പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാമത് സമ്മേളനത്തിന് ഇന്ന് തുടക്കമാകും...

പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാമത് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. ആദ്യദിനം മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, മുന്‍ സ്പീക്കര്‍ പി.പി. തങ്കച്ചന്‍, പീരുമേട് അംഗം വാഴൂര്‍ സോമന്‍ എന്നിവര്‍ക്ക് ചരമോപചാരമര്‍പ്പിച്ച് സഭ പിരിയുമെങ്കിലും തുടര്‍ന്നുള്ള ദിനങ്ങള്‍ സഭ പ്രക്ഷുബ്ധമാകുമെന്നുറപ്പാണ്.
പൊലീസ് സ്‌റ്റേഷനിലെ ക്രൂരമര്‍ദന ദൃശ്യങ്ങള്‍ പുറത്തുവന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സര്‍ക്കാറിനെതിരെ പ്രതിപക്ഷം ആയുധമാക്കുമ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി ഉയര്‍ന്ന ആരോപണം തന്നെയായിരിക്കും ഭരണപക്ഷത്തിന്റെ പ്രധാന തിരിച്ചടിക്കുള്ള ആയുധം.ഡോ. ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പുറത്തുവന്ന ആരോഗ്യ മേഖലയിലെ 'സിസ്റ്റ'ത്തിലെ പാളിച്ച ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് ഉറപ്പാണ്.
ഇതിന് പുറമെ സര്‍ക്കാര്‍ -ഗവര്‍ണര്‍ ഏറ്റുമുട്ടലില്‍ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലുണ്ടാക്കിയ സ്തംഭനാവസ്ഥ ഉള്‍പ്പെടെ പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തും. ഒക്‌ടോബര്‍ 10 വരെ ഇടവേളകളെടുത്ത് മൂന്ന് ഘട്ടങ്ങളിലായി ആകെ 12 ദിവസമാണ് ഇത്തവണ സഭ ചേരുന്നത്.
സെപ്റ്റംബര്‍ 15 മുതല്‍ 19 വരെയും 29, 30 തീയതികളിലും തുടര്‍ന്ന് ഒക്‌ടോബര്‍ ആറ് മുതല്‍ 10 വരെയുമാണ് സഭ സമ്മേളിക്കുന്ന ദിനങ്ങള്‍. പൂര്‍ണമായും നിയമനിര്‍മാണം അജണ്ടയാക്കിയാണ് സമ്മേളനം.
" f
https://www.facebook.com/Malayalivartha