ഥാര്‍ വാങ്ങാന്‍ ബന്ധുവീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച 19 കാരന്

ആഡംബര വാഹനം വാങ്ങാന്‍ ബന്ധുവിന്റെ വീട്ടില്‍ നിന്ന് 21 പവന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച 19 കാരന് പിടിയില്‍. മഹാരാഷ്ട്രയിലെ കൊലാപൂര്‍ ജില്ലയിലാണ് സംഭവം. സമര് ചവാനെന്ന യുവാവാണ് അറസ്റ്റിലായത്. മോഷ്ടിച്ച സ്വര്‍ണം വാങ്ങിയ ജ്വല്ലറി ഉടമയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മാവനായ ഉമേഷ് മറുതി ചവാന്റെ വീട്ടില്‍ നിന്നായിരുന്നു യുവാവ് കവര്‍ച്ച നടത്തിയത്. ഏകദേശം ഒരുമാസം മുമ്പായിരുന്നു ഉമേഷിന്റെ വീട്ടില്‍ നിന്നും ആഭരണങ്ങള്‍ നഷ്ടപ്പെട്ടത്.
10 ലക്ഷം രൂപയ്ക്ക് ആഭരണങ്ങള്‍ വിറ്റതായും തുടര്‍ന്ന് ആ പണം ഉപയോഗിച്ചാണ് മഹീന്ദ്ര ഥാര്‍ യുവാവ് വാങ്ങിയതെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പുതിയ വാഹനം വീട്ടിലെത്തിച്ച ശേഷം പൂജയ്ക്കായി സമര് അമ്മാവനെയും ക്ഷണിച്ചിരുന്നു. എന്നാല്‍ പൂജയ്ക്ക് ധരിക്കാന്‍ ആഭരണങ്ങള്‍ എടുക്കാന്‍ നോക്കിയപ്പോഴാണ് ഉമേഷിന് സ്വര്‍ണം നഷ്ടപ്പെട്ട കാര്യം മനസിലായത്.
ഉമേഷിന്റെ മുത്തശ്ശിയുടെ ആഭരണങ്ങള്‍ സമീപത്തുണ്ടായിരുന്നിട്ടും അവ മോഷണം പോയിരുന്നില്ല. ഉമേഷിന്റെയും ഭാര്യയുടെയും ആഭരണങ്ങള്‍ മാത്രമാണ് നഷ്ടമായത്. ഇതോടെ വീട്ടുകാരുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമാകാം മോഷണത്തിന് പിന്നിലെന്ന സംശയം ബലപ്പെട്ടു. രണ്ടുദിവസം മുമ്പ് ഉമേഷ് കൊഡോളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി.
തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെ സമര് പെട്ടെന്ന് പുതിയ വാഹനം വാങ്ങിയതും അതിനുള്ള പണം എങ്ങനെ കണ്ടെത്തിയെന്നതും പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. അന്വേഷണം പുരോഗമിച്ചേതാടെ സമര് മോഷണം നടത്തിയതായി സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha























