ്ര മോദി രംഗത്ത് വന്നു. രാജ്യത്ത് ശക്തമായ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിക്ക് മാത്രമേ കഴിയുകയുള്ളുവെന്നും മിഷന്‍ ശക്തിയെക്കുറിച്ച് മനസ്സിലാക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ബുദ്ധിയില്ലെന്നും മോദി കളിയാക്കി.
കൃത്രിമോപഗ്രഹങ്ങളെ നശിപ്പിക്കാന്‍ കഴിയുന്ന മിസൈലിന്റെ പരീക്ഷണ വിജയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പി എങ്ങനെ ഉപയോഗിക്കുമെന്നതിന്‍റെ വ്യക്തമായ സൂചനയാണ് ഉത്തര്‍പ്രദേശിലെ മീററ്റില്‍ മോദി നടത്തിയ പ്രസംഗം. മിഷന്‍ ശക്തി തന്റെ ധീരമായ തീരുമാനത്തിന്റെ ഫലമാണെന്നും എ സാറ്റ് എന്ന് കേള്‍ക്കുമ്പോള്‍ നാടകത്തിലെ സെറ്റെന്ന് മനസ്സിലാക്കിയവര്‍ക്ക് ബുദ്ധിയില്ലെന്നും മോദി. മിഷന്‍ ശക്തിയുടെ വിജയം പ്രഖ്യാപിക്കാന്‍ രാജ്യത്തെ അഭിസംബോധന ചെയ്ത മോദിക്ക് നാടകദിനാശംസ നേര്‍ന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























