ജനാധിപത്യം അട്ടിമറിക്കപ്പെട്ട സ്ഥിതിയാണ് നിലവിലുള്ളത്... വോട്ടിങ് യന്ത്രങ്ങളിലെ പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ബിജെപി നാനൂറിലേറെ സീറ്റ് നേടുമെന്ന് പിത്രോദ

ജനാധിപത്യം അട്ടിമറിക്കപ്പെട്ട സ്ഥിതിയാണ് നിലവിലുള്ളതെന്നും വോട്ടിങ് യന്ത്രങ്ങളിലെ തകരാര്‍ പരിഹരിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നാനൂറിലേറെ സീറ്റുകളില്‍ ജയിക്കാനാകുമെന്ന് കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ. തിരഞ്ഞെടുപ്പുകളാണ് ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്നതെന്നും വിവിപാറ്റ് സമ്പ്രദായം പരിഷ്‌കരിക്കണമെന്നും പിത്രോദ പറഞ്ഞു.
ദേശീയ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് പിത്രോദ ആശങ്ക പങ്കുവച്ചത്. അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട തന്റെ പരാമര്‍ശം ബിജെപി വളച്ചൊടിച്ചെന്ന് പിത്രോദ വ്യക്തമാക്കി. മതം വ്യക്തികേന്ദ്രീകൃതമാണ്. മതവും രാഷ്ട്രീയവും തമ്മില്‍ കലര്‍ത്തരുതെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയര്‍ത്തിക്കാണിക്കാതെയാണ് 'ഇന്ത്യ' മുന്നണി തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''അടുത്ത പൊതുതിരഞ്ഞെടുപ്പ് നമ്മുടെ രാജ്യത്തിന്റെ ഭാവിയെത്തന്നെ നിര്‍ണയിക്കുന്ന ഒന്നാണ്. നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നതുപോലെ പൗരസമൂഹത്തിനു സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും എല്ലാ മതവിഭാഗക്കാര്‍ക്കും തുല്യ അവകാശം നല്‍കുന്നതുമായ രാഷ്ട്രമാണ് നമുക്ക് വേണ്ടത്. ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് അവയുടെ സ്വയംഭരണം വീണ്ടെടുക്കാനാവണം. ഇതല്ലാതെ ഏതെങ്കിലും പ്രത്യേക വിഭാഗം ആധിപത്യം പുലര്‍ത്തുന്ന രാജ്യമാണോ വേണ്ടത്?
വിവിപാറ്റ് സമ്പ്രദായത്തില്‍ ജസ്റ്റിസ് മദന്‍ ബി.ലോക്കൂറിന്റെ അധ്യക്ഷതയിലുള്ള സമിതി നിര്‍ദേശിച്ച പ്രകാരമുള്ള പരിഷ്‌കരണം കൊണ്ടുവരണം. സമ്മതിദായകര്‍ക്ക് തങ്ങള്‍ നല്‍കിയ ആള്‍ക്കുതന്നെയാണ് വോട്ട് കിട്ടിയതെന്ന് ഉറപ്പാക്കാന്‍ കഴിയണം. ജനാധിപത്യം അട്ടിമറിക്കപ്പെട്ട സ്ഥിതിയാണ് നിലവിലുള്ളത്. വോട്ടിങ് യന്ത്രങ്ങളിലെ പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ബിജെപി നാനൂറിലേറെ സീറ്റ് നേടും'' -പിത്രോദ പറഞ്ഞു.
https://www.facebook.com/Malayalivartha























