കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായി പുതിയ പ്രതിഭാസം; രോഗബാധിതരില്‍ 80 ശതമാനവും രോഗലക്ഷണമില്ലാത്തവര്‍; സ്ഥിതി ആശങ്കാജനകമാണെന്നാണ് ഐ.സി.എം.ആര്‍. സീനിയര്‍ സയന്റിസ്റ്റ് ഡോ. ആര്‍. ഗംഗാഖേദ്കര്‍

രാജ്യത്ത് കോവിഡ്-19 ബാധിച്ചവരുടെ കേസില്‍ പുതിയ പ്രതിഭാസം. രോഗബാധിതരില്‍ 80 ശതമാനവും രോഗലക്ഷണമില്ലാത്തവര്‍. 50 മാധ്യമപ്രവര്‍ത്തകരുടെ പരിശോധനയിലും അത് വ്യക്തമാക്കപ്പെട്ടിരുന്നു. ഈ സ്ഥിതി ആശങ്കാജനകമാണെന്നാണ് ഐ.സി.എം.ആര്‍. സീനിയര്‍ സയന്റിസ്റ്റ് ഡോ. ആര്‍. ഗംഗാഖേദ്കര്‍ പ്രതികരിച്ചത്. രോഗലക്ഷണമില്ലാത്ത ഒട്ടേറെ കൊറോണ വൈറസ് വാഹകരുണ്ടാകാം. എല്ലാവരെയും പരിശോധിച്ച് രോഗബാധിതരെ കണ്ടെത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി അവരെ പരിശോധിക്കുക മാത്രമാണു പോംവഴിയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസങ്ങളില്‍ ഡല്‍ഹിയില്‍ ശേഖരിച്ച 736 സാംപിളുകളില്‍ കോവിഡ് സ്ഥിരീകരിച്ച 186 പേര്‍ക്ക് രോഗലക്ഷണങ്ങളില്ലായിരുന്നെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. രോഗലക്ഷണങ്ങളില്ലാതിരുന്നതിനാല്‍ തങ്ങള്‍ വൈറസ് വാഹകരാണെന്ന് അവര്‍ക്ക് അറിയില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതുപോലെതന്നെ ആഗോളതലത്തില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 80 ശതമാനം രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരോ, ചെറിയ ലക്ഷണങ്ങള്‍ കാണിക്കുന്നവരോ ആണെന്ന് ആരോഗ്യമന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. കോവിഡ് സ്ഥിരീകരിച്ചവരില്‍ 20 ശതമാനംപേരില്‍ മാത്രമേ രോഗം ഗുരുതരാവസ്ഥയിലോ അതീവ ഗുരുതരാവസ്ഥയിലേക്കോ മാറുകയുള്ളൂ. 15 ശതമാനം കേസുകളില്‍ ഓക്സിജന്‍ സഹായത്തോടെ ചികിത്സ നല്‍കേണ്ടിവരും. അഞ്ചു ശതമാനം രോഗികള്‍ക്കുമാത്രമേ വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ചികിത്സാസഹായം വേണ്ടിവരികയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു
രോഗലക്ഷണങ്ങള്‍ കാണിക്കാത്ത കോവിഡ് ബാധിതരിലേറെയും 20-45 വയസ്സിന് ഇടയിലുള്ളവരാണ്. ചില മരുന്നുകള്‍ കഴിക്കുന്ന പ്രായമുള്ളവരിലും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടില്ല. രോഗപ്രതിരോധശേഷി കുറഞ്ഞവരിലും മറ്റു രോഗങ്ങളുള്ളവരിലുമാണ് കോവിഡ് ലക്ഷണങ്ങള്‍ വേഗം കണ്ടുതുടങ്ങുക. വിവിധ സംസ്ഥാനങ്ങള്‍ നല്‍കിയ കണക്കുകള്‍പ്രകാരം കോവിഡ് സ്ഥിരീകരിച്ചവരില്‍ 50 മുതല്‍ 82 വരെ ശതമാനം രോഗലക്ഷണങ്ങളില്ലാത്തവരായിരുന്നു. അസമില്‍ കോവിഡ് സ്ഥിരീകരിച്ചവരില്‍ 82 ശതമാനംപേര്‍ക്കും രോഗലക്ഷണമില്ലായിരുന്നു. പഞ്ചാബിലെയും ഉത്തര്‍പ്രദേശിലെയും രോഗികളില്‍ 75 ശതമാനത്തിനും കര്‍ണാടകത്തിലെ 60 ശതമാനത്തിനും മഹാരാഷ്ട്രയിലെ 65 ശതമാനത്തിനും ഹരിയാണയിലെ 50 ശതമാനത്തിലെറെപ്പേര്‍ക്കും രോഗലക്ഷണവുമില്ലായിരുന്നു.
https://www.facebook.com/Malayalivartha























