ഇന്ത്യയിൽ 300 കോടിയിറക്കി ഫോക്സ്കോൺ - ഐഫോൺ.... ചൈനയിലെ പ്ലാന്റ് പൂട്ടിച്ചു

ഒട്ടനവധി പ്രതിസന്ധികൾ കാരണം പ്രതിസന്ധിയിലായ ചൈനയിലെ ഐഫോൺ നിർമ്മാണ പ്ലാന്റുകൾ ഇന്ത്യയിലേക്ക് മാറ്റിസ്ഥാപിക്കാൻ ഫോക്സ്കോൺ തയ്യാറെടുത്ത വാർത്തകൾ ഈയടുത്താണ് പുറത്ത് വന്നത്. തൊട്ടുപിറകെ ആപ്പിളിന്റെ കരാർ നിർമാണ കമ്പനികളിൽ ഒന്നായ തായ്വാനീസ് ഇലക്ട്രോണിക്‌സ് ഭീമൻ ഫോക്സ്‌കോൺ കർണാടകയിൽ ഐഫോൺ അസംബ്ലി യൂണിറ്റ് സ്ഥാപിക്കാൻ 13,600 കോടി രൂപ നിക്ഷേപിച്ച് അതിന് കൂടുതൽ ഊന്നൽ നൽകി. വിസ്‌ട്രോൺ, ഫോക്‌സ്‌കോൺ, പെഗാട്രോൺ എന്നിങ്ങനെ ആപ്പിളിന് നിലവിൽ ഇന്ത്യയിൽ മൂന്ന് നിർമ്മാണ പങ്കാളികളുണ്ട്.
ഫോക്‌സ്‌കോൺ ബെംഗളൂരുവിൽ 300 കോടി രൂപയ്‌ക്ക് 300 ഏക്കർ സ്ഥലം വാങ്ങിയതും ഇതേ ലക്ഷ്യത്തോടെയായിരുന്നു. 2024 ഏപ്രിൽ മുതൽ ഐഫോണുകളുടെ ഉത്പാദനം ആരംഭിക്കുമെന്നും കർണാടക സർക്കാർ അറിയിച്ചു. ഭൂമിയുടെ ചിലവിന്റെ 30 ശതമാനം (90 കോടി രൂപ) കർണാടക ഇൻഡസ്ട്രിയൽ ഏരിയസ് ഡെവലപ്മെന്റ് ബോർഡിന് ഫോക്സ്‌കോൺ ഇതിനകം നൽകിയിട്ടുണ്ടെന്ന് കർണാടകയിലെ വൻകിട, ഇടത്തരം വ്യവസായ മന്ത്രി എം ബി പാട്ടീൽ പറഞ്ഞു.
ഹോൺ ഹായ് പ്രിസിഷൻ ഇൻഡസ്‌ട്രി എന്ന ഔദ്യോഗിക പേരിലും അറിയപ്പെടുന്ന ഫോക്‌സ്‌കോൺ കരാർ അടിസ്ഥാനത്തിൽ ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ നിർമിച്ചു നൽകുന്ന ലോകത്തിലെ ഏറ്റവും വലിയ കമ്പനികളൊന്നാണ്. ആപ്പിളിന് ഏറ്റവും കൂടുതൽ ഐഫോണുകൾ നിർമിച്ചു നൽകുന്നതും ഫോക്സ്കോൺ തന്നെ. അമേരിക്കയും ചൈനയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കാരണം ആപ്പിൾ ക്രമേണ ഉൽപാദനം ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റുകയാണ്.
2024 ഏപ്രിലോടെ ബെംഗളൂരു വിമാനത്താവളത്തിനടുത്തുള്ള ദേവനഹള്ളി പ്ലാന്റിൽ ഐഫോണുകളുടെ നിർമ്മാണം ആരംഭിക്കാനാണ് തീരുമാനം. ഏകദേശം 50,000 പേർക്ക് ഈ പ്ലാന്റിലൂടെ തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.നിർമ്മാണ പ്രക്രിയ സുഗമമാക്കുന്നതിന് കമ്പനിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ജൂലൈ ഒന്നിനകം സജ്ജമാക്കി നൽകുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.
