ഫ്‌ലൈ ദുബായ് ക്യാപ്റ്റന്‍ സ്മിത് മച്ചാറുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി

സഹപൈലറ്റിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടും യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ പോരാടിയ ഫ്‌ലൈ ദുബായ് ക്യാപ്റ്റന്‍ സ്മിത് മച്ചാറുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തനിക്ക് മാരകമായി പരിക്കേറ്റെങ്കിലും യാത്രക്കാരെ അപകടത്തിലേക്ക് വിട്ടുകൊടുക്കാന്‍ കഴിയുമായിരുന്നില്ലെന്ന് മച്ചാര്‍ പ്രധാനമന്ത്രിയോട് പറഞ്ഞു.
ആക്രമണത്തിന് ശേഷം ശരീരത്തില്‍ നിറയെ മുറിവുകളുമായി അവശനിലയിലുള്ള മച്ചാറിന്റെ ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇന്ത്യക്കാരനായ പൈലറ്റിന്റെ ചെറുത്തുനില്പാണ് 170ഓളം യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമായത്. മച്ചാറിന്റെ ധൈര്യത്തെയും സമയോചിതമായ ഇടപെടലിനെയും പ്രശംസിച്ച മോദി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായും സംസാരിച്ചു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും അദ്ദേഹത്തിന്റെ ധൈര്യത്തെ അഭിനന്ദിച്ചിരുന്നു.
'നിങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റ് മരണത്തിനും ജീവിതത്തിനുമിടയില്‍ പോരാടുകയായിരുന്നു. എന്നിട്ടും, നിങ്ങള്‍ നിങ്ങളുടെ ജീവന്‍ പരിഗണിച്ചില്ല, എല്ലാ യാത്രക്കാരുടെയും ജീവന്‍ പരിഗണിച്ചു. 140 കോടി ഇന്ത്യക്കാരുടെ അഭിമാനം നിങ്ങള്‍ ഉയര്‍ത്തി. 'ക്യാപ്റ്റന്‍ മച്ചാറിനോട് മോദി പറഞ്ഞു.
'ഞാന്‍ 17 വര്‍ഷമായി വിമാനങ്ങള്‍ പറത്തുന്നു. കഴിഞ്ഞ 11 വര്‍ഷമായി ക്യാപ്റ്റനായി സേവനമനുഷ്ഠിക്കുന്നു. കണ്ണുകള്‍ അടച്ചിരിക്കുമ്പോള്‍ പോലും വിമാനത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് കൃത്യമായി മനസിലാക്കാന്‍ കഴിയും. ആക്രമണത്തില്‍ എനിക്ക് ഒരുപാട് മുറിവുകളുണ്ടായിരുന്നു, ഞാന്‍ താഴെ വീണുപോയി. പക്ഷേ ഞാന്‍ ഒന്നും ചെയ്തില്ലെങ്കില്‍ യാത്രക്കാര്‍ മരിക്കുമെന്ന് തിരിച്ചറിഞ്ഞ ഒരു നിമിഷം ഉണ്ടായിരുന്നു. വിമാനം കുത്തനെ താഴേക്ക് വീഴുന്നതായി എനിക്ക് അനുഭവപ്പെട്ടു, എങ്ങനെയോ കോക്ക്പിറ്റിന്റെ വാതില്‍ തുറക്കാന്‍ കഴിഞ്ഞു' നിറകണ്ണുകളോടെ മച്ചാര്‍ പറഞ്ഞു.
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പോയ ഫ്‌ലൈദുബായ് എഫ്ഇസഡ് 1073 വിമാനത്തിലായിരുന്നു മച്ചാര്‍ ആക്രമിക്കപ്പെട്ടത്. 170ലധികം യാത്രക്കാരുമായി പറന്ന വിമാനം ഒമാന്‍ സ്വദേശിയായ സഹപൈലറ്റ് തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന് കുത്തേറ്റത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ മച്ചാറിന് ആദ്യം സൗദിയിലാണ് ചികിത്സ നല്‍കിയത്. പിന്നീട് അദ്ദേഹത്തെ എയര്‍ ലിഫ്റ്റ് ചെയ്ത് ദുബായിലേക്ക് മാറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha

























