ഹൃതിക്‌റോഷനും മനീഷയും വരെ ഭക്തരായുള്ള ആള്‍ദൈവത്തിന്റെ ആശ്രമത്തില്‍ നിന്നും ഇന്‍കംടാക്‌സ് പിടിച്ചത് 45 കോടി രൂപയും 88 കിലോ സ്വര്‍ണവും!

ബോളിവുഡ് താരങ്ങളായ ഹൃത്വിക് റോഷനും മനീഷാ കൊയ്‌രാളയും വരെ ഭക്തരായിട്ടുള്ള കല്‍ക്കി ഭഗവാന്റെ ആശ്രമത്തില്‍ നിന്നും പിടിച്ചെടുത്ത പണവും സ്വര്‍ണ്ണവും കണ്ട് ഉദ്യോഗസ്ഥരുടെ കണ്ണു തള്ളി. ആശ്രമങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി കോടികള്‍ പിടിച്ചെടുത്ത് വിവാദത്തില്‍ കുടുങ്ങിയെങ്കിലും ഭക്തരെ വിട്ടേച്ചു പോകില്ലെന്ന് ഇന്നലെ പുറത്തുവിട്ട വീഡിയോയിലൂടെ ദര്‍ശനം നല്‍കുന്ന വേളയില്‍ ഭഗവാന്‍ ഭക്തര്‍ക്കു 'വാക്ക്' നല്‍കി.
കല്‍ക്കി ഭഗവാന്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത് ഭാര്യയോടൊപ്പമാണ്്. തങ്ങള്‍ രാജ്യം വിട്ടില്ലെന്നും തമിഴ്്‌നാട്ടിലെ നെമാനിലെ ആശ്രമത്തിലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒപ്പം നിന്ന എല്ലാവര്‍ക്കും അദ്ദേഹം നന്ദിപറഞ്ഞു. അതേസമയം കല്‍ക്കിഭഗവാന്റെ ഭാര്യ പത്മാവതിയുടെ പേരിലുള്ള 'അമ്മ ശ്രീഭഗവാന്‍ ഫൗണ്ടേഷ'ന്റെ നടത്തിപ്പുകാരനായ കൃഷ്ണയെ ആദായ നികുതി വകുപ്പ് ചെന്നൈയിലെ ആസ്ഥാനത്തേക്കു വിളിപ്പിച്ചിട്ടുണ്ട്.
ആദായ നികുതി വകുപ്പ് കല്‍ക്കി ഭഗവാന്റെ ചെന്നൈ, ബംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ വിവിധ ആശ്രമങ്ങളില്‍നിന്നും 45 കോടി രൂപയും 88 കിലോ ഗ്രാം സ്വര്‍ണവും 1271 കാരറ്റ് വജ്രവുമാണ് പിടിച്ചെടുത്തത്. ഭഗവാന് 600 കോടിയുടെ സ്വത്ത്വക ഉള്ളതിന്റെ രസീതുകളും റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. കല്‍ക്കി ഭഗവാനും മകന്‍ കൃഷ്ണയ്ക്കും 40 വിദേശരാജ്യങ്ങളിലായി നിക്ഷേപങ്ങളുള്ളതായും കണ്ടെത്തിയിട്ടുണ്ട്.
നായിഡുവിന്റെ ആശ്രമങ്ങളില്‍ റെയ്ഡ് നടത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ സ്വത്തു വിവരങ്ങള്‍ കണ്ട് അമ്പരന്നു. ആത്മീയതയുടെ സൂപ്പര്‍ മാര്‍ക്കറ്റെന്നാണ് വിജയ്കുമാര്‍ നായിഡു എന്ന ആള്‍ദൈവത്തെ അവര്‍ വിശേഷിപ്പിച്ചത്.
