പെരുമ്പാവൂർ കോടനാട് അഭയാരണ്യത്തിൽ രോഗബാധിതയായി കഴിഞ്ഞ ആനക്കുട്ടി ‘മായ’ വിദഗ്ധ ചികിത്സയ്ക്കായി വൻതാരയിലേക്ക്...

പെരുമ്പാവൂർ കോടനാട് അഭയാരണ്യത്തിൽ രോഗബാധിതയായി കഴിഞ്ഞ ആനക്കുട്ടി ‘മായ’യെ വിദഗ്ധ ചികിത്സക്ക് ഗുജറാത്തിലെ ജാംനഗറിലുള്ള വൻതാരയിലേക്ക് കൊണ്ടുപോയി.വൻതാര ഫൗണ്ടേഷൻ ചാർട്ടർ ചെയ്ത പ്രത്യേക വിമാനത്തിലായിരുന്നു യാത്ര.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സിയാൽ എയർ കാർഗോ വിഭാഗമാണ് യാത്രാ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. വെള്ളിയാഴ്ച ഉച്ച 1.30ഓടെ ആഭ്യന്തര കാർഗോ ടെർമിനലിൽനിന്ന് വിമാനം പുറപ്പെട്ടു. പ്രത്യേകം സജ്ജീകരിച്ച കൂട്ടിലാണ് ആനക്കുട്ടിയെ വിമാനത്തിൽ കയറ്റിയത്. വനം വകുപ്പിന്റെ പ്രത്യേക സംഘം മായയെ അനുഗമിക്കുകയും ചെയ്തിട്ടുണ്ട്. സിയാൽ ഡയറക്ടർ ജി. മനു, കാർഗോ വിഭാഗം മേധാവി സതീഷ് ജെ. പൈ എന്നിവർ ആഭ്യന്തര കാർഗോ ടെർമിനലിലെത്തി ക്രമീകരണങ്ങൾ വിലയിരുത്തുകയും ചെയ്തു.
ജനിച്ച് തൊട്ടുപിറ്റേന്ന് കൂട്ടംതെറ്റി ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ മായയെ വനംവകുപ്പാണ് കോടനാട് കപ്രിക്കാട് അഭയാരണ്യത്തിൽ വളർത്തിയത്. എന്നാൽ, 2026 ജൂലൈയിലുണ്ടായ വീഴ്ചയിൽ തോളിന് ഗുരുതര പരിക്കേറ്റു.
തുടർന്ന് ‘ഓസ്റ്റിയോ പീനിയ’ എന്ന അസ്ഥിക്ഷയ രോഗം കാരണം നില ഗുരുതരമാകുകയായിരുന്നു. നിരന്തര ചികിത്സ നൽകിയിട്ടും സ്വന്തമായി എഴുന്നേറ്റ് നിൽക്കാനായി സാധിക്കാത്തതിനാൽ വനംവകുപ്പിന്റെ മെഡിക്കൽ ബോർഡ് ഒക്ടോബർ അവസാനത്തോടെ ദയാവധത്തിന് ശിപാർശ ചെയ്തിരുന്നു. എന്നാൽ, അവസാന ശ്രമമെന്ന നിലയിൽ വിദഗ്ധ ചികിത്സ ഉറപ്പാക്കാനായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ വൻതാരയുടെ സഹായം തേടുകയായിരുന്നു.
എക്സ്റേയും മെഡിക്കൽ റിപ്പോർട്ടുകളും പരിശോധിച്ച വൻതാരയിലെ വിദഗ്ധ ഡോക്ടർമാർ, മാറ്റിയെടുക്കാവുന്ന പാരാ തൈറോയ്ഡ് സംബന്ധമായ രോഗമാണിതെന്ന് വിലയിരുത്തുകയും ചെയ്തു.
തുടർന്നാണ് അങ്ങോട്ട് മാറ്റാനായി തീരുമാനിച്ചത്. വൻതാരയിൽ അത്യാധുനിക സംവിധാനങ്ങളാണ് മായയ്ക്കായി ഒരുക്കിയത്. ആരോഗ്യം വീണ്ടെടുത്ത ശേഷം തിരികെ കേരളത്തിൽ എത്തിക്കുമെന്നാണ് ധാരണയുള്ളത്.
https://www.facebook.com/Malayalivartha

























