എന്റെ താടി പറിച്ചെടുക്കുമെന്ന് പറഞ്ഞു; അവർ ഞങ്ങളെ ഒരു മുറിയിൽ പൂട്ടിയിട്ടു; എന്റെ ഫോൺ ഉൾപ്പെടെയുള്ള സാധനങ്ങളെല്ലാം വാങ്ങിവച്ചു; ദുരനുഭവം പങ്കുവച്ച് മാധ്യമ പ്രവർത്തകൻ

പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യമെമ്പാടും വൻ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. പൗരത്വബില്ലിൽ രാജ്യം കത്തുകയാണ്. ഈ വിവരങ്ങൾ പുറം ലോകത്തോട് വിളിച്ചുപറയുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രാജ്യത്തിന്‍റെ പലയിടത്തും പോലീസിന്‍റെ ക്രൂരമായ നടപടികളാണ് നേരിടേണ്ടി വന്നത്. മംഗളൂരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകരെ 7 മണിക്കൂറോളമാണ് കസ്റ്റഡിയില്‍ വച്ചതെങ്കില്‍ ദില്ലിയില്‍ ക്രൂരമായ മര്‍ദ്ദനമായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലീസിൽ നിന്നും നേരിടേണ്ടി വന്നത്. പ്രതിഷേധം ഏറ്റവും കൂടുതല്‍ മരണത്തിന് ഇടയാക്കിയ ഉത്തര്‍പ്രദേശില്‍ സാമൂഹ്യപ്രവര്‍ത്തകരേയും മാധ്യമപ്രവര്‍ത്തകരേയും കൂട്ടത്തോടെ പോലീസ് പിടിച്ചു കൊണ്ടുപോവുകയാണ്.
യുപി പോലീസില്‍ നിന്നുള്ള ക്രൂരമായ അനുഭവം തുറന്ന് പറഞ്ഞ് ദ ഹിന്ദു ന്യൂസ് പേപ്പറിന്‍റെ ഉത്തര്‍പ്രദേശ് കറസ്പോണ്ടന്‍റ് റാഷിദ് ഒമര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് യുപി പോലീസില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ ഒമര്‍ റാഷിദ് വ്യക്തമാക്കുന്നത്. ഉത്തര്‍പ്രദേശില്‍ ഒരു സിറ്റി റെസ്റ്റോറന്‍റില്‍ ഇരുന്ന അന്നത്തേക്കുള്ള വാര്‍ത്തകള്‍ തയ്യാറാക്കുമ്പോഴായിരുന്നു യൂണിഫോമില്‍ അല്ലാത്ത ഒരു സംഘം പോലീസ് റാഷിദിനെ പിടിച്ചുകൊണ്ട് പോയത്.
ലേഖകനെ ലക്നൗവിലെ റസ്റ്റോറന്റിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു പൊലീസ് രണ്ടു മണിക്കൂറോളം സ്റ്റേഷനിലും പൊലീസ് പോസ്റ്റിലുമായി തടങ്കലിൽ വച്ചു. പിന്നീട് വിട്ടയച്ചു. സുഹൃത്തിനൊപ്പം റസ്റ്റോറന്റിലിരുന്ന് ന്യൂസ് ഫയൽ ചെയ്യുന്നതിനിടെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
‘ഞാൻ ഹോട്ടലിൽ ഒരാളുടെ വൈഫൈ ഉപയോഗിച്ചു കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് നാലോ അഞ്ചോ പേർ വന്ന് സുഹൃത്തിനെ ചോദ്യം ചെയ്യാൻ തുടങ്ങി. എന്നിട്ട് അവനെ ഒരു ജീപ്പിൽ കയറ്റി. എന്നോടും കയറാൻ ആവശ്യപ്പെട്ടു. ഞാൻ മാധ്യമപ്രവർത്തകനാണെന്ന് പറഞ്ഞു. അവരോടൊപ്പം പോകണമെന്ന് നിർബന്ധിച്ചു’– ഒമർ റാഷിദ് പറഞ്ഞു.
