പത്ത് ദിവസം അടുപ്പിച്ച് 'ഹനുമാന്‍ ചാലീസ' കോവിഡിനെ തുരത്താൻ ബി.ജെ.പി എം.പി പ്രഗ്യ സിംഗ് താക്കൂര്‍

കൊവിഡ് രോഗത്തിൽ നിന്നും രാജ്യത്തെ രക്ഷിക്കാനായി വന്‍ ജനാവലിയോടൊപ്പം പത്ത് ദിവസം അടുപ്പിച്ച് 'ഹനുമാന്‍ ചാലീസ' ചൊല്ലാനൊരുങ്ങി ഭോപ്പാലിലെ ബി.ജെ.പി എം.പി പ്രഗ്യ സിംഗ് താക്കൂര്‍. ഹിന്ദു ദൈവമായ 'ഹനുമാനെ' സ്തുതിക്കുന്ന ഗീതങ്ങളാണ് ഹനുമാന്‍ ചാലീസ. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പ്രഗ്യ, ഭോപ്പാലിലെയും രാജ്യത്തെയും ഹിന്ദുക്കളെ തന്നോടൊപ്പം ഈ സ്തുതിഗീതങ്ങള്‍ ചൊല്ലാനായി ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.
ജൂലൈ 25 മുതല്‍ ആഗസ്റ്റ് അഞ്ച് വരെയുള്ള ദിവസങ്ങളില്‍ വൈകിട്ട് ഏഴു മണിക്ക്, അഞ്ച് തവണയായി ഹനുമാന്‍ ചാലീസ ചൊല്ലാനാണ് ഒരുങ്ങുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ രാജ്യത്തെ കൊവിഡില്‍ നിന്നും മോചിപ്പിക്കാന്‍ കഴിയുമെന്ന് പ്രഗ്യ വീഡിയോയില്‍ പറയുന്നു.
ഇത് സംബന്ധിച്ച് താന്‍ ശ്രീരാമ ഭഗവാനോട് പ്രാര്‍ത്ഥന നടത്തിയതായും പ്രഗ്യ പറയുന്നു. മദ്ധ്യപ്രദേശ് സര്‍ക്കാര്‍ കൊവിഡിനെ നിയന്ത്രിക്കാനായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, രോഗത്തെ ഇല്ലാതാക്കാനായി 'നമ്മള്‍ ആത്മീയപരമായും ശ്രമിക്കേണ്ടതാണെ'ന്നും പ്രഗ്യ സിംഗ് പറയുന്നുണ്ട്.
അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയായി നടക്കുന്ന ഭൂമിപൂജയുടെ ദിവസമായ ആഗസ്ത് അഞ്ചിനാണ് പ്രാര്‍ത്ഥന അവസാനിപ്പിക്കേണ്ടത്. പ്രാര്‍ത്ഥന സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറും എന്നും പ്രഗ്യ പറയുന്നു.
https://www.facebook.com/Malayalivartha
























