കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനും എതിരെ സമരങ്ങളുടെ വേലിയേറ്റം നടക്കുമ്പോള്‍ പൗരത്വം സിംപിളായി തെളിയിക്കാമെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം

കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനും എതിരെ സമരങ്ങളുടെ വേലിയേറ്റം നടക്കുമ്പോള്‍ പൗരത്വം സിംപിളായി തെളിയിക്കാമെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം. ദേശീയ പൗരത്വ രജിസ്റ്ററിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളുടെ കരട് പോലും ഇതുവരെ തയ്യാറാക്കിയിട്ടില്ലെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ജനന സര്‍ട്ടിഫിക്കറ്റോ, ജനനസ്ഥലം തെളിയിക്കുന്ന രേഖയോ മാത്രം മതിയെന്ന് മന്ത്രാലയത്തിലെ വക്താവ് പ്രതികരിച്ചു. ഇത് രണ്ടും ഇല്ലാത്തവര്‍ക്ക് പൊതുവായ മറ്റെന്തെങ്കിലും ഡോക്യുമെന്റ് മതിയാകും. ഇന്ത്യയില്‍ ജനിച്ച് വളര്‍ന്ന ആരേയും പട്ടികയില്‍ നിന്ന് ഒഴിവാക്കില്ല. ആരേയും ഇതിന്റെ പേരില്‍ പീഡിപ്പിക്കുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്യില്ലെന്നും വക്താവ് വ്യക്തമാക്കി.
ഇന്ത്യയിലുള്ളവര്‍ക്ക് പൗരത്വം തെളിയിക്കാന്‍ പാരമ്പര്യമോ, വംശീയമോ ആയ രേഖകള്‍ ഹാജരാക്കേണ്ടെന്നും മന്ത്രാലയം അറിയിച്ചു. പൗരത്വം തെളിയിക്കുന്നതിന് മാതാപിതാക്കളുടെയോ 1971 മാര്‍ച്ച് 24ന് മുമ്പ് ജനിച്ച മുത്തശന്റെയോ, മുത്തശിയുടെയോ ജനനസര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഹാജരാക്കണമെന്ന പ്രചരണം ശക്തമായതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു വിശദീകരണം നടത്തിയത്. ഇന്ത്യന്‍ പൗരത്വ നിയമപ്രകാരം 1950 ജനുവരി 26നും 1987 ജൂലായി ഒന്നിനും ഇടയില്‍ ജനിച്ചവര്‍ ജന്മനാല്‍ ഇന്ത്യന്‍ പൗരന്‍മാരാണ്. അവര്‍ ഇവിടെ ജനിച്ചു എന്നതിന് ഏതെങ്കിലും തരത്തിലുള്ള രേഖ ഹാജരാക്കണം. നിരക്ഷരരായ കോടിക്കണക്കിന് ഇന്ത്യക്കാരുടെ കൈവശം രേഖകളൊന്നും കാണില്ല. അതിനാല്‍ സാക്ഷികളോ, അവരുടെ സമുദായത്തില്‍ നിന്ന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റോ ഹാജരാക്കിയാല്‍ മതി.
ദേശീയ പൗരത്വ ഭേദഗതി നിയമപ്രകാരം ഓണ്‍ലൈനിലൂടെ ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച ശേഷം ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. അപേക്ഷ സമര്‍പ്പിക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. പൗരത്വം നല്‍കുന്നത് സംബന്ധിച്ച് അന്തിമതീരുമാനം എടുക്കുന്നത് അതത് പ്രദേശത്തെ സെന്ററുകളായിരിക്കും. ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് മതപീഢനം കാരണം അഭയം തേടിയ മുസ്്‌ലിങള്‍ ഒഴികെയുള്ളവരെ എങ്ങനെ തിരിച്ചറിയുമെന്ന ചോദ്യത്തിന് അത് തെളിയിക്കാനൊരു മാര്‍ഗമില്ലെന്നും എന്ത് ചെയ്യാനാകുമെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം മറുപടി നല്‍കി.
പൗരത്വ രജിസ്റ്റര്‍ പൂര്‍ത്തിയാക്കുന്നതിന് പ്രത്യേക നിയമനിര്‍മാണത്തിന്റെ ആവശ്യമില്ലെന്നും ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. അടുത്തവര്‍ഷം ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പൂര്‍ത്തിയാക്കും. ഇതിന്റെ മൂന്നാംഘട്ട നടപടികള്‍ വരുന്ന സെപ്തംബറില്‍ പൂര്‍ത്തിയാക്കും. കഴിഞ്ഞ ആറ് മാസമായി രാജ്യത്തെ ഏതെങ്കിലും പ്രദേശത്ത് താമസിക്കുന്നവരുടെ വിവരങ്ങളാണ് ഇതിനായി ശേഖരിക്കുന്നത്. കേരളവും ബംഗാളും ഇതിനുള്ള നടപടികള്‍ ആരംഭിച്ചെങ്കിലും നിര്‍ത്തിവച്ചിരിക്കുകയാണ്. ജനസംഖ്യാ രജിസ്റ്ററിനെതിരെ സമര്‍പ്പിച്ച അറുപതോളം ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. അത് പൂര്‍ത്തിയാക്കിയ ശേഷമേ ഇതിനുള്ള നടപടികള്‍ ആരംഭിക്കാവൂ എന്നാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കോണ്‍ഗ്രസും ആവശ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha



























