രാജ്യത്തിനായി നേടിയ മെഡലുകള്‍ ഗംഗാ നദിയില്‍ ഒഴുക്കാനെത്തിയ ഗുസ്തി താരങ്ങളെ ആശ്വസിപ്പിച്ച് കര്‍ഷക നേതാക്കളും ജാട്ട് നേതാക്കളും
ലൈംഗിക പീഡന പരാതിയില്‍ ദേശീയ ഗുസ്തി ഫെഡറേഷന് അദ്ധ്യക്ഷനും ബി ജെ പി എം പിയുമായ ബ്രിജ് ഭൂഷണ് സിംഗിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് രാജ്യത്തിനായി നേടിയ മെഡലുകള്‍ ഗംഗാ നദിയില്‍ ഒഴുക്കാനെത്തിയ ഗുസ്തി താരങ്ങളെ ആശ്വസിപ്പിച്ച് കര്‍ഷക നേതാക്കളും ജാട്ട് നേതാക്കളും. ഹരിദ്വാറില്‍ ഗംഗാനദീതടത്തില്‍ നടന്ന അതിവൈകാരികമായ ഒത്തുചേരലില്‍ ഗുസ്തി താരങ്ങള്‍ നേടിയ മെഡലുകള്‍ സംഘടനാ നേതാക്കള്‍ ഏറ്റുവാങ്ങി. തങ്ങള്‍ ഒപ്പമുണ്ടെന്ന് കര്‍ഷക, ജാട്ട് നേതാക്കള്‍ ഗുസ്തി താരങ്ങളെ അറിയിച്ചു. ഇതോടെ പ്രതിഷേധം അവസാനിപ്പിച്ച് ഗുസ്തി താരങ്ങള്‍ പിന്‍വാങ്ങി.
കര്‍ഷക നേതാവ് നരേഷ് ടിക്കായത്ത് അടക്കമുള്ളവരെത്തിയാണ് ഗുസ്തി താരങ്ങളെ ആശ്വസിപ്പിച്ചത്. അഞ്ച് ദിവസത്തിനകം പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ തങ്ങള്‍ തിരികെവരുമെന്നാണ് ഗുസ്തി താരങ്ങളുടെ നിലപാട്. നരേഷ് ടിക്കായത്താണ് മെഡലുകള്‍ ഏറ്റുവാങ്ങിയത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഉള്‍പ്പെടെ നേടിയ മെഡലുകള്‍ ഒഴുക്കി 'മെഡല്‍ വിസര്‍ജന്‍' നടത്തുമെന്നാണ് ഗുസ്തി താരങ്ങള്‍ പ്രഖ്യാപിച്ചിരുന്നത്. ലൈംഗിക പീഡന പരാതിയില്‍ ദേശീയ ഗുസ്തി ഫെഡറേഷന് അദ്ധ്യക്ഷനും ബി ജെ പി എം പിയുമായ ബ്രിജ് ഭൂഷണ് സിംഗിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചായിരുന്നു കടുത്ത തീരുമാനം.
വൈകിട്ട് ആറുമണിയ്ക്ക് ഹരിദ്വാറില്‍ ഗംഗയില്‍ മെഡലുകള്‍ എറിയുമെന്നും ഇന്ത്യാ ഗേറ്റില്‍ നിരാഹാര സമരമിരിക്കുമെന്നുമാണ് കായികതാരങ്ങള്‍ അറിയിച്ചത്. 'ഈ മെഡലുകള്‍ ഞങ്ങളുടെ ജീവിതമാണ്, ആത്മാവാണ്. ഞങ്ങള്‍ വിയര്‍പ്പൊഴുക്കി നേടിയ മെഡലുകള്‍ക്ക് വിലയില്ലാതായി. മെഡലുകള്‍ ഗംഗയില്‍ ഒഴിക്കിയതിനുശേഷം രക്തസാക്ഷികളുടെ ഓര്‍മകളുള്ള ഇന്ത്യാഗേറ്റില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും' ഗുസ്തി താരം ബജ്രംഗ് പുനിയ വ്യക്തമാക്കി.
https://www.facebook.com/Malayalivartha