അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ സംസ്‌കാരം ഇന്ന് ... നിഗം ബോധ്ഘട്ടിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക; ഡല്‍ഹിയിലെ കൈലാഷ് കോളനിയിലെ വസതിയില്‍ പൊതു ദര്‍ശനത്തിന് വെച്ചിരിക്കുന്ന മൃതദേഹത്തില്‍ സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു

അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ സംസ്‌കാരം ഇന്ന് നടക്കും. വൈകുന്നേരം നിഗം ബോധ്ഘട്ടിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ഡല്‍ഹിയിലെ കൈലാഷ് കോളനിയിലെ വസതിയില്‍ പൊതു ദര്‍ശനത്തിന് വെച്ചിരിക്കുന്ന മൃതദേഹത്തില്‍ സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. വസതിയിലെ പൊതു ദര്‍ശനത്തിന് ശേഷം രാവിലെ 11 മണിയോടെ ഭൗതിക ശരീരം ബിജെപി ആസ്ഥാനത്തേക്ക് കൊണ്ടുപോകും. രണ്ട് മണി വരെയാണ് ഇവിടെ പൊതു ദര്‍ശനം നിശ്ചയിച്ചിട്ടുള്ളത്. ഇന്നലെ ഉച്ചയോടെ ഡല്‍ഹി എയിംസില്‍വെച്ചായിരുന്നു അരുണ്‍ ജെയ്റ്റ്‌ലിയുടെ അന്ത്യം.
ഒരാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജെയ്റ്റ്‌ലിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഈ മാസം 9ാം തീയതിയാണ് ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ജയ്റ്റ്‌ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രണ്ട് വര്‍ഷത്തിലധികമായി വൃക്ക രോഗത്തിന് ചികിത്സയിലാണ് ജയ്റ്റ്‌ലി. വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കടക്കം അദ്ദേഹം വിധേയനായിരുന്നു. ആരോഗ്യനില മോശമായതിനാലാണ് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലടക്കം ജയ്റ്റ്‌ലി മത്സരിക്കാതിരുന്നത്.പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാകും രാജ്യം ജയ്റ്റ്‌ലിക്ക് യാത്രയയപ്പ് നല്‍കുക. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിമാര്‍ തുടങ്ങി പ്രതിപക്ഷത്തെ നേതാക്കളും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും.
വിദേശ സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് മടങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരിമാനിച്ചിരുന്നെങ്കിലും സന്ദര്‍ശനം തുടരണമെന്നായിരുന്നു ജയ്റ്റ്‌ലിയുടെ കുടുംബം അഭ്യര്‍ത്ഥിച്ചത്. അതിനാല്‍ മോദി സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കില്ല.
https://www.facebook.com/Malayalivartha
























