ദേശീയ പൗരത്വരജിസ്റ്റര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ആസാമില്‍ 970 അനധികൃത കുടിയേറ്റക്കാര്‍ തടവിലുണ്ടെന്ന് പാര്‍ലമെന്റ് രേഖകള്‍, ആസമില്‍ ആറ് തടങ്കല്‍ പാളയങ്ങളുണ്ട്, 646 പുരുഷന്മാരും 324 സ്ത്രീകളും ഉള്‍പ്പെടെ 970 തടവുകാരാണ് ഇവിടങ്ങളിലുള്ളത്

ദേശീയ പൗരത്വരജിസ്റ്റര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ആസാമില്‍ 970 അനധികൃത കുടിയേറ്റക്കാര്‍ തടവിലുണ്ടെന്ന് പാര്‍ലമെന്റ് രേഖകള്‍. ആസമില്‍ ആറ് തടങ്കല്‍ പാളയങ്ങളുണ്ട്. 646 പുരുഷന്മാരും 324 സ്ത്രീകളും ഉള്‍പ്പെടെ 970 തടവുകാരാണ് ഇവിടങ്ങളിലുള്ളത്. ഗോള്‍പരയില്‍ 186 പുരുഷന്മാരും 15 സ്ത്രീകളും ഉള്‍പ്പെടെ 201 പേരും കൊക്രാജറില്‍ 9 പുരുഷന്മാരും 131 സ്ത്രീകളും അടക്കം 140 പേരും സില്‍ച്ചറില്‍ 57 പുരുഷന്മാരും 14 സ്ത്രീകളും കൂടി 71 പേരും ദിബ്രുഗഡില്‍ 38 പുരുഷന്മാരും രണ്ട് സ്ത്രീകളും അടക്കം 40 പേരും ജോഹത്തില്‍ 132 പുരുഷന്മാരും 64 സ്ത്രീകളും കൂടി 196 പേരും തേസ്പുരില്‍ 224 പുരുഷന്മാരും 98 സ്ത്രീകളും അടക്കം 322 പേരുമാണ് അനധികൃതമായി കുടുയേറിയതിന് തടങ്കലില്‍ കഴിയുന്നതെന്ന് കേന്ദ്രആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി ഡിസംബര്‍ മൂന്നിന് ബദറുദ്ദീന്‍ അജ്മലിനു നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.
മൂന്നു വര്‍ഷത്തിലേറെയായി തടവില്‍ കഴിയുന്നവരുടെ കണക്കുകളും പുറത്തായിട്ടുണ്ട്. ലോക്‌സഭയില്‍ അബ്ദുല്‍ ഖലേഖിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് നല്‍കിയ മറുപടിയിലാണു ഇക്കാര്യങ്ങളുള്ളത്. അസമിലെ തടങ്കല്‍ കേന്ദ്രങ്ങളില്‍ (ഡിറ്റന്‍ഷന്‍ സെന്റര്‍) അനധികൃത കുടിയേറ്റക്കാരെന്നു തെളിഞ്ഞ 181 പേരും (ഡിക്ലയേഡ് ഫോറിനേഴ്‌സ് / ഇന്ത്യന്‍ പൗരത്വം തെളിയിക്കാന്‍ പറ്റാത്തവര്‍) കുറ്റവാളികളായ 44 പേരും (അനധികൃത കുടിയേറ്റക്കാരോ, കുറ്റവാളികളോ ആയവര്‍്) മൂന്നു വര്‍ഷത്തിലേറെയായി തടങ്കലില്‍ കഴിയുന്നുണ്ട് എന്നാണ് ഡിസംബര്‍ 10ന് കേന്ദ്രമന്ത്രി നിത്യാനന്ദ് നല്‍കിയ മറുപടി. 2019ല്‍ മാത്രം 289 അനധികൃത കുടിയേറ്റക്കാരെ തടങ്കലിലാക്കി. മൂന്നുവര്‍ഷത്തിലധികം പൂര്‍ത്തിയാക്കിയ 128 തടവുകാരെ സുപ്രീംകോടതി ഉത്തരവനുസരിച്ചു മോചിപ്പിച്ചു.
ആകെയുള്ള അനധികൃത കുടിയേറ്റക്കാരില്‍ 290 പേര്‍ സ്ത്രീകളാണ്. 227 വിദേശികളെ സ്വന്തം രാജ്യത്തേക്ക് നാടുകടത്തിയെന്നും മന്ത്രി പറഞ്ഞു. അന്നേ ദിവസം തന്നെ ദിവ്യേന്ദു അധികാരിക്കു നല്‍കിയ മറുപടിയില്‍, തടങ്കല്‍ കേന്ദ്രങ്ങളില്‍ ആറു മാസത്തിനിടെ ആത്മഹത്യകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അടിസ്ഥാന സൗകര്യങ്ങളുള്ള വെവ്വേറെ മുറികളാണു സെന്ററുകളിലുള്ളത്. തടവുകാരായ സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടതായി വിവരമില്ല. കുടുംബാംഗങ്ങളെയും നിയമ വിദഗ്ധരെയും കാണുന്നതിനു തടവുകാര്‍ക്കു വിലക്കുകളില്ലെന്നും സഹമന്ത്രി കിഷന്‍ റെഡ്ഡി പറഞ്ഞു.
ഇതേ പ്രശ്‌നത്തില്‍ അബ്ദുല്‍ ഖലേഖിന്റെ മറ്റു ചോദ്യങ്ങള്‍ക്ക് നവംബര്‍ 19ന് മറുപടി നല്‍കിയത് കേന്ദ്രമന്ത്രി നിത്യാനന്ദ് റായ് ആണ്. അസമിനു പുറത്ത് മറ്റേതെങ്കിലും സംസ്ഥാനങ്ങളില്‍ തടങ്കല്‍ കേന്ദ്രങ്ങളുണ്ടോ എന്നായിരുന്നു പ്രധാനചോദ്യം. നിലവില്‍ അസമില്‍ മാത്രമേയുള്ളൂ എന്നായിരുന്നു ഉത്തരം. അവിടെ ആറു കേന്ദ്രങ്ങളിലായി 1043 പേര്‍ കഴിയുന്നുണ്ട് എന്നായിരുന്നു മറുപടി. അസമില്‍ ആറ് തടങ്കല്‍ പാളയങ്ങളുള്ളതായി അന്നും കേന്ദ്രം വ്യക്തമാക്കി. 2019 ജൂണ്‍ 25ലെ കണക്കനുസരിച്ച് 1133 പേരാണ് ഈ കേന്ദ്രങ്ങളിലായി കഴിയുന്നത്. ഒരു വര്‍ഷം പിന്നിട്ട 769 പേരും മൂന്നു വര്‍ഷം പിന്നിട്ട 335 പേരുമുണ്ട്. ഇത്തരത്തില്‍ വ്യത്യസ്തമായ കണക്കുകളാണ് മന്ത്രിമാര്‍ തന്നെ പുറത്ത് വിടുന്നത്. ഇതില്‍ വ്യക്തത വരുത്തേണ്ട ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനാണ്.
https://www.facebook.com/Malayalivartha