നരേന്ദ്ര മോദിയുടെ അഞ്ച് വർഷങ്ങൾ തന്നെ അദ്ദേഹത്തിന് പുറത്തേക്കുള്ള വഴി തുറക്കും; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുനേരെ ആഞ്ഞടിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുനേരെ ആഞ്ഞടിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. നരേന്ദ്ര മോദിയുടെ അഞ്ച് വർഷങ്ങൾ തന്നെ അദ്ദേഹത്തിന് പുറത്തേക്കുള്ള വഴി തുറക്കുമെന്ന് മൻമോഹൻ സിംഗ് ആഞ്ഞടിച്ചു . മോദി ഭരിച്ച അഞ്ച് വർഷങ്ങൾ ഇന്ത്യയിലെ യുവാക്കൾക്കും കർഷകർക്കും വ്യാപാരികൾക്കും ഓരോ ജനാധിപത്യ സ്ഥാപനങ്ങൾക്കും ക്ലേശകരമായിരുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് മൻമോഹൻ സിംഗിന്റെ പരാമർശം.
രാജ്യത്ത് മോദി അനുകൂല തരംഗമുണ്ടെന്ന വാദം അദ്ദേഹം നിഷേധിച്ചു. മോദിയെ വോട്ട് ചെയ്ത് പുറത്താക്കണമെന്നാണ് ജനങ്ങളുടെ മനസിലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷം ദുർഗന്ധം വമിക്കുന്ന അഴിമതിയായിരുന്നു രാജ്യത്തുണ്ടായിരുന്നത്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായിരുന്നു നോട്ട് നിരോധനമെന്നും മൻമോഹൻ സിംഗ് വ്യക്തമാക്കി.
പാകിസ്ഥാൻ ക്ഷണിക്കാതെ തന്നെ മോദി പാകിസ്ഥാനിലേക്ക് പോയി ഐഎസ്ഐയെ പത്താൻകോട്ട് ആക്രമണത്തിന് ക്ഷണിച്ച് കൊണ്ടുവരികയായിരുന്നു- മൻമോഹൻ സിംഗ് പറഞ്ഞു. മോദി ഭരണത്തിൽ നിന്നിറങ്ങുമ്പോൾ ഏറ്റവും മോശമായ അവസ്ഥയിലാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ. പുൽവാമ ഭീകരാക്രമണത്തിൽ 40 ജവാന്മാർ വീരമൃത്യു വരിച്ചപ്പോൾ സുരക്ഷ ശക്തമാക്കുന്നതിന് അടിയന്തര യോഗം ചേരുന്നതിന് പകരം മോദി ജിംകോർബറ്റ് നാഷണൽ പാർക്കിൽ പരസ്യ ചിത്രീകരണം നടത്തുകയായിരുന്നു.
ഒരു കള്ളം നൂറ് തവണ ആവർത്തിച്ചാലും അത് സത്യമാകില്ല. അതാണ് ദേശീയതയുടെ കാര്യത്തിൽ മോദി ചെയ്തു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കശ്മീരിൽ മാത്രം ഭീകരാക്രമണങ്ങളിൽ 176 ശതമാനം വർധനയാണുണ്ടായത്. വെടിനിർത്തൽ കരാർ ലംഘനം 1000 ശതമാനം വർധിച്ചു. രാജ്യത്തിൻറെ വളർച്ചയ്ക്ക് വേണ്ടിയല്ല മോദി സർക്കാർ പ്രവർത്തിച്ചതെന്നും അവരുടെ നിലനിൽപ്പിനു വേണ്ടിയാണ് ശ്രമിച്ചതെന്നും മൻമോഹൻ സിംഗ് പറഞ്ഞു.
https://www.facebook.com/Malayalivartha