ചെങ്കോട്ടയില്‍ നടന്ന സ്‌ഫോടനം അബദ്ധത്തില്‍ സംഭവിച്ചതാകാമെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍

ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ കാര്‍ സ്‌ഫോടനം കരുതിക്കൂട്ടിയുള്ള ചാവേര്‍ സ്‌ഫോടനമല്ലെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍. സ്‌ഫോടക വസ്തുക്കള്‍ കടത്തുന്നതിനിടെയുണ്ടായ പരിഭ്രാന്തിക്കിടെ അബദ്ധത്തില്‍ സംഭവിച്ചതാകാമെന്ന് രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഇഡി നിര്‍മാണം പൂര്‍ണമായിരുന്നില്ല.
ഇതുകാരണം തീവ്രത കുറഞ്ഞ സ്‌ഫോടനമാണ് സംഭവിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. ഫരീദാബാദില്‍ 2,900 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുക്കുകയും വിവിധയിടങ്ങളില്‍ റെയ്ഡുകള്‍ നടക്കുകയും ചെയ്തതിനെ തുടര്‍ന്നുള്ള പരിഭ്രാന്തിയില്‍ കാറില്‍ സ്‌ഫോടക വസ്തുക്കള്‍ മറ്റൊരിടത്തേക്കു മാറ്റുന്നതിനിടെ സംഭവിച്ചതാകാം സ്‌ഫോടനമെന്നാണ് നിഗമനം.
ഇന്നലെ വൈകിട്ട് 6.52നായിരുന്നു ഡല്‍ഹിയില്‍ രാജ്യത്തെ നടുക്കിയ സ്‌ഫോടനമുണ്ടായത്. ഡല്‍ഹിയിലെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റിനും ജുമാ മസ്ജിദിനും സമീപമാണു സ്‌ഫോടനമുണ്ടായത്. ലാല്‍ ക്വില (റെഡ് ഫോര്‍ട്ട്) മെട്രോ സ്‌റ്റേഷന്റെ ഒന്നും നാലും ഗേറ്റുകള്‍ക്കിടയിലെ റോഡില്‍ ഹരിയാന റജിസ്‌ട്രേഷനുള്ള കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. വേഗം കുറച്ച് ചെങ്കോട്ടയ്ക്കു മുന്നിലൂടെ നീങ്ങുകയായിരുന്ന കാര്‍ ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയതിനു പിന്നാലെ പൊട്ടിത്തെറിച്ചു. കാറില്‍ മൂന്നുപേരുണ്ടായിരുന്നെന്നാണ് സൂചന.
സ്‌ഫോടനമുണ്ടായ വെള്ള ഐ20 കാര്‍ ഓടിച്ചത് ജമ്മു കശ്മീര്‍ സ്വദേശിയായ ഉമര്‍ നബി എന്ന ഡോക്ടറാണെന്നാണു പുറത്തുവരുന്ന വിവരം. സ്‌ഫോടനത്തിനു 3 ദിവസം മുന്‍പേ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. പുറംലോകവുമായുള്ള ഒരു ബന്ധവും ഇല്ലാതെയാണ് 3 ദിവസം കഴിഞ്ഞത്. കുടുംബവുമായി പോലും ബന്ധപ്പെട്ടിരുന്നില്ല. ഫരീദാബാദില്‍ 2,900 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയതും തീവ്രവാദബന്ധത്തിന് അറസ്റ്റിലായ ഡോക്ടര്‍മാരുടെ മൊഴിയെ തുടര്‍ന്നാണ്. ഇതിനുപിന്നാലെയാണ് ഇയാള്‍ സ്‌ഫോടക വസ്തുക്കള്‍ മാറ്റാന്‍ നീക്കം നടത്തിയതെന്നാണു പുറത്തുവരുന്ന വിവരം.
അതേസമയം ഡല്‍ഹിയിലെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത്‌ലക്ഷം നല്‍കുമെന്ന് മുഖ്യമന്ത്രി രേഖാഗുപ്ത പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ദൗര്‍ഭാഗ്യകരമായ സംഭവം നഗരത്തെയാകെ ഞെട്ടിച്ചിരിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത എക്‌സില്‍ കുറിച്ചു.
സ്‌ഫോടനത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ മുഖ്യമന്ത്രി അഗാധമായ അനുശോചനം അറിയിച്ചു. ദുരിതബാധിതരായ ഓരോ കുടുംബത്തോടും ഡല്‍ഹി സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമെന്നും രേഖ ഗുപ്ത പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതവും, അംഗവൈകല്യം സംഭവിച്ചവര്‍ക്ക് 5 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയും നഷ്ടപരിഹാരമായി നല്‍കും. പരിക്കേറ്റ എല്ലാവര്‍ക്കും സാധ്യമായ ചികിത്സ സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