മൂന്ന് ഘട്ടങ്ങളിലായാണ് പ്ലാന്റ് നിർമിക്കുക. എംബി പാട്ടീലും സംസ്ഥാന ഐടി മന്ത്രി പ്രിയങ്ക് ഖാർഗെയും കമ്പനി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ പ്രഖ്യാപനം. ഇതോടൊപ്പം, നിർമ്മാണ പ്രക്രിയ സുഗമമാക്കുന്നതിന് വെള്ളം, ഗുണനിലവാരമുള്ള വൈദ്യുതി, റോഡ് തുടങ്ങിയ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഉറപ്പാക്കും. യൂണിറ്റിൽ തദ്ദേശീയരായ ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജീവനക്കാർ ആവശ്യമായ കാര്യങ്ങളുടെ വിശദാംശങ്ങൾ നൽകാൻ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതനുസരിച്ച് നടപടികൾ സ്വീകരിക്കും. ഫോക്സ്‌കോണിന്റെ ഇന്ത്യയിലെ രണ്ടാമത്തെ ഐഫോൺ അസംബ്ലി യൂണിറ്റാണിത്. നിലവിൽ തമിഴ്നാട്ടിൽ ഒരു പ്ലാന്റ് ഉണ്ട്. 2019 ൽ തുറന്ന ഈ നിർമാണ പ്ലാന്റിൽ ഏകദേശം 15,000 ആളുകൾ ജോലി ചെയ്യുന്നുണ്ട്.
ദേവനഹള്ളിയിലെ പ്ലാന്റിൽ പ്രതിവർഷം 200 ദശലക്ഷം ഐഫോണുകൾ നിർമ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മൂന്ന് ഘട്ടങ്ങളിലായി ഈ ലക്ഷ്യത്തിലെത്താനാണ് ഉദ്ദേശിക്കുന്നത്. കൊറോണയുമായി ബന്ധപ്പെട്ട കർശന നിയന്ത്രണങ്ങൾ കാരണം രാജ്യത്ത് പുതിയ ഐഫോണുകളുടെയും മറ്റ് ഉപകരണങ്ങളുടെയും ഉത്പാദനം തടസ്സപ്പെട്ടതിനെത്തുടർന്നാണ് ആപ്പിൾ ചൈനയിൽ നിന്ന് ഉത്പാദനം മാറ്റുന്നത്.
അതേസമയം, പുതിയ ഐഫോണുകൾ ഇന്ത്യയിൽ നിർമിക്കുന്നത് രണ്ട് തരത്തിൽ ഇന്ത്യൻ ഉപയോക്താക്കൾക്ക് ഗുണമായേക്കും. ഒന്ന്, പൊതുവെ ഐഫോണുകൾ ഇന്ത്യയിൽ വൈകിയാണ് എത്താറുള്ളത്. ഇന്ത്യയിൽ നിർമിക്കുന്നത് കൊണ്ട് ഷിപ്മെന്റുകൾ വൈകുന്ന പ്രശ്നം വരുന്നില്ല. അതുകൊണ്ട് തന്നെ ഐഫോൺ 15 ആദ്യം തന്നെ നമുക്ക് വാങ്ങാൻ കഴിഞ്ഞേക്കും. അതുപോലെ ഇന്ത്യയിലെ നിർമ്മാണം ഐഫോൺ 15 സീരീസിന്റെ വില കുറയ്ക്കാനും സഹായിക്കും.
കോവിഡ് നിയന്ത്രണങ്ങളും വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങളും മറ്റും കാരണം ചൈനയെ ആശ്രയിക്കുന്നത് കുറച്ച്, തങ്ങളുടെ നിർമ്മാണ അടിത്തറ വൈവിധ്യവത്കരിക്കാൻ ആപ്പിൾ സമീപ വർഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയെ തന്നെയാണ് കൂപ്പർട്ടിനോ ഭീമൻ അതിൽ പ്രധാനമായും ലക്ഷ്യമിടുന്നത്. ഏറ്റവും പുതിയ ഐഫോൺ 14, ഐഫോൺ എസ്ഇ, ഐഫോൺ 13 എന്നിവയുൾപ്പെടെ കമ്പനി ഇതിനകം തന്നെ ഇന്ത്യയിൽ ചില ഉപകരണങ്ങൾ നിർമ്മിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























