ഐസിസിൽ നിന്നും മടങ്ങാൻ ആഗ്രഹിച്ച് മലയാളികൾ; സിറിയയിലെത്തി ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന മലയാളികളിൽ ചിലർ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി രഹസ്യാന്വേഷണ വിഭാഗം

സിറിയയിലെത്തി ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന മലയാളികളിൽ ചിലർ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി രഹസ്യാന്വേഷണ വിഭാഗം. കാസർകോട്ടുകാരനടക്കം മൂന്ന് മലയാളികളാണ് തിരികെ വരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്യുന്നു. തൃക്കരിപ്പൂർ ഇളമ്പച്ചിയിലെ ഫിറോസ് ഉൾപ്പെടെ 3 മലയാളികൾ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് കാസർകോട് ഇളമ്പച്ചിയുള്ള ബന്ധുവിനെ ഫിറോസ് വിളിച്ചതായാണ് സൂചന. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹം ഉണ്ടെന്നും അതിനുള്ള സാഹചര്യമുണ്ടോയെന്നു ഇയാൾ അന്വേഷിച്ചതായാണ് വിവരം. ഐസിസിനെതിരെ അമേരിക്കയും സഖ്യകക്ഷികളും സെന്യത്തിന്റെ നീക്കം ശക്തമാക്കിയതോടെയാണ് തിരികെവരാനുള്ള താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ നീക്കങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുകയാണ്.
ഒരു മാസം മുൻപാണ് ഫിറോസ് നാട്ടിലേക്ക് മടങ്ങാനുള്ള താത്പര്യം പ്രകടിപ്പിച്ചത്. ഫിറോസും മറ്റ് രണ്ടുപേരും ഇപ്പോൾ സിറിയയിലാണെന്നാണ് കരുതപ്പെടുന്നത്. 2016 ജൂണിലാണ് തൃക്കരിപ്പൂർ പീസ് പബ്ലിക് സ്‌കൂൾ ജീവനക്കാരനായിരുന്ന ഫിറോസ് ഐസിസിൽ ചേരാനായി രാജ്യം വിട്ടത്. ഇതേ സ്‌കൂളിലെ തന്നെ ജീവനക്കാരനായിരുന്ന അബ്ദുൾ റാഷിദായിരുന്നു റിക്രൂട്ട്‌മെന്റിന് പിന്നിലെന്നാണ് സൂചനകൾ. അബ്ദുൾ റാഷിദ് ഏപ്രിലിൽ തന്നെ കൊല്ലപ്പെട്ടതായ വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാൽ എൻ.ഐ.എയും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ഇത് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഫിറോസിന്റെ നീക്കങ്ങൾ രഹസ്യാന്വേഷണ ഏജൻസികൾ നിരീക്ഷിച്ച് വരികയാണെന്നാണ് അറിയുന്നത്.ഫോൺ നമ്പർ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. കാസർകോട്ട് നിന്നുള്ള 19 പേരടക്കം 21 പേരാണ് ഐസിസിൽ ചേരാനായി ആദ്യം അഫ്ഗാൻ വഴി സിറിയയിലേക്ക് പോയത്. ഇതിൽ പലരും കൊല്ലപ്പെട്ടതായാണ് വിവരം പുറത്ത് വന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.
വാട്സ്ആപ്പ്, ടെലഗ്രാം ആപ്പുകളിൽ ഗ്രൂപ്പുകളുണ്ടാക്കി അതുവഴി, ആളുകളെ ഐഎസിൽ ചേരാൻ പ്രേരിപ്പിക്കുകയായിരുന്നു റാഷിദ്. ഐഎസിൽ ചേരാൻ കഴിഞ്ഞില്ലെങ്കിൽ കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ആക്രമണങ്ങൾ (ലോൺ വുൾഫ് അറ്റാക്) നടത്തണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ശബ്ദ സന്ദേശം റാഷിദ് ഗ്രുപ്പൂകളിൽ പ്രചരിപ്പിച്ചിരുന്നു. എന്നാൽ രണ്ടുമാസമായി റാഷിദിന്റെ സന്ദേശങ്ങളൊന്നും ഗ്രൂപ്പുകളിൽ കാണുന്നില്ല. മുൻപ് ഒരു തവണ കൊല്ലപ്പെട്ടെന്ന വാർത്തകൾ പ്രചരിച്ചപ്പോൾ ശബ്ദസന്ദേശം അയച്ച് റാഷിദ് അത് നിഷേധിച്ചിരുന്നുവെന്നും റഹ്മാൻ പറയുന്നു. റാഷിദ് പഠിച്ചതും വളർന്നതും ഒമാനിലാണ്. മസ്കറ്റിലെ സ്കൂൾ പഠനത്തിന് ശേഷം ബിടെക് പഠിക്കാൻ കോട്ടയം പാലായിലെത്തി.
അഫ്ഗാനിസ്താനിലെ ഖൊറോസന്‍ പ്രവിശ്യയില്‍ നിന്നുള്ള ഐ.എസ്സിന്റെ ടെലഗ്രാം സന്ദേശത്തിലാണ് റാഷിദ് അബ്ദുല്ല കൊല്ലപ്പെട്ടവിവരം വ്യക്തമാക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യു.എസ് ആക്രമണത്തില്‍ റാഷിദിനൊപ്പം ഇന്ത്യക്കാരായ മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും നാല് കുട്ടികളും കൊല്ലപ്പെട്ടതായും ടെലഗ്രാം സന്ദേശത്തില്‍ സൂചിപ്പിക്കുന്നു. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയായ റാഷിദ് അബ്ദുള്ളയാണ് മലയാളികളെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തിരുന്നതെന്ന് എന്‍.ഐ.എ നേരത്തെ കണ്ടെത്തിയിരുന്നു.
ഇതിന് മുന്‍പും റാഷിദ് അബ്ദുള്ള കൊല്ലപ്പെട്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് അയാള്‍ തന്നെ പിന്നീട് രംഗത്തെത്തുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























