ഇന്ത്യൻ സേനയ്ക്ക് കരുത്തായി 75,000 എകെ -203 അസോൾട്ട് റൈഫിളുകൾ കൂടി...

ഇന്ത്യൻ സേനയ്ക്ക് കരുത്തായി 75,000 എകെ -203 അസോൾട്ട് റൈഫിളുകൾ കൂടി. ഈ വർഷം അവസാനത്തോടെയാണ് കേന്ദ്ര സർക്കാരിൻ്റെ ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി നിർമിച്ച റൈഫിളുകൾ ലഭ്യമാക്കുന്നത്. മൂന്ന് പതിറ്റാണ്ടിലേറെയായി ഉപയോഗത്തിലുള്ള പഴക്കമേറിയ ഇൻസാസ് റൈഫിളുകൾക്ക് പകരമായിരിക്കും പുതിയ റൈഫിളുകൾ ലഭിക്കുക.
. ഇന്ത്യയും റഷ്യയും തമ്മിലുള്ള സംയുക്ത സംരംഭത്തിന് കീഴിൽ അമേഠിയിലെ കോർവ ഓർഡിനൻസ് ഫാക്ടറിയിലാണ് എകെ-203 റൈഫിളുകൾ നിർമ്മിക്കുന്നത്. റൈഫിളുകളിൽ ഉപയോഗിക്കുന്ന മിക്ക ഭാഗങ്ങളും കാൺപൂരിലെ സ്മോൾ ആംസ് ഫാക്ടറി (എസ്എഎഫ്) ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ തദ്ദേശീയമായാണ് നിർമ്മിക്കുന്നത്.
കഴിഞ്ഞ വർഷം സൈന്യത്തിന് 48,000 എകെ-203 റൈഫിളുകൾ ലഭിച്ചിരുന്നു. പുതുതായി 75,000 കൂടി എത്തുന്നതോടെ എണ്ണം 1.2 ലക്ഷം കവിയും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആകെ ആറ് ലക്ഷത്തിലധികം റൈഫിളുകൾ സൈന്യത്തിന് വിതരണം ചെയ്യും. പദ്ധതിയുടെ ആകെ ചെലവ് 5,200 കോടി രൂപയാണെന്ന് കണക്കാക്കപ്പെടുന്നു.
വിവിധ കാലാവസ്ഥകളിലും യുദ്ധ സാഹചര്യങ്ങളിലും വിശ്വാസ്യത, എളുപ്പത്തിലുള്ള പരിപാലനം, ഉയർന്ന പ്രകടനം എന്നിവയ്ക്ക് എകെ-203 പേരുകേട്ടതാണ്. 7.62x39 എംഎം വെടിയുണ്ടകൾ ഉപയോഗിക്കുന്ന എകെ-203, ക്ലാസിക് എകെ-47 ഡിസൈനും മികച്ച എർഗണോമിക്സ്, ഒപ്റ്റിക്കൽ സൈറ്റുകളുമായും മറ്റ് ആക്സസറികളുമായും പൊരുത്തപ്പെടാനുള്ള കഴിവ് തുടങ്ങിയ ആധുനിക സവിശേഷതകളും ഒരുമിപ്പിക്കുന്നു.
എകെ-203 റൈഫിളിന്റെ തദ്ദേശീയവൽക്കരണത്തിൽ എസ്എഎഫ് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 2023 ഫെബ്രുവരി മുതൽ റൈഫിളിന് ആവശ്യമായ മിക്കവാറും എല്ലാ നിർണായക ഘടകങ്ങളും ഫാക്ടറി നിർമ്മിച്ചുവരുന്നു.
"
https://www.facebook.com/Malayalivartha