കെഎസ്ആർടിസി ബസ് ഫ്ലൈ ഓവറിൽ നിന്ന് താഴേക്ക് വീണ് 23 പേർക്ക് പരിക്കേറ്റു

കെഎസ്ആർടിസി ബസ് ഫ്ലൈ ഓവറിൽ നിന്ന് താഴേക്ക് വീണ് 23 യാത്രക്കാർക്ക് പരിക്കേറ്റു. ഒരു യാത്രക്കാരന്റെയും കണ്ടക്ടറുടെയും നില ഗുരുതരമാണ്. പത്തനംതിട്ടയിൽ നിന്ന് ബെംഗലൂരുവിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. കെഎസ്ആർടിസി സ്‌കാനിയ ബസ് തിരുപ്പൂരിൽ വെച്ചാണ് അപകടത്തിൽപ്പെട്ടത് . ബസ്സ് ഫ്ലൈ ഓവറിൽ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു.
പുലർച്ചെ രണ്ടു മണിയോടെയാണ് അപകടം ഉണ്ടായതെന്ന് പാലക്കാട് എടിഒ അറിയിച്ചു. ഡ്രൈവർ ഉറങ്ങിപോയതാണോ ബസ്സിന്റെ നിയന്ത്രണം പോകാൻ കാരണമായത് എന്നതിൽ വ്യക്തതയില്ല.
അപകടത്തിൽ 23 പേർക്ക് പരിക്കേറ്റു. 30 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
പരിക്കേറ്റവരെ തിരുപ്പൂരിന് സമീപമുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബസിലെ പത്തനംതിട്ട സ്വദേശിയായ ഒരു യാത്രക്കാരന്റെ പരുക്ക് ഗുരുതരമാണ് .
ബസ് കണ്ടക്ടർക്കും സാരമായ പരിക്കുണ്ട് . കണ്ടക്ടർ ജോബി കെ കോശിയെ കോയമ്പത്തൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സ്ഥിതിഗതികൾ വിലയിരുത്താനായി പാലക്കാട് നിന്നുള്ള കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെ സംഘം തിരുപ്പൂരിലേക്ക് തിരിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സാസൗകര്യം ഒരുക്കുമെന്ന് ഗതാഗതമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























