കേരളവും ഞങ്ങള്‍ ഭരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്ക് വെറുവാക്കല്ലെന്ന് തെളിയിക്കാനുള്ള പദ്ധതികള്‍ അടുക്കും ചിട്ടിയോടും കൂടി ആസൂത്രണം ചെയ്തു കൊണ്ടിരിക്കുകയാണ്. ഒറ്റരാത്രി കൊണ്ട് മഹാരാഷ്ട്രയില്‍ അട്ടിമറി നാടകം നടത്തി ഭരണത്തിന് കൂടുതല്‍ കരുത്താര്‍ജ്ജിച്ച് ബിജെപി കേരളത്തില്‍ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്കാണ് പദ്ധതിയിടുന്നത്

കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും വീട്ടുവീഴ്ചകള്‍ക്കില്ലാതെ പരസ്പരം പോരടിക്കുന്ന അവസരം മുതലെടുത്ത് കൂടുതല്‍ രാഷ്ട്രീയ കരുത്താര്‍ജ്ജിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. . ഗ്ലാമറുള്ള ബിജെപി നേതാക്കളെ കൂടുതല്‍ ജനകീയമാക്കുന്ന സ്ഥാനങ്ങളിലേയ്ക്ക് കൊണ്ടുവരുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. കെ.സുധാകരനും, എം.വിഗോവിന്ദനും കേസുകളുടെ കാര്യത്തില്‍ കൂട്ടയടി നടക്കുകയാണ്. കൊലപാതകങ്ങളും, കൊലക്കേസുകളുടെ ശവക്കുഴി മാന്തി രാഷ്ട്രീയ പോരാട്ടം നടത്തുന്നത് ജനങ്ങള്‍ എത്രക്കണ്ട് സ്വീകരിക്കുമെന്നറിയില്ല. കെ.സുധാകരനെ പ്രതിക്കൂട്ടിലാക്കാന്‍ സിപിഎമ്മും, മുഖ്യമന്ത്രി പിണറായി വിജയനെ അകത്താക്കാന്‍ കോണ്‍ഗ്രസും പരസ്പരം മത്സരിക്കുകയാണ്.
അതിനിടെ ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജിശക്തിധരന്റെ കൈതോലപ്പായ വിവാദത്തില്‍ കോണ്‍ഗ്രസ് കയറിപിടിച്ചെങ്കിലും ബിജെപി അതിന് വലിയ ബലം കൊടുത്തില്ലെന്നതും ശദ്ധേയമാണ്. മറുവശത്ത് ഏകസിവില്‍ കോഡിനെതിരെയുള്ള സമരത്തില്‍ കോണ്‍ഗ്രസിനെ തള്ളി മുസ്ലീംലീഗിനെ ഒപ്പം കൂട്ടാന്‍ എം.വി.ഗോവിന്ദന്‍ നടത്തിയ പ്രസ്താവനകളും കൂനിന്‍മേല്‍ കുരുപോലെയായി. ഏകസിവില്‍ കോഡിനെതിരെ മുസ്ലീം സമുദായം മാത്രമാണ് സംഘടിപ്പിക്കുന്നതെന്നും കോണ്‍ഗ്രസും, സിപിഎമ്മും ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്നുമുള്ള ബിജെപി ലൈന്‍ ഭൂരിപക്ഷ സമുദായങ്ങള്‍ക്കിടയില്‍ വലിയ പ്രചാരം നേടിയിട്ടുണ്ട്. വീണ്ടുമൊരു തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഏകസിവില്‍ കോഡല്ല മറിച്ച് കേരള വര്‍ഗ്ഗീയതയുടെ മാറ്റുരയ്ക്കുന്ന അങ്കത്തട്ടായി മാറാനാണ് സാധ്യത. നേതാക്കളെല്ലാം വര്‍ഗ്ഗീയതയുടെ ഭാഷയിലാണ് സംസാരിച്ചു കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ അജണ്ടകളെ സൂത്രത്തില്‍ വഴിതിരിച്ച് വര്‍ഗ്ഗീയതയില്‍ എത്തിക്കുന്നതില്‍ വിജയം വരിച്ചരിക്കുകയാണ് ഇടത് വലത് മുന്നണികള്‍. സിപിഎം തന്നെയാണ് ബിജെപിയ്ക്ക് മുന്നേ വര്‍ഗ്ഗീയ കാര്‍ഡിളക്കി കളി തുടങ്ങിയിരിക്കുന്നത്.
