ഭാര്യയെ കൊലപ്പെടുത്തി വിവസ്ത്രയാക്കി കരിമ്പിന് തോട്ടത്തില്‍ ഉപേക്ഷിച്ച ഭര്‍ത്താവ് അറസ്റ്റില്‍

പഞ്ചാബില്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വിവസ്ത്രയാക്കി കരിമ്പിന് തോട്ടത്തില്‍ ഉപേക്ഷിച്ച കുടിയേറ്റത്തൊഴിലാളി അറസ്റ്റില്‍. കൊലപാതകം ബലാത്സംഗശ്രമത്തിനിടെ നടന്നതാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു പ്രതിയുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം, റുബീനയെ കാണാനില്ലെന്ന് പ്രതി ബിഹാറിലെ കട്ടിഹാര്‍ സ്വദേശിയായ ഭാര്യാസഹോദരന്‍ സൊഹൈല്‍ അലിയെ വിളിച്ചറിയിച്ചിരുന്നു.
ബംഗാളിലെ മാള്‍ഡ സ്വദേശിയായ ജഹാദുര് ഇസ്ലാം ആണ് ഭാര്യ റുബീന ഖാത്തൂനെ കൊലപ്പെടുത്തിയത്. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. മുകേരിയനിലെ മദീന്പൂര് ഗ്രാമത്തില്‍ അഴുക്കുചാലുകള്‍ വൃത്തിയാക്കുന്ന ജോലി ചെയ്തുവരികയായിരുന്നു ദമ്പതികള്‍. റുബീനയുടെ സ്വഭാവത്തില്‍ സംശയം പ്രകടിപ്പിച്ച് ജഹാദുര് ഇസ്ലാം പതിവായി വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് മുന്‍പും ഇരുവരും തമ്മില്‍ നിരന്തരം തര്‍ക്കങ്ങളുണ്ടായിരുന്നു.
കഴിഞ്ഞദിവസം ജോലി കഴിഞ്ഞ ശേഷം ജഹാദുര് ഇസ്ലാം റുബീനയെ സമീപത്തെ ഒരു കുളത്തിനടുത്തേക്കും തുടര്‍ന്ന് ഗ്രാമത്തിനടുത്തുള്ള കരിമ്പിന് തോട്ടത്തിലേക്കും കൂട്ടിക്കൊണ്ടുപോയി. അവിടെവച്ച് തോര്‍ത്തുപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. റുബീന സംഭവസ്ഥലത്തുതന്നെ മരിച്ചു.
https://www.facebook.com/Malayalivartha
























