കശ്മീര്‍ വിഷയത്തില്‍ ട്വീറ്റ് ചെയ്ത പാകിസ്ഥാന്‍ പ്രസിഡന്റിന് ട്വിറ്ററിന്റെ നോട്ടീസ്

കശ്മീര്‍ വിഷയത്തില്‍ ലോകരാജ്യങ്ങളുടെ പിന്തുണ മാത്രമല്ല ഇന്ത്യക്ക് സോഷ്യല്‍ മീഡിയ ഭീമന്മാരുടെ അകമഴിഞ്ഞ പിന്തുണയുമുണ്ട്. അത് പറയാന്‍ കാരണമുണ്ട്. കാശ്മീര്‍ വിഷയത്തില്‍ ട്വീറ്റ് ഇട്ടതിന് പാകിസ്ഥാന്‍ പ്രസിഡന്റ് ആരിഫ് അല്‍വിക്ക് ട്വിറ്റര്‍ നോട്ടീസ് അയച്ചു. കാശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധ റാലിയുടെ വീഡിയോ തിങ്കളാഴ്ച പ്രസിഡന്റ് ട്വീറ്റ് ചെയ്തിരുന്നു. ഇതിനാണ് ട്വിറ്റര്‍ നോട്ടീസയച്ചത്. പാകിസ്ഥാന്‍ മനുഷ്യാവകാശമന്ത്രി മന്ത്രി ഷിരീന്‍ മസാരിയാണ് പ്രസിഡന്റ് ആല്‍വിക്ക് ലഭിച്ച മെയിലിന്റെ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തിരിക്കുന്നത്. ട്വീറ്ററിന്റെ നടപടിയെ ഷിരീന്‍ മസാരി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഞായറാഴ്ച കാശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്ത പാക് വാര്‍ത്താവിതരണ മന്ത്രി മുറാദ് സയീദിനും ട്വിറ്റര്‍ നോട്ടിസ് നല്‍കിയിരുന്നു.
ഇന്ത്യയുടെ നിയമങ്ങള്‍ ലംഘിച്ച് വിഷയത്തില്‍ ട്വീറ്റ് ചെയ്തെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസയച്ചത്. ഈ വിഷയം ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ അധികൃതരുമായി സംസാരിച്ചെന്ന് ഡയറക്ടര്‍ ജനറല്‍ (ഡി.ജി) ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ഐ.എ.സ്.പി.ആര്‍) മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞു. കാശ്മീര്‍ വിഷയത്തില്‍ പ്രതികരിച്ചതിന് ഇതുവരെ ഇരുനൂറോളം പാക് അക്കൗണ്ടുകള്‍ ട്വിറ്റര്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം അന്ത ജമ്മു കശ്മീരിലെ ഇന്ത്യാ-പാക് നിയന്ത്രണരേഖയ്ക്ക് സമീപം പാകിസ്താന്‍ സ്പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പ് (എസ്.എസ്.ജി) കമാന്‍ഡോകളെ വിന്യസിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. നിയന്ത്രണരേഖയ്ക്ക് സമീപം നൂറിലധികം കമാന്‍ഡോകളെ വിന്യസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പാക് സൈന്യത്തിന്റെ നീക്കം ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. പാകിസ്താനിലെ ജെയ്ഷെ മുഹമ്മദ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ് ഈ കമാന്‍ഡോകളെന്നാണ് സൈന്യം പറയുന്നത്. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെ നടക്കുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളില്‍ ഈ കമാന്‍ഡോകള്‍ പങ്കെടുക്കുന്നുണ്ടെന്നാണ് സൈന്യം പറയുന്നത്. എസ്.എസ്.ജി കമാന്‍ഡോകളെ ഗുജറാത്തിലെ ഇന്ത്യാ- പാകിസ്താന്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപമുള്ള സര്‍ ക്രീക്ക് ഏരിയയിലും സുരക്ഷാ ഏജന്‍സികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
പാക് അധിനിവേശ കശ്മീരിലെ ലീപാ താഴ്വരയില്‍ ജെയ്ഷെ മുഹമ്മദ് അഫ്ഗാന്‍ വംശജരായ 12 ഭീകരരെ സജ്ജരാക്കി നിര്‍ത്തിയിട്ടുണ്ടെന്നും സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയ്ക്കെതിരെ ഭീകരരെ ഉപയോഗിച്ചുള്ള കമാന്‍ഡോ ഓപ്പറേഷനാണ് പാക് സൈന്യം പദ്ധതിയിടുന്നതെന്നാണ് വിലയിരുത്തല്‍. മാത്രമല്ല ജെയ്ഷെ മുഹമ്മദിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളായ റൗഫ് അസര്‍ ഭീകരരുമായി ഓഗസ്റ്റ് 19 നും 20നും കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് ഇന്റലിജന്‍സിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍ വന്‍ ആക്രമണങ്ങള്‍ നടത്താനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.
https://www.facebook.com/Malayalivartha

























