മോദി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ പരാജയപ്പെടുത്തി; കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി

കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മോദി സര്‍ക്കാര്‍ നമ്മുടെ രാജ്യത്തെ ജനങ്ങളെ പരാജയപ്പെടുത്തി. രാജ്യത്തെ സംവിധാനങ്ങള്‍ പരാജയപ്പെട്ടിട്ടില്ലെങ്കിലും പ്രധാനമന്ത്രി എന്ന നിലയില്‍ മോദി പരാജയമായിരുന്നുവെന്നും സോണിയ ഗാന്ധി പറഞ്ഞു.
രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്രം ഉടന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും അവര്‍ അവശ്യപ്പെട്ടു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗിത്തിലാണ് സോണിയ ഇക്കാര്യം ആവശ്യപ്പെട്ടത്. രാജ്യത്തെ ജനങ്ങള്‍ക്ക് ആവശ്യമായ വാക്സിന് ഓര്‍ഡര്‍ ചെയ്യുന്നതിലും കേന്ദ്രം പരാജയപ്പെട്ടു. എല്ലാ തരത്തിലുള്ള ആശയവിനിമയവും ബധിര കര്‍ണങ്ങളിലാണ് പതിച്ചത്. അവയോടൊന്നും സര്‍ക്കാര്‍ അര്‍ഥവത്തായ രീതിയിലല്ല പ്രതികരിച്ചത്. സ്വയം ഉത്തരം കണ്ടെത്തുമെന്ന പോലെയാണ് സര്‍ക്കാര്‍ പെരുമാറിയതെന്നും മോദിക്ക് മന്മോഹന് സിംഗും രാഹുല്‍ ഗാന്ധിയും എഴുതിയ കത്തുകളെ പരാമര്‍ശിച്ച് സോണിയ പറഞ്ഞു,
ഇത് സര്‍ക്കാരും നമ്മളും തമ്മിലുള്ള യുദ്ധമല്ല, പകരം കൊറോണയും നമ്മളും തമ്മിലുള്ള യുദ്ധമാണ്. ഈ പ്രതിസന്ധിയെ നേരിടാന്‍ ശാന്തവും കഴിവുറ്റതും ദീര്‍ഘവീക്ഷണവുമുള്ള ഒരു നേതൃത്വമാണ് ആവശ്യം. ജനങ്ങളോട് സഹാനുഭൂതിയില്ലാത്ത ഒരു രാഷ്ട്രീയ നേതൃത്വം മൂലം രാജ്യം മുടന്തുകയാണ്. മോദി സര്‍ക്കാരിന്റെ നിസംഗതയുടെയും കഴിവില്ലായ്മയുടെയും ഭാരം മൂലം നാം മുങ്ങിക്കൊണ്ടിരിക്കുകയാണ്. നമ്മള് സേവനത്തിലൂടെ സ്വയം സമര്‍പ്പിക്കേണ്ട സമയമാണ് ഇതെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























