മോദി മന്ത്രിസഭയിലെ താരം അമിത്ഷാ; നിയമന കമ്മിറ്റിയടക്കം എട്ട് മന്ത്രിസഭാ സമിതികള്‍ കേന്ദ്രസര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു

നിയമന കമ്മിറ്റിയടക്കം എട്ട് മന്ത്രിസഭാ സമിതികള്‍ കേന്ദ്രസര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ആറ് സമിതികളിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ സമിതികളിലും സ്ഥാനംപിടിച്ചു. സുരക്ഷ, സാമ്പത്തികം, രാഷ്ട്രീയകാര്യം, നിക്ഷേപം-വളര്‍ച്ച തുടങ്ങി എട്ട് മന്ത്രിസഭാ സമിതികളാണ് പുനഃസംഘടിപ്പിച്ചത്.
പാര്‍ലമെന്ററി കാര്യത്തിനും സര്‍ക്കാര്‍ വീടുകള്‍ അനുവദിക്കുന്നതിനുമുള്ള സമിതികളിലാണ് അമിത് ഷായെ അദ്ധ്യക്ഷനാക്കിയത്. പ്രധാനമന്ത്രി ഉള്‍പ്പെട്ട ആറു സമിതികളിലും ആഭ്യന്തരമന്ത്രി അമിത് ഷായും ഉള്‍പ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയില്ലാത്ത സമിതികളില്‍ അമിത് ഷായാണ് അധ്യക്ഷന്‍.
മന്ത്രിമാരെ നിയന്ത്രിക്കുന്നതും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതുമെല്ലാം അമിത് ഷായാണ്. വ്യക്തമായ തീരുമാനങ്ങളാണ് അമിത് ഷായ്ക്കുള്ളത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കാശ്മീരില്‍ ചുവട് അതിശക്തമാക്കുകയാണ് പ്രധാന ലക്ഷ്യം. ഈ സാഹചര്യത്തിലാണ് കാശ്മീരിലെ മണ്ഡല പുനര്‍നിര്‍ണ്ണയം പോലുള്ള വിഷയങ്ങള്‍ അമിത് ഷാ ചര്‍ച്ചയിലേക്ക് കൊണ്ടു വന്നത്. കേന്ദ്ര ബജറ്റിലും പ്രതിരോധ തീരുമാനങ്ങളിലുമെല്ലാം ഇനി അമിത് ഷായുടെ മനസ്സ് തന്നെയാകും നിര്‍ണ്ണായകമാകുക.
പ്രധാനമന്ത്രി അധ്യക്ഷനായ സുരക്ഷാ സമിതിയില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ധനമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരാണ് അംഗങ്ങള്‍. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കും. പാര്‍ലമെന്‍ററികാര്യ സമിതിയില്‍ സഹമന്ത്രി വി മുരളീധരന്‍ പ്രത്യേക ക്ഷണിതാവാണ്.
രാഷ്ട്രീയകാര്യ സമിതിയില്‍ ഘടകകക്ഷികളില്‍ നിന്നുള്ള മന്ത്രിമാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അക്കമഡേഷന്‍, പാര്‍ലമെന്ററി കാര്യം എന്നി വിഭാഗങ്ങളിലെ കമ്മിറ്റികളിലാണ് മോദിയില്ലാത്തത്. നയപരിപാടികൾ നിശ്ചയിക്കുന്ന രാഷ്ട്രീയകാര്യങ്ങൾക്കായുള്ള സമിതിയിൽ രാജ് നാഥ് സിങ്ങ് ഇല്ലെന്നുള്ളതും ശ്രദ്ധേയമാണ്. നിർമല സീതാരാമൻ ആറ് സമിതികളിലും ഇടം പിടിച്ചു.
https://www.facebook.com/Malayalivartha

























