ഖുശ്ബുവിനും തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയ്ക്കും എതിരായി നടത്തിയ അധിക്ഷേപ പരാമര്‍ശം... ഡിഎംകെ വക്താവായിരുന്ന ശിവാജി കൃഷ്ണമൂര്‍ത്തിയെ പോലീസ് അറസ്റ്റ് ചെയ്തു

ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷന്‍ അംഗവുമായ ഖുശ്ബുവിനും തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയ്ക്കും എതിരായി നടത്തിയ അധിക്ഷേപ പരാമര്‍ശത്തിന്റെ പേരില്‍ ഡിഎംകെ വക്താവായിരുന്ന ശിവാജി കൃഷ്ണമൂര്‍ത്തിയെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പൊലീസ് മുന്‍ ഡിഎം കെ നേതാവിനെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു.
നിരവധി സ്ത്രീകളടങ്ങുന്ന സദസിന് മുന്നില്‍ തനിക്കെതിരെ ശിവാജി കൃഷ്ണമൂര്‍ത്തി മോശമായി സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യം ഖുശ്ബു സമൂഹ മാദ്ധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു. ഡിഎംകെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുന്നവരുടെ താവളമായി മാറിയെന്നും സ്ത്രീകളെ അവഹേളിച്ച് സംസാരിക്കുന്നവര്‍ക്കാണ് ഡിഎംകെ അവസരങ്ങള്‍ വെച്ചുനീട്ടുന്നതെന്നും ഖുശ്ബു ശിവാജി കൃഷ്ണമൂര്‍ത്തിയുടെ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ച ട്വീറ്റില്‍ കുറിച്ചു. ഇതിന് പിന്നാലെ സെന്തില്‍ ബാലാജിയ്‌ക്കെതിരെ ഖുശ്ബു മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരഭരിതയായി പ്രതികരിച്ചിരുന്നു. വിഷയം തമിഴ്‌നാട് വനിതാ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായും അവര്‍ പറഞ്ഞു.
വീഡിയോ വിവാദത്തിന് തുടക്കമിട്ടതോടെ ശിവാജി കൃഷ്ണമൂര്‍ത്തിയ്ക്ക് ഡിഎംകെയിലെ അംഗത്വം നഷ്ടമായി. പാര്‍ട്ടിയ്ക്ക് അവമതിപ്പുണ്ടാക്കിയതിനാല്‍ ശിവാജി കൃഷ്ണമൂര്‍ത്തിയെ പുറത്താക്കിയതായി ഡിഎംകെ ജനറല്‍ സെക്രട്ടറി ദുരൈ മുരുഗനാണ് അറിയിച്ചത്. പിന്നാലെ ചെന്നൈ കൊടുങ്ങയൂര്‍ പൊലീസ് ശിവാജി കൃഷ്ണമൂര്‍ത്തിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഗവര്‍ണര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തിന് മുന്‍പ് സസ്‌പെന്‍ഷന്‍ നേരിട്ടിട്ടുള്ള നേതാവാണ് ശിവാജി സത്യമൂര്‍ത്തി.
https://www.facebook.com/Malayalivartha
























