മലേഷ്യയുടെ വിമർശനം നയതന്ത്ര മര്യാദയ്ക്കും നയതന്ത്ര ബന്ധത്തിനും വിരുദ്ധം ;പൗരത്വ നിയമ ഭേദഗതിയെ വിമര്‍ശിച്ച മലേഷ്യക്കെതിരെ ഇന്ത്യയുടെ പ്രതിഷേധം

പൗരത്വ നിയമ ഭേദഗതിയെ വിമര്‍ശിച്ച മലേഷ്യക്കെതിരെ ഇന്ത്യയുടെ പ്രതിഷേധം. മലേഷ്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തിയാണ് വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ പ്രതിഷേധം അറിയിച്ചത്.
ക്വലാലംപൂര്‍ ഉച്ചകോടിക്ക് ശേഷം നടന്ന പത്രസമ്മേളനത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായി മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് സംസാരിച്ചിരുന്നു. മതേതര രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യ മുസ്ലീംങ്ങളുടെ പൗരത്വത്തിനെതിരേയെടുക്കുന്ന നടപടി ഖേദകരമാണെന്നും നിയമത്തിനെതിരായ പ്രതിഷേധത്തില്‍ ജനങ്ങള്‍ മരിച്ച് വീഴുകയാണെന്നുമാണ് മഹാതിര്‍ കുറ്റപ്പെടുത്തിയത്.
ഇതേതുടര്‍ന്നാണ് മലേഷ്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചത്. പരസ്പരം ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ലെന്ന ധാരണയ്ക്ക് വിരുദ്ധമാണ് മലേഷ്യന്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശമെന്ന് ഇന്ത്യ അറിയിച്ചു. നയതന്ത്ര മര്യാദയ്ക്കും നയതന്ത്ര ബന്ധത്തിനും വിരുദ്ധമാണിതെന്നും ഇന്ത്യ അറിയിച്ചു.
കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കാതെയുള്ള പരാമര്‍ശമാണ് ഉണ്ടായതെന്ന് ഇന്ത്യ പറഞ്ഞു. മാത്രമല്ല ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ദീര്‍ഘകാലവും തന്ത്രപരവുമായ വീക്ഷണം സ്വീകരിക്കാന്‍ മലേഷ്യയോട് ഇന്ത്യ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha



























