എവറസ്റ്റ് പർവതത്തിൽ കനത്ത മഞ്ഞുവീഴ്ചയും മഴയും....

എവറസ്റ്റ് പർവതത്തിൽ കനത്ത മഞ്ഞുവീഴ്ചയും മഴയും. ടിബറ്റിലെ കിഴക്കൻ എവറസ്റ്റ് മേഖലയിൽ ആയിരത്തോളം സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായി ചൈനീസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും മഞ്ഞുവീഴ്ച തുടരുന്നത് വെല്ലുവിളിയായിരിക്കുകയാണ്.
350 ഓളം പർവതാരോഹകരെ രക്ഷപ്പെടുത്തി ഖുഡാങ്ങിൽ എത്തിച്ചു. മഞ്ഞുവീഴ്ച കാരണം ഒറ്റപ്പെട്ടുപോയ ക്യാംപുകളിലേക്കുള്ള പ്രവേശനം പുനഃസ്ഥാപിക്കാനുള്ള നടപടികളും തുടരുന്നു.
4,900 മീറ്ററിലധികം (16,000 അടി) ഉയരത്തിലാണ് പർവതാരോഹകർ കുടുങ്ങിയിരിക്കുന്നത്. എവറസ്റ്റിന്റെ കിഴക്കൻ ചെരിവിലെ കർമ വാലിയിലേക്ക് ട്രക്കിംഗ് നടത്തുന്നവരാണ് കുടുങ്ങിയത്. ചൈനയിൽ ദേശീയ ദിനത്തിന്റെ ഭാഗമായി എട്ട് ദിവസം അവധിയായതിനാൽ ധാരാളം സഞ്ചാരികളാണ് എവറസ്റ്റ് കയറാനെത്തിയത്.
മഞ്ഞുവീഴുന്നതിന്റെയും ശക്തമായ കാറ്റ് വീശുന്നതിന്റെയും ഇടയിലൂടെ പർവതാരോഹകർ നടന്നുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് മഞ്ഞുവീഴ്ച രൂക്ഷമായത്.
എവറസ്റ്റ് സീനിക് പ്രദേശത്തേക്കുള്ള ടിക്കറ്റ് വിൽപനയും ശനിയാഴ്ച വൈകുന്നേരം മുതൽ നിറുത്തിവച്ചു. അതേസമയം, എവറസ്റ്റിന്റെ വടക്കൻ ഭാഗത്ത് ട്രക്കിംഗ് നടത്തുന്നവരെ മഞ്ഞുവീഴ്ച ബാധിച്ചതായി റിപ്പോർട്ടുകളില്ല.
"https://www.facebook.com/Malayalivartha