ഏക സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ ഒരു തീരുമാനമെടുക്കാന്‍ കഴിയാതെ വന്നതോടെയാണ് സിപിഎം സ്‌കോര്‍ ചെയ്തതും കോണ്‍ഗ്രസിനെ കടന്നാക്രമിച്ചതും. ഏകസിവില്‍ കോഡെന്ന അജണ്ട മുന്നണികള്‍ക്ക് വിട്ടുകൊടുത്തിട്ട് ബിജെപിയാകട്ടെ കേരളത്തില്‍ നിന്ന് നാലു സീറ്റുകള്‍ നേടാനുള്ള ചര്‍ച്ചകളിലേയ്ക്ക് മാറുകയും ചെയ്തു. നേതൃമാറ്റം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചു കൊണ്ടാണ് ഓരോ യോഗവും മുന്നോട്ടു പോകുന്നത്. പാര്‍ട്ടിവിട്ടവരേയും പാര്‍ട്ടിയോട് അകന്നു നില്‍ക്കുന്നവരേയും കൂടെ കൂട്ടി കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ മൂന്നാംമൂഴത്തിന് കളമൊരുക്കുകയാണ് അവര്‍. ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ നേതാക്കളെ പ്രതീക്ഷിച്ച് വട്ടമിട്ടു പറക്കുന്ന കോര്‍ സംഘം തിരഞ്ഞെടുപ്പിന് മു്ന്‍പ് വിജയത്തിലെത്തുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. അതിന് സിവില്‍ കോഡ് വിഷയത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ പരമാവധി ശ്രമവും അവര്‍ നടത്തുന്നുണ്ട്.
കേന്ദ്ര സമ്പൂര്‍ണ മന്ത്രിസഭാ യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് മന്ത്രിസഭ പുനസംഘടനയുണ്ടാകുമെന്നും മുന്നറിയിപ്പുകള്‍ നല്കിയിട്ടുണ്ട്. ബിജെപിയോട് ഇടഞ്ഞു നില്ക്കുന്ന വിഭാഗങ്ങളെ പൂര്‍്ണമായി ഉള്‍പ്പെടുത്താനായുള്ള ആലോചനകളും പുരോഗമിക്കുന്നുണ്ട്. സമ്പൂര്‍ണ്ണ മന്ത്രിസഭായോഗത്തില്‍ ഓരോ വകുപ്പുകളുടെയും മന്ത്രിമാരുടെയും വിലയിരുത്തലുകളുണ്ടായി. വിവിധ വകുപ്പു സെക്രട്ടറിമാര്‍ പദ്ധതികളുടെ അവലോകനം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി വര്‍ഷകാല സമ്മേളനത്തെക്കുറിച്ചും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കങ്ങളെക്കുറിച്ചും സംസാരിച്ചു. നേരത്തേയും സമാനമായ രീതിയില്‍ സമ്പൂര്‍ണ യോഗങ്ങള്‍ ചേര്‍ന്നിട്ടുണ്ട്. ഇത്തവണ അഴിച്ചുപണി സംബന്ധിച്ച ഊഹാപോഹങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു യോഗം എന്നതാണ് ശ്രദ്ധേയമായിരിക്കുന്നത്.
തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നും പുതുതായി വന്ന എന്‍സിപി അജിത് പവാര്‍ വിഭാഗമുള്‍പ്പെടെയുള്ള ഘടകകക്ഷികളില്‍ നിന്നും മന്ത്രിമാരുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡയുമായും ആര്‍എസ്എസ് നേതൃത്വവുമായും കഴിഞ്ഞയാഴ്ച ചര്‍ച്ച നടത്തിയത് ഇതിനു മുന്നോടിയാണെന്നാണ് സൂചന. രാജീവ് ചന്ദ്രശേഖറിന് കാബിനറ്റ് സ്ഥാനവും സുരേഷ് ഗോപിക്കു മന്ത്രിസ്ഥാനവും ലഭിക്കുമെന്നും വി.മുരളീധരന്‍ ബിജെപി സംസ്ഥാന നേതൃത്വത്തിലേക്ക് മടങ്ങുമെന്നും അഭ്യൂഹങ്ങള്‍ ശക്തമാണ്. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പുതിയ നേതൃത്വമുണ്ടായേക്കുമെന്ന് ജെ.പി.നഡ്ഡ നേരത്തേ പറഞ്ഞിരുന്നു. മധ്യപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും നേതൃമാറ്റമുണ്ടായേക്കും.
രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനും 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ തുടക്കമിടാനുമായി 3 മേഖലാ യോഗങ്ങള്‍ ബിജെപി സംഘടിപ്പിക്കുന്നുണ്ട്. ഡല്‍ഹി, ഗുവാഹത്തി, ഹൈദരാബാദ് എന്നിവിടങ്ങളിലായിരിക്കും യോഗങ്ങള്‍. മഹാരാഷ്ട്രയില്‍ ശിവസേന ഷിന്‍ഡെ വിഭാഗത്തിന് താഴെത്തട്ടില്‍ വലിയ സ്വാധീനമില്ലെന്നതാണ് എന്‍സിപിയിലെ പ്രബല വിഭാഗത്തെ പിളര്‍ത്തുന്നതിനു കാരണമായി പറയുന്നത്. ഷിന്‍ഡെ വിഭാഗത്തിലെ ഭൂരിഭാഗവും വൈകാതെ ഉദ്ധവ് വിഭാഗം ശിവസേനയിലേക്ക് പോയേക്കുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. അങ്ങനെയെങ്കില്‍ മഹാരാഷ്ട്രയില്‍ എന്‍സിപിയെ പൂര്‍ണ്ണമായി കൂടെ കൂട്ടാനും ബിജെപി ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്.
അതേസമയം,ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ആറ്റിങ്ങലില്‍ മല്‍സരിച്ചേക്കുമെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കേന്ദ്രനേതൃത്വം മുരളീധരന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. വി.മുരളീധരന്‍ പാര്‍ട്ടി നേതൃത്വത്തിലേയ്ക്ക് വരികയാണെങ്കില്‍ വീ്ണ്ടും ശോഭ സുരേന്ദ്രന്‍ ആറ്റിങ്ങലിലെത്താനാണ് സാധ്യത. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞു നില്ക്കുന്ന ശോഭ സുരേന്ദ്രന്‍ നേരിട്ട് നരേന്ദ്രമോദിയും അമിത് ഷായുമായി ബന്ധം സൂക്ഷിക്കുന്ന നേതാവാണ്.
ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ ചെറുതും വലുതുമായ എല്ലാ പരിപാടികളിലും കേന്ദ്രമന്ത്രി വി. മുരളീധരന്റെ സാന്നിധ്യം കൂടുതലുണ്ട് . ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ പരശുറാം എക്‌സപ്രസിനു സ്റ്റോപ് അനുവദിച്ചത് ഉദ്ഘാടനം ചെയ്ത ചെറു പരിപാടിയിലും ലോക്‌സഭാ മണ്ഡലത്തിലെ പ്രവര്‍ത്തകരുടെ വലിയ യോഗത്തിലുമെല്ലാം അദ്ദേഹം എത്തിയിരുന്നു. കുടുംബാംഗങ്ങളുടെ അപ്രതീക്ഷിത മരണങ്ങള്‍ കാണേണ്ടി വന്നവരെ ആശ്വസിപ്പിക്കാനും അദ്ദേഹം സമയം ചെലവഴിക്കുന്നു. എന്‍ എസ് എസ് , എസ്എന്‍ഡിപി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വീടുകളില്‍ അദ്ദേഹം കഴിഞ്ഞ ദിവസങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു.
കേരളത്തിലെത്തുമ്പോള്‍ വി. മുരളീധരന്‍ കൂടുതല്‍ സമയവും നീക്കിവയ്ക്കുന്നത് ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ വിവിധ പരിപാടികള്‍ക്കാണ്.
കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ വോട്ടു ശതമാനത്തില്‍ ബിജെപിയ്ക്കുണ്ടായ വളര്‍ച്ച ജയത്തിലേക്കു പരിവര്‍ത്തനം ചെയ്യണമെന്നാണു കേന്ദ്രനിര്‍ദേശം. 2014ല്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന ഗിരിജാ കുമാരി 90,528 വോട്ടു നേടി. 10.53 ആയിരുന്നു ബിജെപിയുടെ മുന്‍ തിരഞ്ഞെടുപ്പിലെ വോട്ടു ശതമാനം 3.59 ശതമാനം വര്‍ദ്ധിച്ചു. 2019ലെ തിരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന്‍ വോട്ട് ഇരട്ടിയിലേറെ വര്‍ധിപ്പിച്ചു. 2,48,081 വോട്ടാണ് ശോഭ നേടിയത്. വോട്ടുശതമാനം 24.69 ആയി കുത്തനെ കൂടി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ. സമ്പത്തിന് 11.56 ശതമാനം വോട്ടു കുറയുകയും ചെയ്തു. ഇതാണ് ശക്തനായ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കാന്‍ ബിജെപി കേന്ദ്രനേതൃത്വത്തെ പ്രേരിപ്പിക്കുന്നത്. ബിജെപിയുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുന്ന മണ്ഡലമായി ആറ്റിങ്ങല്‍ മാറിയെന്നാണ് കണക്ക് കൂട്ടല്‍. എന്തായാലും ബിജെപിയുടെ ഹിറ്റ്‌ലിസ്റ്റില്‍ ആറ്റിങ്ങല്‍ ഇടംപിടിച്ചതിനാല്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെയാണ് പ്രതീക്ഷിക്കുന്നതും.
