ഗുജറാത്തില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് രാത്രിസഞ്ചാരത്തി നിറങ്ങിയ മന്ത്രിപുത്രനെ തടഞ്ഞ പോലീസുകാരിയെ സ്ഥലം മാറ്റിയ നടപടിക്കെതിരേ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തം

ഗുജറാത്തില്‍ മുഖാവരണംപോലും ധരിക്കാതെ രാത്രിസഞ്ചാരത്തിനിറങ്ങിയ മന്ത്രിപുത്രനെയും സുഹൃത്തുക്കളെയും തടഞ്ഞ വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ സ്ഥലം മാറ്റിയ നടപടിക്കെതിരേ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തം. സമ്മര്‍ദം ശക്തമായതോടെ മന്ത്രിപുത്രനെയും സംഘത്തെയും അറസ്റ്റ് ചെയ്ത് മുഖംരക്ഷിക്കല്‍ നടപടിയുമായി പോലീസ്.
സൂറത്തിനു സമീപം കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവങ്ങളുടെ തുടക്കം. കോവിഡിന്റെ പശ്ചാത്തലത്തിലെ രാത്രികാല യാത്രകള്‍ക്കുള്ള കര്‍ശനനിയന്ത്രണം ലംഘിച്ച് ഇരുചക്രവാഹനത്തിലെത്തിയ യുവാക്കളെ കോണ്‍സ്റ്റബിള്‍ സുനിതാ യാദവ് തടഞ്ഞിരുന്നു. സംസ്ഥാന ആരോഗ്യസഹമന്ത്രി കുമാര്‍ കനാനിയുടെ മകന്‍ പ്രകാശ് കനാനിയുടെ സുഹൃത്തുക്കളായിരുന്നു യുവാക്കള്‍. യാത്ര അനുവദിക്കാനാകില്ലെന്നു കോണ്‍സ്റ്റബിള്‍ കര്‍ശന നിലപാടു സ്വീകരിച്ചതോടെ യുവാക്കള്‍ മന്ത്രിപുത്രനെ ഫോണില്‍ ബന്ധപ്പെട്ടു.
ഉടന്‍ പിതാവിന്റെ കാറില്‍ സ്ഥലത്തെത്തിയ പ്രകാശ് പോലീസുകാരിയുമായി വാഗ്വാദത്തിലേര്‍പ്പെട്ടു. ഇതേസ്ഥലത്ത് സുനിതയെ 365 ദിവസവും നിര്‍ത്താന്‍ ഭരണതലത്തില്‍ തനിക്കു സ്വാധീനമുണ്ടെന്നു പ്രകാശ് ഭീഷണിപ്പെടുത്തി. അതിനു വഴങ്ങാന്‍ താന്‍ മന്ത്രി അടക്കമുള്ളവരുടെ അടിമയല്ലെന്നു സുനിത തിരിച്ചടിച്ചു. ചൂടേറിയ വാക്കേറ്റത്തിന്റെ ദൃശ്യങ്ങളും ശബ്ദരേഖയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനുപിന്നാലെ സുനിതയെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലേക്കു സ്ഥലംമാറ്റി അധികൃതര്‍ ഉത്തരവിറക്കി.
മന്ത്രിപുത്രന്‍ ഉള്‍പ്പെട്ട സംഘം രാത്രിജോലിക്കിടെ ഭീഷണിപ്പെടുത്തിയെന്നു കാട്ടി സുനിത സമര്‍പ്പിച്ച പരാതി അവഗണിച്ചായിരുന്നു സ്ഥലംമാറ്റം. സംഭവത്തിനു പിന്നാലെ സുനിത ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അവധിയെടുത്തതു ഭരണതലത്തില്‍നിന്നുള്ള സമ്മര്‍ദം താങ്ങാന്‍ കഴിയാതെയാണെന്ന പ്രചാരണവും ശക്തമായി. ഇതോടെ നിയമലംഘനം ചോദ്യംചെയ്ത കോണ്‍സ്റ്റബിളിനു നീതി ഉറപ്പാക്കണമെന്നു സാമൂഹികമാധ്യമങ്ങളില്‍ മുറവിളി ഉയര്‍ന്നു.
വിഷയം വിവാദമായതോടെ സുനിതയുടെ പരാതിയില്‍ അന്വേഷണം നടത്താന്‍ സൂറത്ത് പോലീസ് കമ്മിഷണര്‍ ഉത്തരവിട്ടു. ഇതിനു പിന്നാലെ ഞായറാഴ്ച പ്രകാശിനെയും സുഹൃത്തുക്കളായ മറ്റു രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയും ചെയ്തു. താന്‍ സമര്‍പ്പിച്ച പരാതിയില്‍ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് സുനിത രാജിക്കത്ത് സമര്‍പ്പിച്ചെങ്കിലും ശരിയായ മാതൃകയിലല്ലെന്നുകാട്ടി മേലധികാരികള്‍ സ്വീകരിച്ചില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha

























