ലഹരി ഉപയോഗം ചോദ്യം ചെയ്ത വഴിയോര കച്ചവടക്കാരനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു

രാജ്യത്ത് ലഹരി ഉപയോഗംമൂലം ഒത്തിരിയേറെ കുറ്റകൃത്യങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ അത് നിയന്ത്രിക്കാൻ കൃത്യമായ നിയമങ്ങൾക്ക് പോലും സാധിക്കുന്നില്ല എന്നതാണ് പല സംഭവങ്ങളും വ്യക്തമാക്കുന്നത്. അത്തരത്തിൽ ലഹരി ഉപയോഗം ചോദ്യം ചെയ്ത വഴിയോര കച്ചവടക്കാരനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊന്ന വാർത്തയാണ് വന്നിരിക്കുന്നത്. വഴിയോരകച്ചവടക്കാരനായ മലയാളിയെയാണ് മുംബൈയില്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തിയിരുന്നത്. മുംബൈ മെട്രോ ആശുപത്രിക്ക് മുന്‍പില്‍ ഇളനീര്‍ കച്ചവടം നടത്തുന്ന പാലക്കാട് സ്വദേശി മുഹമ്മദാലിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. മുഹമ്മദാലിയുടെ കടയ്ക്ക് മുന്‍പില്‍ മദ്യപിക്കുകയും ലഹരി മരുന്ന് ഉപയോഗിക്കുകയും ചെയ്യുകയായിരുന്ന സംഘത്തെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മഹാരാഷ്ട്ര സ്വദേശികളായ യുവാക്കളുമായി മുഹമ്മദാലി തര്‍ക്കത്തിലായത്. തര്‍ക്കം മൂത്തതോടെ യുവാക്കള്‍ ഇന്റര്‍ലോക്ക് ഇഷ്ടിക കൊണ്ടു മുഹമ്മദാലിയെ തലയ്ക്ക് പുറകില്‍ അടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തില്‍ കേസെടുത്ത ആസാദ് മൈതാന്‍ പൊലീസ് ഒരു പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു . സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ മറ്റു പ്രതികളെ തിരിച്ചറിഞ്ഞതായും ഇവര്‍ക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. മുഹമ്മദാലിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുമെന്നാണ് പോലീസ് വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha

























