വഖഫ് ഭേദഗതി നിയമം ഭാഗിക സ്റ്റേ ; ഇടക്കാല ഉത്തരവുമായി സുപ്രിംകോടതി

നിയമം 2025 പൂർണ്ണമായും താൽക്കാലികമായി നിർത്തിവയ്ക്കാൻ സുപ്രീം കോടതി തിങ്കളാഴ്ച വിസമ്മതിച്ചു, എന്നാൽ വഖഫ് ആയി പ്രഖ്യാപിച്ച ഒരു സ്വത്ത് സർക്കാർ സ്വത്താണോ എന്ന് നിർണ്ണയിക്കാനും തുടർന്നുള്ള ഉത്തരവുകൾ പുറപ്പെടുവിക്കാനും കളക്ടർക്ക് അധികാരം നൽകുന്ന നിയമത്തിലെ ചില വിവാദ വ്യവസ്ഥകൾ സ്റ്റേ ചെയ്തു.
നിയമം പൂർണമായും സ്റ്റേ ചെയ്യാനാകില്ലെന്നും അപൂർവമായ സാഹചര്യങ്ങളിൽ മാത്രമാണ് സ്റ്റേ നൽകാറുള്ളുവെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി. അഞ്ചുവർഷം ഇസ്ലാം അനുഷ്ഠിച്ചാലെ വഖഫ് അനുഷ്ഠിക്കാനാകുവെന്ന നിയമത്തിലെ വ്യവസ്ഥ ഉൾപ്പെടെയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. അന്വേഷണം നടക്കുമ്പോൾ വഖഫ് ഭൂമി അതല്ലാതാകുമെന്ന വ്യവസ്ഥയും സ്റ്റേ ചെയ്തു. വഖഫ് സമിതികളിൽ മുസ്ലിങ്ങൾ അല്ലാത്തവരുടെ എണ്ണവും നിജപ്പെടുത്തി. ബോർഡുകളിൽ മൂന്നിൽ കൂടുതൽ അമുസ്ലിങ്ങൾ പാടില്ലെന്നാണ് കോടതി ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇരുപക്ഷത്തുനിന്നും മൂന്ന് ദിവസത്തെ വാദങ്ങൾക്കുശേഷം, മെയ് 22 ന് നിയമത്തിൽ ഇടക്കാല ഉത്തരവ് മാറ്റിവയ്ക്കാനുള്ള ബെഞ്ചിന്റെ തീരുമാനത്തെ തുടർന്നാണ് ഇന്നത്തെ വാദം കേൾക്കൽ. നിയമം ഭരണഘടന ലംഘനമാണെന്നും വഖഫ് സ്വത്തുക്കൾ പിടിച്ചെടുക്കാൻ നീക്കമെന്നും ബോർഡുകളിൽ ഇതരമതസ്ഥരുടെ നിയമനം തെറ്റുമാണ് ഹർജിക്കാർ വാദിച്ചത്. അഞ്ചുവർഷം മുസ്സീ മതം അനുഷ്ഠിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. ദീർഘകാല ഉപയോഗം കൊണ്ട് വഖഫായ സ്വത്തുക്കൾക്ക് സാധുതയുണ്ടെന്നും എല്ലാ സ്വത്തുക്കൾക്കും രേഖകൾ നിർബന്ധമാക്കാനാകില്ലെന്നും ഹർജിക്കാർ വാദിച്ചിരുന്നു. അന്വേഷണം തുടങ്ങിയാലുടൻ വഖഫ് സ്വത്ത് അതല്ലാതാകുമെന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്നുമായിരുന്നു വാദം.
നിയമത്തിൽ ഭരണഘടനാ വിരുദ്ധതയില്ലെന്നും വഖഫ് ഇസ്സാമിലെ ആനിവാര്യമായ മതാചാരമല്ലെന്നും സ്വത്തുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മതാടിസ്ഥാനത്തിൽ അല്ല തീരുമാനമെന്നുമായിരുന്നു കേന്ദ്രത്തിൻറെ വാദം. വഖഫിൽ പുറമ്പോക്കുണ്ടോയെന്ന് പരിശോധിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും നിയമപ്രകാരമുള്ള നടപടികളിൽ എതിർപ്പുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും ഏകപക്ഷീയമായി നിയമം പാസാക്കിയെന്ന് ഹർജിക്കാരുടെ വാദം തെറ്റാണെന്നുമാണ് കേന്ദ്രം വാദിച്ചത്.
ഇന്ത്യയിൽ നിലവിൽ 30 സംസ്ഥാന വഖഫ് ബോർഡുകളുണ്ട്, ഇവയെല്ലാം ചേർന്ന് 8.7 ലക്ഷം സ്വത്തുക്കളിലായി ഏകദേശം 9.4 ലക്ഷം ഏക്കർ ഭൂമി നിയന്ത്രിക്കുന്നു, ഏകദേശം 1.2 ലക്ഷം കോടി രൂപയിലധികം വിപണി മൂല്യം കണക്കാക്കുന്നു . ഇത് വഖഫ് ബോർഡിനെ ഇന്ത്യൻ റെയിൽവേയ്ക്കും സായുധ സേനയ്ക്കും ശേഷം രാജ്യത്തെ മൂന്നാമത്തെ വലിയ ഭൂവുടമയാക്കുന്നു. ബോർഡുകളുടെ മേൽനോട്ടത്തിൽ മുത്തവല്ലികൾ എന്നറിയപ്പെടുന്ന ട്രസ്റ്റികളാണ് ഈ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത്. എന്നിരുന്നാലും, സ്വത്ത് തർക്കങ്ങൾ, വ്യവഹാരങ്ങൾ, നിയമവിരുദ്ധമായ അധിനിവേശം, ഉത്തരവാദിത്ത ചോദ്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ സ്ഥാപനങ്ങൾ പലപ്പോഴും നേരിടുന്നു.
https://www.facebook.com/Malayalivartha