പിഎഫ് വിഹിതം: പദ്ധതി പരിഷ്‌കരിക്കുമെന്ന് സൂചന

പ്രോവിഡന്റ് ഫണ്ട് വിഹിതവുമായി ബന്ധപ്പെട്ട നിബന്ധനകളില്‍ മാറ്റംവരുത്തി കൂടുതല്‍ ആളുകളിലേക്കെത്തിക്കാന്‍ ഉദ്ദേശ്യം. നൂറില്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളുടെ പ്രോവിഡന്റ് ഫണ്ട് വിഹിതം 3 മാസത്തേക്ക് സര്‍ക്കാര്‍ അടയ്ക്കുന്നതു ഫലപ്രദമായില്ലെന്ന ആക്ഷേപത്തിനിടെയാണ് പദ്ധതി പരിഷ്‌കരിക്കുമെന്നുള്ള സൂചന.
ധനമന്ത്രി നിര്‍മല സീതാരാമന്‍ മാര്‍ച്ച് 27-ന് പ്രഖ്യാപിച്ച കോവിഡ് പാക്കേജിലാണ് നൂറില്‍ താഴെ ജീവനക്കാരുള്ളതും 90% പേരും 15,000 രൂപയില്‍ താഴെ ശമ്പളം വാങ്ങുന്നതുമായ സ്ഥാപനങ്ങളിലെ തൊഴിലാളി, തൊഴിലുടമ പിഎഫ് വിഹിതം (24%) സര്‍ക്കാര്‍ അടയ്ക്കുമെന്നു പ്രഖ്യാപിച്ചത്. ഒരാഴ്ചയ്ക്കകം ഇതിന്റെ വിജ്ഞാപനം പുറപ്പെടുവിച്ചു. 4800 കോടി രൂപ ചെലവാകുമെന്നും 6 കോടിയോളം പേര്‍ക്ക് ഉപകാരപ്രദമാകുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു.
എന്നാല്‍ പല സ്ഥാപനങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചിട്ടും ആനുകൂല്യം ലഭിക്കുന്നില്ലെന്നാണു പരാതി. പ്രാദേശിക ഓഫിസുകള്‍ ഇക്കാര്യത്തില്‍ അജ്ഞത പ്രകടിപ്പിക്കുന്നതായും ഇപിഎഫ്ഒയ്ക്കു പരാതികള്‍ ലഭിച്ചു. അതിനിടെ, കോവിഡ് മൂലമുള്ള തൊഴില്‍നഷ്ടവും ശമ്പളം വെട്ടിക്കുറയ്ക്കലും സംബന്ധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇപി എഫ്ഒയോടു തൊഴില്‍ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
പിഎഫ് പെന്‍ഷന്‍ പദ്ധതിയില്‍ തുക കമ്യൂട്ട് ചെയ്തവര്‍ക്ക് 15 വര്‍ഷത്തിനു ശേഷം പൂര്‍ണ പെന്‍ഷന്‍ അനുവദിച്ച് ഇപിഎഫ്ഒ വിജ്ഞാപനമിറക്കിയെങ്കിലും പലയിടത്തും ലഭിക്കുന്നില്ലെന്നു പരാതി. ഇതു സംബന്ധിച്ച ഇപിഎസ് ഭേദഗതി കഴിഞ്ഞ വര്‍ഷം അവസാനം തൊഴില്‍ മന്ത്രാലയം അംഗീകരിച്ചിരുന്നുവെങ്കിലും ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജ്ഞാപനമിറക്കിയത്. ഇപ്പോഴും നിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണു പല ഇപിഎഫ് പ്രാദേശിക ഓഫിസുകളും പറയുന്നത്.
100 ജീവനക്കാരില്‍ താഴെ എന്ന പരിധി എടുത്തു കളയാനോ ഉയര്‍ത്താനോ ആലോചിക്കുന്നതായാണു റിപ്പോര്‍ട്ടുകള്‍. 90% ജീവനക്കാരും 15,000 രൂപയില്‍ താഴെ വരുമാനമുള്ളവര്‍ എന്ന നിബന്ധനയും മാറ്റിയേക്കും.
https://www.facebook.com/Malayalivartha























