വ്യോമസേനാ വിമാനം കാണാതായ സമയത്ത് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ ഉണ്ടായിരുന്നത് വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റിന്റെ ഭാര്യ!

കാണാതായ എയര്‍ഫോഴ്സ് വിമാനത്തെ കുറിച്ച് ഇതുവരെയും വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. വിമാനം നിയന്ത്രിച്ചിരുന്ന ആശിഷ് തന്‍വിറിന്റെ ഭാര്യ സന്ധ്യയാണ് വിമാനം കാണാതാകുന്ന സമയം അസമിലെ ജോര്‍ഹാതിലെ എയര്‍ ട്രാഫിക് കണ്‍ട്രോളിലുണ്ടായിരുന്നത് എന്നതിനാല്‍ വിമാനം കാണാതാവുന്നതിന് മുമ്പുള്ള അവസാനഗതികളെ കുറിച്ച് ഏറ്റവും നന്നായി പറയാന്‍ സാധിക്കുന്നത് അവര്‍ക്കായിരിക്കും.
അരുണാചല്‍ പ്രദേശിലെ മേചുകയെ ലക്ഷ്യമാക്കി 12.55-നാണ് വിമാനം പറന്നുയര്‍ന്നത്. വിമാനവുമായുള്ള ബന്ധം എയര്‍ ട്രാഫിക് കണ്‍ട്രോളിന് നഷ്ടപ്പെട്ടത് ഒരു മണിയോടെയാണ്. ഇതിന് ശേഷം ഒരു മണിക്കൂര്‍ കൂടി കഴിഞ്ഞാണ് വിവരമറിയിച്ച് സന്ധ്യയുടെ ഫോണ്‍ കോള്‍ എത്തുന്നതെന്ന് തന്‍വിറിന്റെ അമ്മാവനും വ്യോമസേനാംഗവുമായ ഉദയ് വീര്‍ സിങ് പറഞ്ഞു.
തങ്ങള്‍ കരുതിയത് വിമാനം എവിടെയെങ്കിലും അടിയന്തിര ലാന്‍ഡിംഗ് നടത്തി കാണും എന്നാണ്. ചൈനയുടെ പ്രദേശത്ത് കടന്നിരിക്കാമെന്നും കരുതി. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ത്തന്നെയും വിമാനത്തിലുണ്ടായിരുന്ന ആരെങ്കിലും ബന്ധപ്പെടേണ്ട സമയം കഴിഞ്ഞുവെന്നും ഉദയ് വീര്‍ പറഞ്ഞു. മലകളിലെവിടെയെങ്കിലും ഇടിച്ചുവീണിട്ടുണ്ടെങ്കില്‍ പ്രതീക്ഷകള്‍ക്ക് യാതൊരു വകയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഉദയ്‌വീര്‍ സിങ് അടക്കം പൈലറ്റ് ആശിഷിന്റെ പിതാവിന്റെ അഞ്ച് സഹോദരങ്ങളും സൈനികരാണ്. ആകെ ആറ് സഹോദരങ്ങളാണിവര്‍. ഇവരില്‍ ആശിഷിന്റെ പിതാവ് രാധേലാല്‍ അടക്കം മൂന്നുപേര്‍ റിട്ടയര്‍ ചെയ്തു. ഒരു സഹോദരന്‍ സ്‌കൂള്‍ നടത്തുകയാണ്.
ബിടെക് നേടിയ തന്‍വീര്‍ മൂന്ന് മാസം ഗുഡ്ഗാവില്‍ ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്തു. പിന്നീടാണ് എയര്‍ഫോഴ്സില്‍ ചേരുന്നത്. 2018-ലായിരുന്നു സന്ധ്യയുമായുള്ള വിവാഹം. സന്ധ്യയും കഴിഞ്ഞ വര്‍ഷമാണ് എയര്‍ഫോഴ്സില്‍ ചേര്‍ന്നത്. മെയ് രണ്ട് മുതല്‍ 18 വരെ ഇരുവരും പല്‍വാമയിലെ വീട്ടില്‍ ഒരുമിച്ചുണ്ടായിരുന്നു. പിന്നീട് അവധി ആഘോഷിക്കാന്‍ ബാങ്കോക്കിലേക്ക് തിരിച്ചു. മെയ് 26-വരെ ഇരുവര്‍ക്കും ലീവ് ഉണ്ടായിരുന്നു.
അതെസമയം വിമാനം കണ്ടെത്താനുള്ള ശ്രമങ്ങള്‍ സേന തുടരുകയാണ്. ഇലക്ട്രോ ഓപ്റ്റിക്കല്‍ സെന്‍സറുകള്‍, ഇന്‍ഫ്രാറെഡ് സെന്‍സറുകള്‍ തുടങ്ങിയവയുപയോഗിച്ച് തിരച്ചില്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ജോര്‍ഹാത്, മേചുക എന്നീ മേഖലകള്‍ക്കിടയില്‍ വിമാനം വീണിരിക്കാമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha


























