പൗരത്വനിയമഭേദഗതിക്കെതിരേ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്ന ഉത്തര്‍പ്രദേശില്‍ സംഘര്‍ഷങ്ങളില്‍ എട്ടുവയസ്സുകാരനുള്‍പ്പെടെ മരിച്ചവരുടെ എണ്ണം 15 ആയി... സംസ്ഥാനമാകെ നിരോധനാജ്ഞ, ഇന്റര്‍നെറ്റ് നിരോധനം, 5000ലേറെ ആളുകളുടെ പേരില്‍ കേസെടുത്തു

പൗരത്വനിയമഭേദഗതിക്കെതിരേ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്ന ഉത്തര്‍പ്രദേശില്‍ സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 15 ആയി. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലുണ്ടായ ലാത്തിച്ചാര്‍ജിലും കല്ലേറിലും എട്ടുവയസ്സുകാരന്‍ മരിച്ചു. മീററ്റില്‍ അഞ്ചുപേരും കാന്‍പുര്‍, ബിജ്‌നോര്‍, ഫിറോസാബാദ് എന്നിവിടങ്ങളില്‍ രണ്ടുപേര്‍ വീതവും മുസാഫര്‍നഗര്‍, സംഭാല്‍, രാംപുര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ വീതവുമാണ് മരിച്ചത്. പ്രതിഷേധക്കാര്‍ക്കുനേരെ വെടിവെച്ചിട്ടില്ലെന്ന് യു.പി. പോലീസ് മേധാവി ഒ.പി. സിങ് പറഞ്ഞു. പ്രതിഷേധക്കാര്‍ തമ്മിലുണ്ടായ വെടിവെപ്പിലാണ് മരണങ്ങളെന്നും അദ്ദേഹം പറഞ്ഞു.സംഘര്‍ഷങ്ങളുടെപേരില്‍ ആയിരത്തോളം പേരെ അറസ്റ്റുചെയ്തു.
5,000 ആളുകളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. കരുതല്‍ നടപടിയെന്നനിലയില്‍ ശനിയാഴ്ച 600 പേരെ കസ്റ്റഡിയിലെടുത്തു. സംഘര്‍ഷമേഖലകളിലെല്ലാം അര്‍ധസൈനികരെ വിന്യസിച്ചിട്ടുണ്ട്. എട്ടുജില്ലകളില്‍ കൂടി ഇന്റര്‍നെറ്റ് റദ്ദാക്കി. ഇതോടെ സംസ്ഥാനത്ത് ഇന്റര്‍നെറ്റ് വിലക്കുള്ള ജില്ലകളുടെ എണ്ണം 21 ആയി.രാംപുരിലാണ് ശനിയാഴ്ച കനത്ത സംഘര്‍ഷമുണ്ടായത്. ഏറ്റുമുട്ടലില്‍ പോലീസുകാര്‍ക്കുള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. കാന്‍പുരിലെ യത്തീംഖാന പ്രദേശത്ത് പോലീസ് കാവല്‍പ്പുരയ്ക്ക് പ്രതിഷേധക്കാര്‍ തീവെച്ചു. കല്ലേറിനെത്തുടര്‍ന്ന് പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.ജനങ്ങള്‍ അക്രമം അവസാനിപ്പിക്കണമെന്നും സമാധാനം പാലിക്കണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭ്യര്‍ഥിച്ചു. സംസ്ഥാനത്തിനു പുറത്തുള്ള പരിപാടികളെല്ലാം ഉപേക്ഷിച്ച് ലഖ്‌നൗവില്‍തങ്ങി അദ്ദേഹം സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്.
https://www.facebook.com/Malayalivartha



























