ഒടുവിൽ രാഹുലും സമ്മതിച്ചു മോദി തന്നെ ശരി; പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി; കേന്ദ്ര സര്‍ക്കാരിനോട് തനിക്ക് പലകാര്യങ്ങളിലും വിയോജിപ്പികളുണ്ടെങ്കിലും കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം മാത്രമാണെന്നും രാഹുല്‍ വ്യക്തമാക്കി

ജമ്മു കാശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൽ 370 പിൻവലിച്ചതിനെ തുടർന്ന് ഇന്ത്യയും പാകിസ്ഥാനും നേരിടുന്ന പ്രതിസന്ധിയിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാരിനോട് തനിക്ക് പലകാര്യങ്ങളിലും വിയോജിപ്പികളുണ്ടെങ്കിലും കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം മാത്രമാണെന്നും രാഹുല്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ഇതാദ്യമായിട്ടാണ് രാഹുല്‍ പാകിസ്ഥാനെതിരെ കടുത്ത ഭാഷയില്‍ പരസ്യ പ്രതികരണം നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
കശ്മീര്‍ വിഷയത്തിലടക്കം സര്‍ക്കാരിനോട് തനിക്ക് പലകാര്യങ്ങളിലും വിയോജിപ്പുണ്ട്. പക്ഷേ ഒരു കാര്യം ഞാന്‍ വ്യക്തമാക്കുകയാണ്. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം മാത്രമാണ്. അതില്‍ പാകിസ്താനോ മറ്റേതെങ്കിലും വിദേശ രാജ്യങ്ങളോ ഇടപടേണ്ടതില്ല. ജമ്മു കശ്മീരില്‍ സംഘര്‍ഷമുണ്ടെന്നത് ശരിയാണ്. ലോകമെമ്പാടുമുള്ള ഭീകരതയുടെ പ്രധാന പിന്തുണക്കാരായി അറിയപ്പെടുന്ന പാകിസ്താന്റെ പിന്തുണയോടെയും പ്രേരണയോടെയും കൂടിയാണ് കശ്മീരിലെ അക്രമങ്ങളെന്നും രാഹുല്‍ വ്യക്തമാക്കി.
നേരത്തെ കശ്മീര്‍ സന്ദര്‍ശനത്തിന് പോയ അദ്ദേഹമടക്കമുള്ള പ്രതിപക്ഷ സംഘത്തെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ് , ആനന്ദ് ശർമ്മ , കെ സി വേണുഗോപാൽ എന്നിവർ ഉൾപ്പടെ പന്ത്രണ്ട് പേരാണ് രാഹുൽ ഗാന്ധിക്കൊപ്പം പ്രതിപക്ഷ സംഘത്തിലുണ്ടായിരുന്നത്.
പ്രത്യേക പദവി റദ്ദാക്കുന്നതിനു മുന്നോടിയായി പൊലീസ് കസ്റ്റഡിയിലെടുത്ത നേതാക്കളെ സന്ദര്‍ശിക്കാനായി കശ്മീരിലെത്തിയ ഇടത് നേതാക്കളായ സീതാറാം യെച്ചൂരി, ഡി. രാജ, ഗുലാം നബി ആസാദ് എന്നിവരെ ക്രമസമാധാന പ്രശ്നം പറഞ്ഞ് നേരത്തെ തടയുകയും തിരിച്ചയക്കുകയും ചെയ്തിരുന്നു.
കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മുവിലും കശ്മീരിലും ലഡാക്കിലെയും നിലവിലെ സ്ഥിതിയില്‍ വ്യക്തതത വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ആഞ്ഞടിച്ചിരുന്നു. ജമ്മുകശ്മീരിലും ലഡാക്കിലും എന്താണു സംഭവിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രസര്‍ക്കാരും വിശദീകരിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു.
അതേസമയം ജമ്മു കശ്മീരിൽ അറസ്റ്റു ചെയ്യപ്പെടുകയും തടങ്കലിൽവച്ചിരിക്കുകയും ചെയ്തിരിക്കുന്ന നിരവധി രാഷ്ട്രീയ നേതാക്കളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ പാർട്ടികൾ വ്യാഴാഴ്ച ഡൽഹിയിലെ ജന്തർമന്ദറിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രത്യേക പദവി നീക്കുന്ന കേന്ദ്ര നീക്കത്തോട് അനുബന്ധിച്ച് മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുല്ല, മെഹബുബ മുഫ്തി എന്നിവരുൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളാണ് ജമ്മു കശ്മീരിൽ അറസ്റ്റിലാകുകയോ വീട്ടുതടങ്കലിൽ ആകുകയോ ചെയ്തിട്ടുള്ളത്.
ഒമർ അബ്ദുല്ലയും മെഹബൂബയും വിവിധ ഗെസ്റ്റ് ഹൗസുകളിലാണു തടവിലുള്ളത്. മറ്റൊരു മുൻമുഖ്യമന്ത്രിയായ ഫാറൂഖ് അബ്ദുല്ല വീട്ടുതടങ്കലിലാണ്. കഴിഞ്ഞ 5 മുതൽ രണ്ടായിരത്തിലേറെ നേതാക്കൾ കരുതൽ തടങ്കലിലാണെന്നാണ് അനൗദ്യോഗ കണക്ക്. ഇവരെ മോചിപ്പിക്കുന്ന കൃത്യമായ തീയതി ഇപ്പോൾ പറയാനാവില്ലെന്ന് അധികൃതർ സൂചിപ്പിച്ചു.
പാക്കിസ്ഥാനും ഇന്ത്യയ്ക്കും ഇടയിലുള്ളത് ഉഭയകക്ഷി പ്രശ്നമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ഇതിൽ മറ്റൊരു രാജ്യത്തെ ഉൾപ്പെടുത്താൻ താൽപര്യപ്പെടുന്നില്ലന്നും മോദി നിലപാട് കടുപ്പിച്ചു. 1947 ന് മുൻപ് ഇന്ത്യയും പാക്കിസ്ഥാനും ഒരുമിച്ചായിരുന്നു. ഒരുമിച്ചു ചർച്ച ചെയ്തു പ്രശ്നങ്ങൾ പരിഹരിക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നും ഫ്രാൻസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമൊത്തുള്ള സംയുക്ത വാർത്താസമ്മേളനത്തിൽ മോദി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























