എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

രാജ്യതലസ്ഥാനത്തെ ഹോട്ടലില്‍ 40 കാരനായ എയര്‍ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈ സ്വദേശിയായ പൈലറ്റിനെയാണ് ഇന്നലെ വൈകിട്ട് ഡല്‍ഹി വസന്ത് കുഞ്ചിലെ 'ദ് ഗ്രാന്‍ഡ്' ഹോട്ടലിലെ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ജോലി ചെയ്തിരുന്ന പൈലറ്റ് രണ്ടു മാസം മുന്‍പാണ് എയര്‍ ഇന്ത്യയിലേക്ക് മാറിയത്. ഇന്ന് പുലര്‍ച്ചെയുള്ള ഒരു വിമാനം നിയന്ത്രിക്കേണ്ടിയിരുന്നത് ഇദ്ദേഹമായിരുന്നു. പൈലറ്റിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ എയര്‍ ഇന്ത്യ മാനേജ്‌മെന്റ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും സഹായങ്ങളും ഉറപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും സംഭവത്തില്‍ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