‘അവർ ഞങ്ങളെ ഒരു മുറിയിൽ പൂട്ടിയിട്ടു. എന്റെ ഫോൺ ഉൾപ്പെടെയുള്ള സാധനങ്ങളെല്ലാം വാങ്ങിവച്ചു. സുഹൃത്തിനെ ക്രൂരമായി മർദ്ദിച്ചു. അവനെ ചോദ്യം ചെയ്യുകയും അക്രമവുമായി ബന്ധിപ്പിക്കുകയും ചെയ്തു. ഞാൻ പ്രധാന ഗൂഢാലോചനക്കാരനാണെന്ന് പറഞ്ഞ് എന്നെയും അക്രമവുമായി ബന്ധിപ്പിച്ചു. കശ്മീരികൾ ഇവിടെ വന്ന് അക്രമത്തിൽ പങ്കുചേരുന്നതിനെക്കുറിച്ച് എന്നോട് ചോദിച്ചു.
ഞാൻ അവരോട് എന്തെങ്കിലും ചോദിക്കാൻ ശ്രമിക്കുമ്പോൾ മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടു. എനിക്കെതിരെ തെളിവുണ്ടെന്നും പറഞ്ഞു. ഞങ്ങളെ വീണ്ടും ജീപ്പിൽ കയറ്റി ഒരു ഔട്ട് പോസ്റ്റിലേക്ക് കൊണ്ടുപോയി. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ എനിക്കെതിരെ ധാരാളം വർഗീയ അധിക്ഷേപങ്ങൾ നടത്തി. എന്റെ താടി പറിച്ചെടുക്കുമെന്ന് പറഞ്ഞു’– ഒമർ കൂട്ടിച്ചേർത്തു.
യുപി മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും ഡിജിപി ഒ.പി.സിങ്ങിനെയും വിളിച്ചതിനെ തുടർന്നാണ് ഒമർ റാഷിദിനെ വിട്ടയച്ചത്. വ്യാഴാഴ്ച ലക്നൗ പൊലീസ് കസ്റ്റഡിയിലെടുത്തവരിൽ പ്രമുഖ ആക്ടിവിസ്റ്റുകളായ അഭിഭാഷകൻ മുഹമ്മദ് ഷൊയിബ്, മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ എസ്.ആർ.ദാരപുരി എന്നിവരും ഉൾപ്പെടുന്നു. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമല്ല.
‘അക്രമത്തെ നിയന്ത്രിക്കുന്നതിൽ പൊലീസ് ആദ്യം പരാജയപ്പെട്ടു. ഇപ്പോൾ അവരുടെ തെറ്റുകൾ മറയ്ക്കാൻ സമാധാനപരമായി പ്രതിഷേധിക്കുന്ന പ്രവർത്തകരെ പിന്തുടരുന്നു. ഇത് ശരിയല്ല. ഈ ആളുകൾ എവിടെയാണെന്ന് പൊലീസ് ഞങ്ങളോട് പറയണം’ എന്നും മനുഷ്യാവകാശ പ്രവർത്തകനും മഗ്സസെ അവാർഡ് ജേതാവുമായ സന്ദീപ് പാണ്ഡെ പറഞ്ഞു.
അതേസമയം,പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെ ഉത്തര്‍പ്രദേശില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. ബിജ്നോര്‍, സംഭാര്‍, ഫിറോസാബാദ്, മീററ്റ്, കാന്‍പൂര്‍, വാരണാസി എന്നിവിടങ്ങളിലാണ് മരണങ്ങല്‍ സംഭവിച്ചിരിക്കുന്നത്. എന്നാല്‍ പോലീസ് നടത്തിയ വെടിവെപ്പിലല്ല ഈ മരണങ്ങള്‍ ഒന്നും ഉണ്ടായതല്ലെന്നാണ് സംസ്ഥാന പോലീസ് മേധാവ് ഡജിപി ഒപി സിങ് അവകാശപ്പെടുന്നത്.
https://www.facebook.com/Malayalivartha



























