ബിഹാറില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ തല മൊട്ടയടിച്ചു

ബിഹാറില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പഞ്ചായത്ത് അംഗങ്ങള്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് തല മൊട്ടയടിച്ച് ഗ്രാമത്തിലൂടെ നടത്തി. ഗയ ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആറുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പഞ്ചായത്ത് കെട്ടിടത്തിന് സമീപം അവശ നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ സഹായിക്കുന്നതിന് പകരം പഞ്ചായത്ത് അംഗങ്ങള്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് ശിക്ഷിക്കുകയായിരുന്നു. ഓഗസ്റ്റ് 14 ന് വാഹനത്തിലെത്തിയ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി. പിന്നീട് പ്രദേശത്തെ പഞ്ചായത്ത് കെട്ടിടത്തിന് മുകളില്‍വച്ച് കൂട്ടബലാത്സംഗം ചെയ്തു. അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ കണ്ട ഗ്രാമവാസിയാണ് ബന്ധുക്കളെ വിവരമറിയിച്ചത്. ബന്ധുക്കളെത്തി പെണ്‍കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി. വിവരമറിഞ്ഞ് എത്തിയ പഞ്ചായത്ത് അംഗങ്ങള്‍ അടക്കമുള്ളവര്‍ പെണ്‍കുട്ടിക്ക് ശിക്ഷ നല്‍കാനാണ് തീരുമാനമെടുത്തത്. പ്രതികളുടെ ബന്ധുക്കളുടെ സ്വാധീനത്തിന് വഴങ്ങിയാണ് ഇതെന്ന് കരുതുന്നു.പെണ്‍കുട്ടിയും അമ്മയും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെക്കണ്ട് പരാതിപ്പെട്ടതോടെയാണ് സംഭവത്തില്‍ കേസെടുക്കാന്‍ പോലീസ് തയ്യാറായത്.
പെണ്‍കുട്ടിക്ക് ശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ച അഞ്ച് പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും എല്ലാവരെയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത ആറംഗ സംഘത്തിലെ ഒരാളും പിടിയിലായിട്ടുണ്ട്. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത ബിഹാര്‍ വനിതാ കമ്മീഷന്‍ ഗയ പോലീസ് സൂപ്രണ്ടിന് നോട്ടീസയച്ചിട്ടുണ്ട്. എല്ലാ പഞ്ചായത്ത് അംഗങ്ങളും സെപ്റ്റംബര്‍ രണ്ടിനകം ഹാജരാകാനും വനിതാ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
https://www.facebook.com/Malayalivartha

