'കല്‍ക്കി ഭഗവാന്‍' എന്ന ആള്‍ ദൈവം വി. വിജയ്കുമാര്‍ നായിഡുവിന്റെ വളര്‍ച്ച അമ്പരപ്പിക്കുന്ന വേഗത്തിലായിരുന്നു. 1949 മാര്‍ച്ച് ഏഴിനാണു വരദരാജലു നായിഡു വി. വൈദര്‍ഭി ദമ്പതികളുടെ മകനായി വിജയ്കുമാര്‍ നായിഡു ജനിച്ചത്. പത്മാവതിയെ 1977 ജൂണിലാണു വിവാഹം കഴിച്ചത്. എല്‍.ഐ.സിയില്‍ ക്ലര്‍ക്കായാണു കരിയര്‍ ആരംഭിച്ചതെങ്കിലും 1984-ല്‍ വിജയ്കുമാറും ഉറ്റ സുഹൃത്ത് ശങ്കറും ജോലി ഉപേക്ഷിച്ചു നാടുവിട്ടു.
1989-ല്‍ കല്‍ക്കി ഭഗവാനായിട്ടാണ് പിന്നീട് അവതരിച്ചത്. അതോടെ വിജയകുമാര്‍ ആള്‍ദൈവമായി. ഭാര്യ പത്മാവതിയെ ലക്ഷ്മിയായി കണ്ട് അമ്മ ഭഗവാനെന്നും ഭക്തര്‍ വിളിക്കാന്‍ തുടങ്ങി. രാജുപേട്ടയില്‍ വിജയ്കുമാറും ശങ്കറും ചേര്‍ന്നു സ്ഥാപിച്ച ജീവാശ്രമം വേണ്ടത്ര ശ്രദ്ധ നേടിയില്ല. തുടര്‍ന്ന് കളം മാറ്റി ചവിട്ടി. 'ഭഗവാനെ കണ്ടാല്‍ മോക്ഷം.' എന്ന പ്രചാരണം ക്ലിക്കായതോടെ ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ വരദൈപാലത്ത് കല്‍ക്കി ഭഗവാന്റെ ആസ്ഥാനവുമുണ്ടാക്കി.
ചെന്നൈയില്‍നിന്ന് 80 കിലോ മീറ്റര്‍ അകലെയുള്ള വരദൈപാലത്തു വച്ചായിരുന്നു ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന എകത്വ സര്‍വകലാശാല സ്ഥാപിച്ചത്. ശുഭ്രവസ്ത്രധാരിയായി, സുവര്‍ണ കരയുള്ള ഷാള്‍ തോളിലിട്ട് സുസ്മേര വദനനായി ഭാര്യാ സമേതമാണു കൂടുതലും കാണാനാവുക. ഹൃതിക് റോഷന്‍, മനീഷ് കൊയ്രാള തുടങ്ങിയ ബോളിവുഡ് താരങ്ങളും രാജ്യാന്തര ബിസിനസുകാരും കല്‍ക്കി ഭഗവാനെ കാണാനെത്തി. ഭഗവാനെയും അമ്മയെയും ഒരുമിച്ചു ദര്‍ശിക്കാന്‍ 5000 രൂപ നല്‍കണം. 50,000 രൂപ നല്‍കിയാല്‍ സ്പെഷല്‍ ദര്‍ശനം സാധ്യമാകും.
കല്‍ക്കി ഭഗവാനോ മകന്‍ കൃഷ്ണയോ അനുയായികളോ മാധ്യമ പ്രവര്‍ത്തകരോടു സംസാരിച്ചിട്ടില്ല. 2002-ല്‍ ഇന്ത്യാ ടുഡേയ്ക്കു നല്‍കിയ അഭിമുഖം മാത്രമാണ് അപവാദം. ഗുരുവിനെ ശിഷ്യനാക്കിയ ചരിത്രവും കല്‍ക്കി ഭഗവാനുണ്ട്. ഗുരുജി എന്നറിയപ്പെടുന്ന പരമാചാര്യ ശങ്കര ഭഗവദ്പാദരായിരുന്നു ഗുരു. ജര്‍മനിയില്‍നിന്നു ഡോക്ടറേറ്റ് നേടിയ ശേഷം സന്യാസത്തിലേക്കു വഴിമാറിയ ആളാണു ഗുരുജി.
https://www.facebook.com/Malayalivartha