മരിച്ച സൈനികന്റെ ഭൗതികശരീരവും വഹിച്ച് ജന്മനാട്ടിലേക്ക് മടങ്ങിയ ആംബുലൻസ്.. ട്രക്കിലേക്ക് ഇടിച്ചുകയറി നാലുപേർക്ക് ദാരുണാന്ത്യം...ഒരു കുടുംബത്തിലെ മുഴുവൻ പുരുഷന്മാരുടെ ജീവനാണ് കവർന്നെടുത്തത്...

ഒറ്റയടിക്ക് ഒരുകുടുംബത്തിലെ മുഴുവൻ പുരുഷൻമാരുടെയും ജീവൻ നഷ്ടപ്പെട്ടു. മരിച്ച സൈനികന്റെ ഭൗതികശരീരവും വഹിച്ച് ജന്മനാട്ടിലേക്ക് മടങ്ങിയ ആംബുലൻസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഇടിച്ചുകയറി നാലുപേർക്ക് ദാരുണാന്ത്യം. പൂർവാഞ്ചൽ എക്സ്പ്രസ് വേയിലുണ്ടായ ദാരുണാപകടത്തിൽ കൊല്ലപ്പെട്ടവരിൽ സൈനികന്റെ മകനും സഹോദരനും അനന്തരവനും വാഹനത്തിന്റെ ഡ്രൈവറുമാണ് ഉൾപ്പെടുന്നത്. ചണ്ഡിഗഡിൽനിന്ന് ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിലേക്ക് പോകുകയായിരുന്ന ആംബുലൻസാണ് ഞായറാഴ്ച അതിരാവിലെ ദുരന്തത്തിൽപ്പെട്ടത്.
ദിയോറിയ ജില്ലയിലെ രുദ്രാപുർ ഗാലിയ ദുധൈല്ല സ്വദേശിയായ സുബേദാർ മേജർ സത്യവാന്റെ മൃതദേഹം വഹിച്ച് വരികയായിരുന്ന വാഹനമാണ് അപകടത്തിൽ തകർന്നടിഞ്ഞത്. അയോധ്യ-സുൽത്താൻപുർ അതിർത്തിക്ക് സമീപമുള്ള ഹാലിയാപ്പുർ മേഖലയിൽ 79.6-ാം കിലോമീറ്റർ പോയിന്റിനടുത്തുവെച്ച് ഞായറാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം.അമിതവേഗതയിലായിരുന്ന ആംബുലൻസ് പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ട്രക്കിന് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണ്ണമായും തകർന്നു. സൈനികന്റെ മകൻ ഗൗരവ് സിങ് (28), ഡ്രൈവർ ജസ്പാൽ (30) എന്നിവർ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സഹോദരൻ രാജൻ ചൗധരി (35), അനന്തരവൻ റാം സമുജ് സിങ് (40)എന്നിവരെ അയോധ്യയിലെ പിത്ല-കുമാർഗഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.ആംബുലന്‍സിന്‍റെ മുൻപിലെ സീറ്റില്‍ ഡ്രൈവര്‍ക്കൊപ്പമായിരുന്നു ഗൗരവും ഇരുന്നിരുന്നത്. ഡ്രൈവറുടെ മൃതദേഹം ഗ്യാസ് കട്ടർ ഉപയോഗിച്ച് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
ആംബുലൻസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം, ആംബുലൻസ് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.ഡിയോറിയയിലെ രുദ്രാപൂർ സ്വദേശിയായ സുബേദാർ മേജർ സത്യവാൻ സിങ് മീററ്റിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ചണ്ഡീഗഡിലെ കമാൻഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. മൂന്ന് ദിവസം മുമ്പ് പഞ്ച്കുളയിൽ വച്ചാണ് അദ്ദേഹം മരിച്ചത്.
അപകടവിവരം അറിഞ്ഞ ഉടൻ തന്നെ പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച ഉദ്യോഗസ്ഥര്‍ ചുറ്റുമുള്ള പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.സൈനികന്റെ അവസാനയാത്രയ്ക്കിടെയുണ്ടായ ദുരന്തം ഒരു കുടുംബത്തിലെ മുഴുവൻ പുരുഷന്മാരുടെ ജീവനാണ് കവർന്നെടുത്തത്.
https://www.facebook.com/Malayalivartha


