കേന്ദ്രമന്ത്രിസഭ പുനസംഘടനയും, ഏകസിവില്‍ കോഡും രാഷ്ട്രീയ ചര്‍ച്ചയാകുമ്പോള്‍ ഇടത് വലത് മുന്നണികള്‍ അതിന്റെ പിന്നാലെ തന്നെ പോകുമെന്ന ബിജെപി കണക്ക് കൂട്ടല്‍ പിഴച്ചില്ല. കോണ്‍ഗ്രസും , സിപിഎമ്മും ന്യൂനപക്ഷങ്ങളെ ആരുടെ കൂടെ നിറുത്താം എന്ന കാര്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസരം ശരിക്കും മുതലെടുക്കാനാണ് ബിജെപിയും ശ്രമിക്കുന്നത്. സുരേഷ് ഗോപി മന്ത്രി പദത്തിലെത്തിയാല്‍ കേരളത്തില്‍ നായര്‍ സമുദായത്തിന്റെ പിന്‍തുണ ഒന്നുകൂടി ഉറപ്പിക്കാമെന്നും അവര്‍ കരുതുന്നു. വെള്ളാപ്പള്ളിയിലും ഈഴവ സമുദായത്തിലും ബിജെപിയ്ക്ക് അത്രയ്ക്ക വിശ്വാസം പോരായെന്നുള്ളതാണ് വാസ്തവം. വെള്ളാപ്പള്ളി പിണറായി വിജയനോട് അടുത്തു നില്ക്കുന്നതും പിണറായി സര്‍ക്കാരിനെ ന്യായീകരിക്കുന്നതും ബിജെപി നേതൃത്വത്തിന്റെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ കൊണ്ട് ഒന്നിനും കൊള്ളില്ലെന്നും അവര്‍ വിലയിരുത്തി കഴിഞ്ഞിട്ടു്ണ്ട്.
ഏക വ്യക്തിനിയമത്തിനെതിരെ നടത്തുന്ന സമരത്തില്‍ ലീഗിനെ ക്ഷണിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ മുസ്ലിം ലീഗ് തള്ളിയതും പൗരത്വ ബില്ലിനെതിരെ നടന്ന സമരത്തിന്റെ പേരില്‍ കേരള പൊലീസെടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ തയാറാകാത്തതും വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്.
പൗരത്വ ബില്ലിനെതിരെ സമരം നടത്തിയവര്‍ക്കെതിരെ എണ്ണൂറിലധികം കേസുകളാണ് കേരളത്തില്‍ സിപിഎം സര്‍ക്കാരെടുത്തത്. ഈ കേസുകള്‍ പിന്‍വലിക്കാമെന്ന വാക്കുപോലും 3 വര്‍ഷം കഴിഞ്ഞിട്ടും പാലിക്കാത്തവരാണ് ഏക വ്യക്തിനിയമ സമരത്തെക്കുറിച്ച് പറയുന്നതെന്ന ലീഗിന്റെ അഭിപ്രായം എം.വി.ഗോവിന്ദനെ വെട്ടിലാക്കിയിരിക്കുകയാണ്. എല്ലാ വിഷയങ്ങളിലും പരസ്പരം വെട്ടിചാവുന്ന അവസ്ഥയിലേയ്ക്കാണ് കോണ്‍ഗ്രസും സിപിഎമ്മും എത്തി നില്ക്കുന്നത്. ഇതിനിടയിലേയ്ക്ക് ലീഗിനെയും ,സമസ്തയേയും പിടിച്ചിട്ട് വര്‍ഗ്ഗീയത വളര്‍ത്താനും പരമാവധി ശ്രമിക്കുന്നുണ്ട്. തമ്മില്‍ തല്ലി ചാത്തു കൊണ്ടിരിക്കുന്ന സാഹചര്യം മുതലെടുത്ത് ബിജെപി കരുനീക്കങ്ങള്‍ക്ക് ഊര്‍ജ്ജം നല്കി കേരളത്തില്‍ വലിയ വേരുകളുറപ്പിക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. വരുനാളുകളില്‍ ബിജെപിയുടെ തന്ത്രങ്ങളില്‍ ഇടതു വലത് മുന്നണികള്‍ക്ക് അടിപതറുമെന്ന കാര്യത്തില്‍ സംശയമില്ല.മോദിയുടെ സര്‍ജിക്കല്‍ അറ്റാക്ക്.
https://www.facebook.com/Malayalivartha



























