കമല്‍ ഹാസന് വീണ്ടും തിരിച്ചടി; പാര്‍ട്ടിയിലെ രണ്ടാമനും രാജിവച്ചു, വഞ്ചകന്‍ പുറത്തു പോയതില്‍ സന്തോഷമുണ്ട്, തന്‍റെ ജീവിതം സുതാര്യമാണ്, ആരോടും ഒന്നും മറച്ചുവെക്കാൻ ശ്രമിച്ചിട്ടില്ല- കമൽ ഹാസൻ

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു പിന്നാലെ കമലാഹാസനും പാര്‍ട്ടിക്കും വീണ്ടും തിരിച്ചടി. മക്കള്‍ നീയി മയ്യം (എം.എന്‍.എം) വൈസ് പ്രസിഡന്‍റ് ആര്‍. മഹേന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. സംഘടനക്ക് ജനാധിപത്യ സ്വഭാവമില്ലെന്ന് ആരോപിച്ചായിരുന്നു രാജി.
മഹേന്ദ്രന്‍ വഞ്ചകനാണെന്ന് കമല്‍ പറഞ്ഞു. ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനൊരുങ്ങുകയായിരുന്നു. ഒരു പാഴ്‌ചെടി സ്വയം എം.എന്‍.എമ്മില്‍ നിന്നും പുറത്തു പോയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന് നാലു ദിവസങ്ങള്‍ക്ക് ശേഷം പാര്‍ട്ടിയിലെ ആറു നേതാക്കള്‍ രാജിക്കത്ത് നല്‍കിയതായി എം.എന്‍.എം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സംഘടനയില്‍ രണ്ടാം സ്ഥാനത്തുളള മഹേന്ദ്രയും രാജിവച്ചിരിക്കുന്നത്.
234 അംഗ നിയമസഭയില്‍ ഒരു സീറ്റ് പോലും നേടാന്‍ എം.എന്‍.എമ്മിന് കഴിഞ്ഞില്ല. കോയമ്പത്തൂരിലെ സിംഗ നല്ലൂര്‍ മണ്ഡലത്തിലാണ് മഹേന്ദ്രന്‍ മത്സരിച്ചത്. കമലിന് രാജിക്കത്ത് സമര്‍പ്പിച്ചതായി അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തലപ്പത്തിരിക്കുന്ന കുറച്ച് ഉപദേഷ്ടാക്കന്‍മാരാണ് പാര്‍ട്ടിയെ നയിക്കുന്നത്. കമൽ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടു പോകുന്നത് ശരിയായ രീതിയില്‍ അല്ലെന്നും അദ്ദഹം പറഞ്ഞു.
ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് പാര്‍ട്ടിയുടേത്. എം.എന്‍.എമ്മില്‍ ജനാധിപത്യം ഇല്ലെന്ന് തനിക്ക് തോന്നുന്നതായും മഹേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. എ.ജി. മൗര്യ, എം. മുരുകാനന്ദം, സി.കെ. കുമാരവേല്‍, ഉമാദേവി എന്നിവരാണ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ച മറ്റ് പ്രമുഖര്‍.
തന്‍റെ ജീവിതം സുതാര്യമാണെന്നും ആരോടും ഒന്നും മറച്ചുവയ്ക്കാന്‍ ശ്രമിച്ചിട്ടില്ലന്നും കമല്‍ അവകാശപ്പെട്ടു. പാര്‍ട്ടിപ്രവര്‍ത്തകര്‍ വിഷമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























