പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രസംഗം നടത്തിയ ജെ.എന്‍.യു വിദ്യാര്‍ത്ഥി ഷര്‍ജില്‍ ഇമാമിനെതിരെ കുറ്റപത്രം; രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് പട്യാല ഹൗസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്

ജാമിയ മിലിയ സര്‍വകലാശാലയില്‍ പൗരത്വ നിയമ ഭേഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി ഷര്‍ജില്‍ ഇമാമിനെതിരെ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായിരുന്ന ഷഹീന്‍ ബാഗില്‍ വച്ച് സംഘര്‍ഷമുണ്ടാക്കുന്ന രീതിയില്‍ വിദ്വേഷ പ്രസംഗം നടത്തി എന്നതാണ് ഷര്‍ജീലിന് എതിരെയുള്ള കേസ്. രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് പട്യാല ഹൗസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. മുപ്പത്തൊന്നുകാരനായ ഷര്‍ജില്‍ ബോംബെ ഐ.ഐ.ടിയില്‍ നിന്ന് കമ്ബ്യൂട്ടര്‍ സയന്‍സില്‍ എം.ടെക്ക് ബിരുദം നേടിയശേഷം ആധുനിക ഇന്ത്യാ ചരിത്രത്തില്‍ ഉപരിപഠനത്തിനായി ജെ.എന്‍.യുവില്‍ ചേരുകയായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ അറസ്റ്റില്‍ ആയ ഷര്‍ജീലിന് എതിരെ പിന്നീട് യു.എ.പി.എ ചുമത്തുകയായിരുന്നു. ജനുവരി 16ന് ഷര്‍ജീല്‍ നടത്തിയ ഒരു പ്രസംഗമാണ് കേസുകള്‍ക്ക് പ്രധാന ആധാരം. രാജ്യത്തിന്റെ പരമാധികാരത്തിനും ഐക്യത്തിനും ദോഷം ചെയ്യുന്ന തരത്തില്‍ ഷര്‍ജില്‍ ഇമാം പ്രവര്‍ത്തിച്ചു എന്നാണ് കുറ്റപത്രത്തിലെ ആരോപണം. കൊവിഡ് ബാധിതന്‍ ആയ ഷര്‍ജില്‍ ഇമാം നിലവില്‍ ഗുവാഹത്തി സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്. രോഗം ഭേദമായതിന് ശേഷം ഇയാളെ ഡല്‍ഹിയിലേക്ക് കൊണ്ടുവരും.
https://www.facebook.com/Malayalivartha
























