കോണ്‍ഗ്രസും ഇടത്പക്ഷവും ഡി.എം.കെയും ത്രിണമൂലും എന്‍.സി.പിയും അടക്കമുള്ള നിരവധി കക്ഷികള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിലിറങ്ങി പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന് പിന്നാലെ, ഇവരൊക്കെ നേതൃത്വം നല്‍കുന്ന സര്‍ക്കാരുള്ള സംസ്ഥാനങ്ങളില്‍ നിയമം നടപ്പാക്കില്ലെന്ന വെല്ലുവിളിയുമായി കളത്തിലിറങ്ങി

കോണ്‍ഗ്രസും ഇടത്പക്ഷവും ഡി.എം.കെയും ത്രിണമൂലും എന്‍.സി.പിയും അടക്കമുള്ള നിരവധി കക്ഷികള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിലിറങ്ങി പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന് പിന്നാലെ
ഇവരൊക്കെ നേതൃത്വം നല്‍കുന്ന സര്‍ക്കാരുള്ള സംസ്ഥാനങ്ങളില്‍ നിയമം നടപ്പാക്കില്ലെന്ന വെല്ലുവിളിയുമായി കളത്തിലിറങ്ങിയിരിക്കുകയാണ്. ഇത് പ്രധാനമന്ത്രിയേയും കേന്ദ്രആഭ്യന്തരമന്ത്രിയേയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. എന്നാല്‍ സമരക്കാരുമായി ആശയവിനിമയം നടത്താന്‍ തയ്യാറാണെന്ന ഉപാധി കേന്ദ്ര ആഭ്യന്തരമന്ത്രാലയം മുന്നോട്ട് വെച്ചതോടെ സമരക്കാര്‍ അയയുന്ന ലക്ഷണമാണ് കാണുന്നത്. എതിര്‍ക്കുന്നവര്‍ ആവശ്യപ്പെടുന്ന ഭേദഗതി നിയമത്തില്‍ വരുത്താന്‍ ചര്‍ച്ച നടത്താമെന്ന് മന്ത്രാലയം അറിയിച്ചത് പ്രധാനമന്ത്രിയും അമിത്ഷായും നടത്തിയ തന്ത്രപരമായ നീക്കമാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇത്തരം സെന്‍സിറ്റീവായ നിയമങ്ങള്‍ നടപ്പാക്കുമ്പോള്‍ എതിര്‍പ്പുകള്‍ നേരിടേണ്ടിവരുക സ്വാഭാവികമാണ്. നിയമം എന്ത് വില കൊടുത്തും നടപ്പാക്കുമെന്ന് പ്രധാനമന്ത്രി ആദ്യമേ വ്യക്തമാക്കിയത് അതുകൊണ്ടാണ്.
ചത്തീസ്ഗഡ്, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസാണ് അധികാരത്തിലുള്ളത്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ ശിവസേനയാണ് ഭരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയെ നേരിട്ട് ആക്രമിക്കുന്നതിനാലാണ് ഈ സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാത്തതെന്ന് എ.ഐസി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. ബി.ജെ.പിക്കൊപ്പം നില്‍ക്കുന്ന ജെ.ഡി.യു അധികാരത്തിലുള്ള ബീഹാറിലും നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ വ്യക്തമാക്കി കഴിഞ്ഞു. തമിഴ്‌നാട് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും അവിടെ പ്രാദേശികമായി വളരെ എതിര്‍പ്പാണുള്ളത്. കേരളത്തിലും ബംഗാളിലും നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിമാരായ പിണറായി വിജയനും മമത ബാനര്‍ജിയും അറിയിച്ചു. രണ്ട് സംസ്ഥാനങ്ങളിലും ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് സമരക്കാരെ ശാന്തരാക്കാനും പ്രക്ഷോഭകരെ തണുപ്പിക്കാനുമുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പല രീതിയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. കാശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്ത് കളഞ്ഞപ്പോഴുണ്ടായ പ്രതിഷേധങ്ങള്‍ ശാന്തമാക്കാന്‍ സ്വീകരിച്ച മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നത്. ഇന്റര്‍നെറ്റ്, മെട്രോറെയില്‍ ഉള്‍പ്പടെയുള്ളവ നിര്‍ത്തലാക്കി. ആസാമില്‍ കോടതി ഇടപെട്ട ശേഷമാണ് ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചത്. രാജ്യതലസ്ഥാനത്ത് കഴിഞ്ഞദിവസം ഫോണ്‍ സര്‍വ്വീസുകള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചരണങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഇന്റര്‍നെറ്റ് നിര്‍ത്തലാക്കിയത്. നിയമത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്താനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇതെല്ലാം വിജയിക്കുമെന്നാണ് കരുതുന്നത്.
ആസാമില്‍ നടപ്പാക്കിയത് പോലെ മറ്റ് സംസ്ഥാനങ്ങളില്‍ ദേശീയപൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ വ്യക്തമാക്കി കഴിഞ്ഞു. അത് തന്നെ വലിയ നയതന്ത്രമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇന്നര്‍ പെര്‍മിറ്റ് ലൈന്‍ നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനൊക്കില്ല. ആ നിലയ്ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ലക്ഷ്യം വയ്ക്കുന്ന സംസ്ഥാനങ്ങളില്‍ നിയമം നടപ്പാക്കാനാകും എന്നാണ് കരുതുന്നത്. കോണ്‍ഗ്രസും ഇടത് പക്ഷവും മമതയും മറ്റ് ചില കക്ഷികളും ഉയര്‍ത്തുന്ന വെല്ലുവിളികളെ മോദിയും അമിത്ഷായും എങ്ങനെ മറികടക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ബി.ജെ.പി പ്രവര്‍ത്തകരും നേതാക്കളും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കാരണം കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ, മുത്തലാഖ് നിയമം നടപ്പാക്കിയ മോദിയും ഷായും അവരെ നിരാശപ്പെടുത്തില്ല...
https://www.facebook.com/Malayalivartha



























