പുല്‍വാമയില്‍ വീണ്ടും തീവ്രവാദി ആക്രമണം; ഗുജ്ജര്‍ സമുദായത്തില്‍പ്പെട്ട രണ്ടുപേര്‍ കൊല്ലപ്പെട്ടു; പിന്നില്‍ ജെയ്ഷ് ഇ മുഹമ്മദെന്ന് പൊലീസ്

ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്ത് മാറ്റിയ മോദി സർക്കാരിന്റെ സുപ്രധാന നടപടിക്ക് ശേഷം വീണ്ടും കലുഷിതമായി പുല്‍വാമ. ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഗുജ്ജര്‍ വിഭാഗത്തില്‍പ്പെട്ട രണ്ടുപേര്‍ കൊല്ലപ്പെട്ടതായി പൊലീസ് റിപ്പോർട്ട് ചെയ്യുന്നു. ജെയ്ഷ് ഇ മുഹമ്മദ് ഭീകര സംഘടനയില്‍പ്പെട്ടവര്‍ ഇവരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയത്തിനു ശേഷമുള്ള ആദ്യ തീവ്രവാദി ആക്രമണമാണിതെന്നാണ് പൊലീസ് പറയുന്നത്.
അബ്ദുള്‍ ഖദീര്‍ കൊഹ്‌ലി, മന്‍സൂര്‍ അഹമ്മദ് എന്നിവരെ തിങ്കളാഴ്ച രാത്രി എഴരയോടെ പുല്‍വാമ ജില്ലയിലെ വനപ്രദേശത്തുവെച്ച് തോക്കിന്‍മുനയില്‍ നിര്‍ത്തി അജ്ഞാതര്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. വെടിയേറ്റ നിലയിലുള്ള കൊഹ്‌ലിയുടെ മൃതശരീരം രക്ഷാ പ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് അഹമ്മദിന്റെ മൃതദേഹം കണ്ടെത്തിയതെന്നും ഡി.ജി.പി ജെ.കെ ദില്‍ബാഗ് സിങ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ടു ചെയ്യുന്നു.
ജമ്മു കാശ്മീരിൽ പുൽവാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു നേരെ 2019 ഫെബ്രുവരി പതിനാലാം തീയതിയാണ് തീവ്രവാദികൾ മനുഷ്യബോംബ് ആക്രമണം നടത്തിയത്. 49 സി.ആർ.പി.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താനിലെ തീവ്രവാദ സംഘടനയായ ജെയ്‌ഷ് ഇ മൊഹമ്മദ് ഏറ്റെടുത്തിരുന്നു.
ഏകദേശം 2500 ഓളം വരുന്ന കേന്ദ്ര റിസർവ്വ് പോലീസ് സേനയിലെ സൈനികർ, 2019 ഫെബ്രുവരി 14-ന്, 78 ബസ്സുകളിലായി ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് ദേശീയപാത 44-ലൂടെ സഞ്ചരിക്കുകയായിരുന്നു. അവാന്തിപുരക്കടുത്തുള്ള ലെത്തപ്പോരയിൽ വച്ച് സ്ഫോടകവസ്തുക്കൾ നിറച്ച ഒരു മഹീന്ദ്ര സ്കോർപിയോ, സൈനിക വാഹനവ്യൂഹത്തിലേക്ക് അക്രമി ഇടിച്ചു കയറ്റുകയായിരുന്നു. തൽക്ഷണം 49 സൈനികർ കൊല്ലപ്പെട്ടു.
പാകിസ്താന്റെ പിന്തുണയോടെ, 2015 മുതൽ ജമ്മു കാശ്മീരിൽ തീവ്രവാദികൾ ആക്രമണം തുടങ്ങിയിരുന്നു. ആയുധധാരികളായ മൂന്നു തീവ്രവാദികൾ 2015 ജൂലൈ മാസത്തിൽ ഗുർദാസ്പൂർ പോലീസ് സ്റ്റേഷൻ ആക്രമിച്ചു. പത്താൻകോട്ട് 2016-ന്റെ തുടക്കത്തിൽ ആക്രമണം നടന്നു. 2016 ൽ ഫെബ്രുവരിയിലും, ജൂലൈയിലും നടന്ന ആക്രമണങ്ങളിൽ യഥാക്രമം, ഒമ്പതും എട്ടും സൈനികർ കൊല്ലപ്പെട്ടു. ഉറിയിലെ സൈനിക ക്യാംപിൽ 2016 സെപ്തംബർ മാസത്തിലുണ്ടായ ഒരു ആക്രമണത്തിൽ 19 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. ജമ്മു - ശ്രീനഗർ ദേശീയപാതക്കു സമീപപ്രദേശങ്ങളിലാണ് തീവ്രവാദ ആക്രമണങ്ങളിൽ ഏറെയും നടന്നത്.
ആഗസ്റ്റ് അഞ്ചിനാണ് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. ഇതിനു മുന്നോടിയായി കശ്മീരില്‍ ആശയവിനിമയ സംവിധാനങ്ങള്‍ക്കും ഗതാഗതത്തിനുമെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ജമ്മു കശ്മീർ സംസ്ഥാനത്തിനുള്ള പ്രത്യേക പദവി എടുത്തു കളഞ്ഞതിന് ശേഷമുള്ള ആദ്യ സ്വാതന്ത്യദിനത്തിൽ ശ്രീനഗർ കനത്ത സുരക്ഷാ വലയത്തിലായിരുന്നു. അതിനു ശേഷം ജെയ്ഷ് ഇ മുഹമ്മദ് ഭീകരർ കാശ്മീരിൽ ആദ്യ തീവ്രവാദി ആക്രമണമാണിതെന്നാണ് പൊലീസ് പറയുന്നത്.
https://www.facebook.com/Malayalivartha

























