കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ ക്രിമിനല്‍ റിവിഷന്‍ ഹര്‍ജിയില്‍ നോട്ടീസ് അയച്ചു

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി 1983 ഏപ്രിലിലാണ് ഇന്ത്യന്‍ പൗരത്വം നേടിയത്. ഇന്ത്യന്‍ പൗരത്വം നേടുന്നതിനു മുന്‍പ് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തുവെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് ഡല്‍ഹി റൗസ് അവന്യൂ കോടതിയുടെ നോട്ടീസ്. വികാസ് ത്രിപാഠി എന്നയാള്‍ നല്‍കിയ ക്രിമിനല്‍ റിവിഷന്‍ ഹര്‍ജിയിലാണ് പ്രത്യേക ജഡ്ജി വിശാല്‍ ഗോഗ്‌നെ നടപടിയെടുത്തത്. സംഭവത്തില്‍ മറുപടി നല്‍കാനായി ഡല്‍ഹി പോലീസിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
ഹര്‍ജിയില്‍ ഉന്നയിക്കുന്നതനുസരിച്ച്, സോണിയ ഗാന്ധി 1983 ഏപ്രിലിലാണ് ഇന്ത്യന്‍ പൗരത്വം നേടിയത്. എന്നാല്‍ അതിനു മൂന്ന് വര്‍ഷം മുന്‍പ്, 1980ല്‍ ന്യൂഡല്‍ഹി പാര്‍ലമെന്ററി നിയോജകമണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ അവരുടെ പേര് ഉള്‍പ്പെടുത്തിയിരുന്നു. ഈ നടപടിയില്‍ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി സോണിയ ഗാന്ധിക്കെതിരെ ക്രിമിനല്‍ കേസെടുക്കണം എന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
ഇക്കാര്യത്തില്‍ കേസെടുക്കാന്‍ ഉത്തരവിടാന്‍ വിസമ്മതിച്ച മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് ഹര്‍ജിക്കാരന്‍ ഡല്‍ഹി റൗസ് അവന്യൂ കോടതിയെ സമീപിച്ചത്. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വൈഭവ് ചൗരസ്യ 2024 സെപ്റ്റംബര്‍ 11നാണ് ഈ ഹര്‍ജി തള്ളിയത്.
1980ലെ വോട്ടര്‍ പട്ടികയുടെ സാക്ഷ്യപ്പെടുത്താത്ത ഒരു ഫോട്ടോ കോപ്പി മാത്രമാണ് ഹര്‍ജിക്കാരന്‍ തെളിവായി ഹാജരാക്കിയത്. വെറും ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ പോലുള്ള ഗുരുതരമായ കുറ്റങ്ങള്‍ ചുമത്താനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മജിസ്‌ട്രേറ്റ് കോടതി അന്ന് ഹര്‍ജി തള്ളിയത്.
മജിസ്‌ട്രേറ്റ് കോടതിയുടെ ഈ ഉത്തരവിനെതിരായ അപ്പീലാണ് ഇപ്പോള്‍ റൗസ് അവന്യൂ കോടതി പരിഗണിക്കുന്നത്. ഇതിന്റെ ഭാഗമായാണ് വിഷയം സംബന്ധിച്ച വിശദാംശങ്ങള്‍ തേടി സോണിയ ഗാന്ധിക്കും ഡല്‍ഹി പോലീസിനും നോട്ടീസ് അയക്കാന്‍ പ്രത്യേക ജഡ്ജി വിശാല്‍ ഗോഗ്‌നെ ഉത്തരവിട്ടത്.
https://www.facebook.com/Malayalivartha

























