ഏഴ് സംസ്ഥാനങ്ങളിൽ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായ വോട്ടർമാരെ അന്തിമ പട്ടികയിൽ ചേർക്കാൻ വീണ്ടും അവസരം

എസ്.ഐ.ആർ നടപടിയെ തുടർന്ന് ഏഴ് സംസ്ഥാനങ്ങളിൽ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായ വോട്ടർമാരെ അന്തിമ പട്ടികയിൽ ചേർക്കാൻ വീണ്ടും അവസരം. സുപ്രീംകോടതി നിർദ്ദേശത്തെ തുടർന്നാണിത്. ഇതിനായി എന്യൂമറേഷൻ ഫോം നൽകും. എസ്.ഐ.ആർ നടക്കുന്ന ഡൽഹി, മഹാരാഷ്ട്ര, ഹരിയാന, ആന്ധ്രാപ്രദേശ്, ജാർഖണ്ഡ്, തെലങ്കാന, നാഗലാൻഡ് സംസ്ഥാനങ്ങളിൽ ഹാജരാകാത്തവർ, സ്ഥലംമാറിപ്പോയവർ, മരിച്ചവർ, ഇരട്ടിപ്പ് എന്നീ കാരണങ്ങളാൽ(എ.എസ്.ഡി.ഡി) പുറത്തായവർക്കാണ് അവസരമുണ്ടാകുക. സമയപരിധി നിശ്ചയിച്ചിട്ടില്ല.
എന്യൂമറേഷൻ ഫോം കൈപ്പറ്റിയ ശേഷം തിരികെ നൽകാത്തതിനാൽ കരട് വോട്ടർ പട്ടികയിൽ നിന്ന് പുറത്തായ വോട്ടർമാരെ ബി.എൽ.ഒമാർ വഴി ബന്ധപ്പെട്ട് വീണ്ടും എന്യുമറേഷൻ ഫോം നൽകും.
ഇത് പൂരിപ്പിച്ച് ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്കോ അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്കോ സമർപ്പിക്കാവുന്നതാണ്. ആവശ്യമായ മാറ്റങ്ങൾ ഇ.സി.ഐ നെറ്റ് ആപ്പിലും വരുത്തും. ഇതിനകം ഫോം 6 സമർപ്പിച്ചവർ വീണ്ടും എന്യൂമറേഷൻ ഫോം സമർപ്പിക്കേണ്ടതില്ല.
അതേസമയം ആരെയും ഒഴിവാക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു. പഴയ സ്ഥലത്ത് താമസം തുടരുന്നവർ നേരത്തെ എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകാതിരുന്നതിന്റെ കാരണം വ്യക്തമാക്കേണ്ടതാണ്. ഒരേ സംസ്ഥാനത്ത് തന്നെ തുടരുന്നവരും അസംബ്ളി മണ്ഡലം മാറിയവരും പുതിയ വിലാസം തെളിയിക്കുന്ന രേഖകൾ സമർപ്പിക്കുകയും വേണം.
എ.എസ്.ഡി.ഡിക്കാരുടെ പട്ടിക പോളിംഗ് സ്റ്റേഷനുകൾ, പഞ്ചായത്ത് ഭവനുകൾ, നഗര തദ്ദേശ സ്വയംഭരണ സ്ഥാപന ഓഫീസുകൾ, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസുകൾ എന്നിവിടങ്ങളിൽ വീണ്ടും പ്രദർശിപ്പിക്കാനും ചീഫ് ഇലക്ടറൽ ഓഫീസർമാരുടെ വെബ്‌സൈറ്റുകളിൽ പി.ഡി.എഫ് ഫോർമാറ്റിൽ പ്രസിദ്ധീകരിക്കാനും കമ്മിഷൻ നിർദ്ദേശിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























