' കപൂര്‍ ഹവേലി '; നടന്‍ രാജ് കപൂറിന്റെ ജന്മഗൃഹം പൊളിച്ചു നീക്കി വാണിജ്യ സമുച്ഛയം പണിയാന്‍ നീക്കം

പാകിസ്ഥാനിലെ പെഷവാര്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ബോളിവുഡ് നടന്‍ രാജ് കപൂറിന്റെ ജന്മഗൃഹം തകര്‍ത്ത് വമ്ബന്‍ വാണിജ്യ സമുച്ഛയം പണിയാനുള്ള ഒരുക്കത്തിലാണെന്നാണ് സൂചന. 'ഇന്ത്യന്‍ സിനിമയിലെ ഷോ മാന്‍' ആയ രാജ് കുമാര്‍ ജനിച്ചത് പെഷവാറിലെ ഖ്വിസ ഖവ്നി ബസാറില്‍ സ്ഥിതി ചെയ്യുന്ന ' കപൂര്‍ ഹവേലി ' എന്ന ഈ കൂറ്റന്‍ ബംഗ്ലാവിലാണ്. നിലവില്‍ പെഷവാറിലെ സമ്ബന്നനായ ആഭരണ വ്യവസായി ഹാജി മുഹമ്മദ് ഇസ്‌റാര്‍ ആണ് ഇപ്പോള്‍ ഈ വീടിന്റെ ഉടമ.
' കപൂര്‍ ഹവേലി ' ബംഗ്ലാവ് ഒരു മ്യൂസിയമാക്കി മാറ്റണമെന്ന് 2018ല്‍ രാജ്കപൂറിന്റെ മകനായ അന്തരിച്ച ബോളിവുഡ് താരം റിഷി കപൂര്‍ പാകിസ്ഥാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. റിഷിയുടെ ആവശ്യം അധികൃതര്‍ സമ്മതിയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ കെട്ടിടം സ്ഥിതി ചെയ്യുന്ന ഖൈബര്‍ - പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ഭരണകൂടം കെട്ടിടം വാങ്ങുന്നതിനായി നിശ്ചയിച്ച തുകയുടെ പേരില്‍ ഉടമയുമായി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു.
ചരിത്രപ്രാധാന്യമുള്ള കപൂര്‍ ഹവേലി ഏറ്റെടുക്കുന്നത് വഴി നിരവധി ടൂറിസ്റ്റുകളെ ഖൈബര്‍ - പഖ്തുന്‍ഖ്വ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നു. ഏകദേശം 5 കോടിയോളം പാകിസ്ഥാനി രൂപയാണ് ഈ സ്ഥലത്തിന്റെ വില. എന്നാല്‍ നഗരത്തിന്റെ കണ്ണായ ഈ പ്രദേശത്ത് വാണിജ്യ സമുച്ഛയം പണിയണമെന്ന തീരുമാനത്തില്‍ ഉറച്ചു നില്ക്കുകയാണ് ഉടമ.
കുറഞ്ഞത് മൂന്ന് തവണയെങ്കിലും കപൂര്‍ ഹവേലി പൊളിച്ചു മാറ്റാന്‍ ഉടമ ശ്രമം നടത്തിയിരുന്നു. ഖൈബര്‍ - പഖ്തുന്‍ഖ്വയിലെ ഹെറിറ്റേജ് ഡിപ്പാര്‍ട്ട്മെന്റ് ഇടപ്പെട്ടാണ് ഇത് തടഞ്ഞത്. അതേ സമയം, ഏത് സമയവും നിലംപൊത്താവുന്ന നിലയിലാണ് ദശാബ്ദങ്ങള്‍ പഴക്കമുള്ള കപൂര്‍ ഹവേലി ഇന്ന്. കെട്ടിടം സംരക്ഷിക്കാന്‍ അധികൃതര്‍ മുന്നോട്ട് വന്നില്ലെങ്കില്‍ യാതൊരു പരിപാലനവുമില്ലാതെ കിടക്കുന്ന നാല്പ്പതോളം മുറികളുള്ള കെട്ടിടം ഏത് നിമിഷവും തകര്‍ന്നുവീഴുമെന്ന് സമീപവാസികള്‍ പറയുന്നു.
1990കളില്‍ റിഷി കപൂറും സഹോദരന്‍ റണ്‍ധീര്‍ കപൂറും ഇവിടം സന്ദര്‍ശിച്ചിരുന്നു. രാജ് കപൂറിന്റെ മുത്തച്ഛന്‍ ബശേശ്വര്‍നാഥ് കപൂറാണ് കപൂര്‍ ഹവേലി നിര്‍മിച്ചത്. രാജ് കപൂറിന്റെ പിതാവും നടനുമായ പ്രിത്വിരാജ് കപൂറും ഇവിടെയാണ് ജീവിച്ചത്. 1947ല്‍ ഇന്ത്യാ - പാകിസ്ഥാന്‍ വിഭജനത്തോടെ കപൂര്‍ കുടുംബം ഇന്ത്യയിലേക്കെത്തുകയും മുംബയില്‍ താമസമാക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha


























